Sorry, you need to enable JavaScript to visit this website.

മന്ത്രി ട്വീറ്റ് ചെയ്ത വയോധികയുടെ വീഡിയോക്ക് തിരുത്തുമായി അധികൃതര്‍

നബരംഗ്പൂര്‍- പെന്‍ഷന്‍ വാങ്ങാനായി വയോധിക കസേരയില്‍ പിടിച്ചുകൊണ്ട് ബാങ്കിലേക്ക് നടന്നു പോകുന്നവെന്ന വൈറല്‍ വീഡിയോ നിഷേധിച്ച് അധികൃതര്‍. വയോധിക മകളുടെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് നടന്നുപോയതാണെന്ന്  വീട്ടുകാരും ജില്ലാ അധികൃതരും പറഞ്ഞു.
ഒഡീഷയിലെ ജരിഗാവ് ഗ്രാമത്തിലായിരുന്നു സംഭവം. സൂര്യോ ഹരിജന്‍ എന്ന സ്ത്രീ പൊളിഞ്ഞ കസേരയില്‍ പിടിച്ചുകൊണ്ട്  ചെരിപ്പ് പോലുമില്ലാതെ റോഡിലൂടെ നടന്നുപോകുന്ന ദയനീയ വീഡിയോ വൈറലായിരുന്നു.
വീഡിയോ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് വിവാദം സൃഷ്ടിച്ചുവെന്ന് നബരംഗ്പൂര്‍ കലക്ടറും ജില്ലാ മജിസ്‌ട്രേറ്റുമായ കമല്‍ ലോചന്‍ മിശ്ര പറഞ്ഞു.
സ്ത്രീ മകളുടെ വീട്ടില്‍ നിന്ന് വരികയായിരുന്നു എന്നതാണ് സത്യം. ഞങ്ങളുടെ ബ്ലോക്ക് സോഷ്യല്‍ സെക്യൂരിറ്റി ഓഫീസറും പ്രോഗ്രാം അസിസ്റ്റന്റും ചേര്‍ന്ന് സ്ത്രീയെ സര്‍ക്കാര്‍ വാഹനത്തില്‍ എസ്ബിഐ ബ്രാഞ്ചില്‍ കൊണ്ടുപോയി തിരികെ വീട്ടിലെത്തിക്കുകയായിരുന്നു- കലക്ടര്‍ പറഞ്ഞു.
മുത്തശ്ശി ബന്ധുവിന്റെ വീട്ടില്‍ നിന്ന് വരികയായിരുന്നുവെന്നും ബാങ്കിലേക്കല്ലെന്നും സൂര്യോ ഹരിജന്റെ ചെറുമകള്‍ തനൂജ ഹരിജന്‍ പറഞ്ഞു.
ഏപ്രില്‍ 14 ന്, സൂര്യോ ഹരിജന്‍ മകളുടെ വീട്ടില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയുള്ള ബനുഗുഡ ഗ്രാമത്തിലേക്ക് പോകുകയായിരുന്നു. മറ്റ് യാത്രാ മാര്‍ഗങ്ങളില്ലാത്തതിനാലാണ് അവര്‍ നടന്നത്.  ചില നാട്ടുകാരാണ് വീഡിയോ സൃഷ്ടിച്ചത്.
അടുത്ത ദിവസം, ഏപ്രില്‍ 15 ന് ഞങ്ങള്‍ അവരുടെ വീട്ടില്‍ പോയി ജരിഗാവിലെ പ്രധാന എസ്ബിഐ ബ്രാഞ്ചിലേക്ക് കൊണ്ടുപോയി. ഏപ്രില്‍ 17 ന് ഞങ്ങള്‍ വീണ്ടും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ക്കും പ്രാദേശിക എംഎല്‍എക്കും ഒപ്പം അവളുടെ വീട്ടിലെത്തി വീല്‍ചെയര്‍ നല്‍കുകയും ചെയ്തുവെ്‌ന് ജരിഗമിലെ ബ്ലോക്ക് സാമൂഹിക സുരക്ഷാ ഓഫീസര്‍ പാര്‍ത്ഥജിത്ത് മൊണ്ടലു പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്നും വൃദ്ധ മകളുടെ വീട്ടില്‍ നിന്ന് പോകുകയായിരുന്നുവെന്നും ബാങ്ക് ശാഖയിലേക്കല്ലെന്നും എസ്ബിഐ ബ്രാഞ്ച് മാനേജര്‍ അനില്‍ കുമാര്‍ മെഹറും പറഞ്ഞു.
റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന്, വീഡിയോ ട്വീറ്റ് ചെയ്ത കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആശങ്ക പ്രകടിപ്പിക്കുകയും അധികാരികളോട് മനുഷ്യത്വപരമായി പ്രവര്‍ത്തിക്കാനും വൃദ്ധയെ സഹായിക്കാനും അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

 

Latest News