മുന്‍ ഐ.എസ് നേതാവ് അബൂബക്കര്‍ ബഗ്ദാദിയുടെ ഫാമില്‍ സ്വര്‍ണം നിറച്ച വീപ്പകള്‍

അൽ റഖ, സിറിയ - മുന്‍ ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ബഗ്ദാദി താമസിച്ചിരുന്ന ഉത്തര സിറിയയിലെ അല്‍റഖയിലെ ഫാമില്‍ സ്വര്‍ണവും അമേരിക്കന്‍ ഡോളറും നിറച്ച വീപ്പകള്‍ കണ്ടെത്തി. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സും അമേരിക്കന്‍ സേനയും നടത്തിയ സംയുക്ത റെയ്ഡിലാണ് ബഗ്ദാദിയുടെ ഫാമില്‍ സ്വര്‍ണവും പണവും ഒളിപ്പിച്ചുവെച്ച വീപ്പകള്‍ കണ്ടെത്തിയത്. ഫാമില്‍ രഹസ്യ ഒളിത്താവളമുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സും അമേരിക്കന്‍ സേനയും ഇവിടം റെയ്ഡ് ചെയ്തത്.
ശ്രദ്ധാപൂര്‍വം മറച്ച മൂന്നു രഹസ്യ മുറികള്‍ അടങ്ങിയ ഒളിത്താവളം റെയ്ഡില്‍ കണ്ടെത്തി. വലിയ അളവിലുള്ള സ്വര്‍ണവും പത്തു ലക്ഷം അമേരിക്കന്‍ ഡോളറും ഒളിപ്പിച്ചുവെച്ച നാലു വീപ്പകള്‍ ഒളിത്താവളത്തില്‍ കണ്ടെത്തി. ഒളിത്താവളത്തിന്റെ മറ്റൊരു സെക്ഷനില്‍ ആയുധങ്ങളും പണവും കണ്ടെത്തി. ഉത്തര സിറിയയില്‍ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ചാവേറാക്രമണങ്ങളും മിന്നലാക്രമണങ്ങളും നടത്താനാണ് ഈ ആയുധങ്ങളും പണവും ഐ.എസ് ഉപയോഗിച്ചിരുന്നത്.
സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെയും അമേരിക്കന്‍ സേനയുടെയും സംയുക്ത നിയന്ത്രണത്തിലുള്ള വെയര്‍ഹൗസിലേക്ക് പണവും ആയുധങ്ങളും മറ്റും നീക്കം ചെയ്തതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു. 2014 മുതല്‍ അല്‍റഖ ഐ.എസിന്റെ നിയന്ത്രണത്തിലായിരുന്നു. 2017 ല്‍ അന്താരാഷ്ട്ര സഖ്യസേനയുടെ ശക്തമായ സൈനിക ഓപ്പറേഷനിലൂടെയാണ് ഐ.എസിനെ പരാജയപ്പെടുത്തിയത്.

 

Latest News