ന്യൂദൽഹി- നോട്ടുനിരോധനത്തെ തുടർന്ന് നിരോധിത നോട്ടുകൾ ഏറ്റവും കൂടുതൽ നിക്ഷേപിച്ചത് ബി.ജെ.പി നേതാക്കൾ ഡയറക്ടർമാരായുള്ള ബാങ്കുകളിൽ. കോൺഗ്രസ് പുറത്തുവിട്ട പട്ടികയിലാണ് ഇക്കാര്യമുള്ളത്. ഏറ്റവും കൂടുതൽ നിരോധിത നോട്ടുകൾ നിക്ഷേപിച്ചത് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദിലെ കോ ഓപ്പറേറ്റീവ് ബാങ്കിലാണെന്ന് ഇന്നലെ വിവരാവകാശരേഖ പ്രകാരം വ്യക്തമായിരുന്നു. അഞ്ചു ദിവസത്തിനകം 745 കോടി രൂപയാണ് ഈ ബാങ്കിൽ നിക്ഷേപിച്ചത്. ഈ വിവരം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ബി.ജെ.പി നേതാക്കൾ ഡയറക്ടർമാരായുള്ള മറ്റു ബാങ്കുകളിലെ വിശദാംശങ്ങൾ കോൺഗ്രസ് പ്രസിദ്ധീകരിച്ചത്.
അതിനിടെ ഏറ്റവും കൂടുതൽ നിരോധിത നോട്ടുകൾ നിക്ഷേപിച്ചതിനുള്ള ഒന്നാം സ്ഥാനം നേടിയ ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായെ അഭിനന്ദിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കോടിക്കണക്കിന് ഇന്ത്യക്കാർ നോട്ടുനിരോധനം വഴി വിഷമിക്കുമ്പോഴും നേട്ടം കൈവരിച്ച താങ്കളെ അഭിനന്ദിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
അമിത് ഷായുടെ ബാങ്കിൽ നിരോധിത നോട്ടുകളുടെ വൻ ശേഖരം വന്നത് സംബന്ധിച്ച വാർത്തകൾ ഇന്നലെ ഒട്ടുമിക്ക മാധ്യമങ്ങളുടെയും ഓൺലൈനിൽ പ്രസിദ്ധീകരിച്ചെങ്കിലും അവ പിൻവലിച്ചു. ആരാണ് ഈ വാർത്തകൾ പിൻവലിക്കാൻ സമർദ്ദം ചെലുത്തിയതെന്ന ചോദ്യവും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ഉയർത്തിയിട്ടുണ്ട്.
നോട്ടുനിരോധനത്തിന് ശേഷം ഏറ്റവും കൂടുതൽ നിരോധിത നോട്ടുകളുടെ നിക്ഷേപം വന്നത് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഡയറക്ടറായ ബാങ്കിലാണ്. അഹമ്മദാബാദ് ജില്ലാ കോപ്പറേറ്റവ് ബാങ്കിലാണ് 745.59 കോടി രൂപയുടെ നിരോധിത നോട്ടുകൾ നിക്ഷേപിക്കപ്പെട്ടത്. 2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ടുനിരോധനം പ്രഖ്യാപിച്ച് അഞ്ചു ദിവസത്തിനകമാണ് ഇത്രയും നോട്ടുകൾ അമിത് ഷാ ഡയറക്ടറായ ഈ ബാങ്കിൽ നിക്ഷേപിക്കപ്പെട്ടത്. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യമുള്ളത്. കുറെ വർഷങ്ങളായി ബാങ്കിന്റെ ഡയറക്ടറാണ് അമിത് ഷാ. 2000-ത്തിൽ ഈ ബാങ്കിന്റെ ചെയർമാനുമായിരുന്നു. ഈ ബാങ്കിന്റെ 2017 മാർച്ച് 31 വരെയുള്ള നിക്ഷേപം 5,050 കോടി രൂപയാണ്. അറ്റാദായം 14.31 കോടി രൂപയും. ഗുജറാത്തിലെ ബി.ജെ.പി രാഷ്ട്രീയത്തിന്റെ കേന്ദ്രമായാണ് ഈ ബാങ്ക് സ്ഥിതി ചെയ്യുന്ന രാജ്കോട്ടിനെ കണക്കാക്കുന്നത്. 2001-ൽ ഇവിടെനിന്നാണ് മോഡി ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.