വഴികാട്ടിയായി മെഷീനറിടെക് എക്‌സ്‌പോ
കുടുംബശ്രീ സൂക്ഷ്മസംരംഭ വികസനത്തിന്റെ ഭാഗമായി കളമശേരിയിൽ സംഘടിപ്പിച്ച ദ്വിദിന മൈക്രോ എന്റർപ്രൈസ് കോൺ ക്ലേവ് ടോക് ഷോയിൽ ഉയർന്നു കേട്ടത് പ്രതിസന്ധികളെ അതിജീവിച്ച് സംരംഭ മേഖലയിൽ വിജയം കൈവരിച്ച വനിതകളുടെ വിജയാനുഭവ കഥകൾ. നൂതനമായ സംരംഭങ്ങൾ രൂപീകരിച്ചു കൊണ്ട് കുടുംബശ്രീ സംരംഭമേഖലയെ പുതിയ തലത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. ഇതുസംരംഭക മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് പ്രചോദനവും ആത്മവിശ്വാസവും നൽകുന്നതായി.
സംരംഭം തുടങ്ങുന്നതിനുള്ള ആശയം കണ്ടെത്തിയതും സംരംഭം തുടങ്ങിയതും അത് വിജയത്തിലേക്ക് നയിക്കുന്നതിനിടയിൽ അഭിമുഖീകരിച്ച പ്രതിസന്ധികളും വനിതകൾ വിവരിച്ചു. വർഷങ്ങൾക്കു മുമ്പ് ഒരു ടി.വി പ്രോഗ്രാമിൽ വിവാഹ തട്ടിപ്പിനിരയായ ഒരു പെൺകുട്ടിയുടെ കണ്ണീരണിഞ്ഞ മുഖമാണ് കുടുംബശ്രീ മാട്രിമോണി എന്ന ആശയത്തിലേക്ക് തന്നെ നയിച്ചതെന്ന് തൃശൂരിൽ കുടുംബശ്രീ മാട്രിമോണി എന്ന സംരംഭം നടത്തുന്ന സിന്ധു ബാലൻ പറഞ്ഞു. ആലപ്പുഴ ജില്ലയിലെ മഹാലക്ഷ്മി ഗ്രൂപ്പിലെ അംഗമായ സലിലയും നാലു പേരും ചേർന്നു തുടങ്ങിയ ഉരുക്കുവെളിച്ചെണ്ണ നിർമിക്കുന്ന സംരംഭം ഇപ്പോൾ എല്ലാവർക്കും പ്രതിമാസം പതിനായിരം രൂപയിലേറെ വരുമാനം നേടാൻ കഴിയുന്ന സംരംഭമായി വളർന്നു. ടോക് ഷോയിൽ പങ്കെടുത്തവരിൽ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകയും ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിലെ ഐശ്വര്യ കുടുംബശ്രീ അംഗവുമായ ജോസ്മി ഹൈജീനിക്‌സ് സേഫ്റ്റി ക്‌ളോത്ത് നാപ്കിൻസ് എന്ന തങ്ങളുടെ സംരംഭത്തിന്റെ വിജയകഥയാണ് പറഞ്ഞത്. ഇരുപത്തിരണ്ടുകാരിയും എം.കോം ബിരുദധാരിയുമായ ജോസ്മി അമ്മയ്ക്കും മറ്റു രണ്ടു പേർക്കുമൊപ്പമാണ് സംരംഭം നടത്തുന്നത്. ആയിരത്തി അഞ്ഞൂറിലേറെ സംരംഭകരാണ് പരിപാടിയിൽ പങ്കെടുത്തത്.
കുടുംബശ്രീ നാഷണൽ റിസോഴ്‌സ് ഓർഗനൈസേഷൻ പ്രോഗ്രാം മാനേജർ പ്രിയാ പോൾ മോഡറേറ്ററായി. കുടുംബശ്രീ നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷൻ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ സി. നവീൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി.എം. റജീന എന്നിവർ സംരംഭകരെ ആദരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ എ.എസ്. ശ്രീകാന്ത് സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ ഷൈൻ.ടി.മണി നന്ദിയും പറഞ്ഞു. 'ഷീ സ്റ്റാർട്ട്‌സ്' പദ്ധതിയുടെ ഭാഗമായി അടുത്ത മൂന്നു വർഷം കൊണ്ട് സംസ്ഥാനത്ത് 1.5 ലക്ഷം സംരംഭങ്ങൾ തുടങ്ങുകയാണ് ലക്ഷ്യമെന്നും ഇതുവഴി മൂന്നു ലക്ഷത്തോളം ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് തൊഴിലും മികച്ച വരുമാനവും ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് പറഞ്ഞു. ഈ സാമ്പത്തിക വർഷം 40,000 സംരംഭങ്ങളെങ്കിലും രൂപീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടനുബന്ധിച്ചു നടന്ന കുടുംബശ്രീ മെഷീനറിടെക് എക്‌സ്‌പോയിൽ മുപ്പതോളം പ്രമുഖ മെഷീനറി നിർമാതാക്കൾ പങ്കെടുത്തു. ഉൽപാദന സേവന മേഖലകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന മെഷീനുകളും ഉപകരണങ്ങളും എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചു.






