ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി 12 കാരനെ കൊലപ്പെടുത്തിയ കേസില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

കോഴിക്കോട് - കൊയിലാണ്ടിയില്‍ 12 വയസുകാരനെ പിതൃ സഹോദരി ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. നാളെ തന്നെ ഇത് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സമര്‍പ്പിക്കാനാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കൊയിലാണ്ടി അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് (12) കഴിഞ്ഞ ദിവസം മരിച്ചത്. ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദിയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. ഐസ്‌ക്രീമില്‍ വിഷം കലര്‍ന്നതാണെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ പിതൃ സഹോദരി താഹിറയെ (38)  പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ ഉമ്മയെ കൊല്ലാന്‍ വേണ്ടിയാണ് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയതെന്നും കുട്ടി അബദ്ധത്തില്‍ ഇത് കഴിക്കുകയായിരുന്നുവെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. അരിക്കുളത്തെ കടയില്‍ നിന്നും വാങ്ങിയ ഫാമിലി പാക്ക് ഐസ്‌ക്രീമിലാണ് താഹിറ വിഷം ചേര്‍ത്തത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് താഹിറയുടെ പങ്കിനെക്കുറിച്ച് വ്യക്തമായതും ഇവരെ അറസ്റ്റ് ചെയ്തതും.

 

 

 

 

 

 

 

Latest News