എറണാകുളം- പ്രധാനമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ച കത്തിലെ കയ്യക്ഷരം കുടുംബത്തോട് ശത്രുതയുള്ള ഒരാളുടേതാണെന്നും ഇയാളെ അറിയാമെന്നും കത്തിൽ പേരുള്ള ജോസഫ് ജോൺ നടുമുറ്റത്തിന്റെ മകൾ. രണ്ട് ദിവസമായി പോലീസ് വന്ന് കാര്യങ്ങൾ തിരക്കുന്നുണ്ടെന്നും കത്തിലെ കയ്യക്ഷരം അറിയാമെന്നും ജോസഫിന്റെ മകൾ വ്യക്തമാക്കി. ആ കത്ത് എഴുതിയത് എന്റെ അച്ഛനല്ല. എഴുതിയ ആളുടെ പേര് വെളിപ്പെടുത്തുന്നില്ല. അച്ഛൻ അങ്ങനെ എഴുതേണ്ട കാര്യമില്ല, അങ്ങനെ പ്രധാനമന്ത്രിയെ കൊല്ലുമെന്ന് പറഞ്ഞിട്ട് എന്ത് കിട്ടാനാണ്. അച്ഛൻ ഒരു സീനിയർ സിറ്റിസൺ ആണ്. ശത്രുതയുള്ളവർ ഇഷ്ടംപോലെയുണ്ട്. തീർച്ചയായും ഇത് കണ്ടുപിടിക്കണം. ഒരു നിരപരാധിയെ ഇങ്ങനെ ക്രൂശിക്കുന്നത് ശരിയല്ല. കയ്യക്ഷരം വച്ച് ആരാണ് എഴുതിയതെന്ന് തനിക്കറിയാം. പേര് പറയാൻ താൽപര്യമല്ല. അത് പോലീസ് തന്നെ പറയണം. ബന്ധുവല്ല, അടുത്ത പ്രദേശത്തുള്ള ആളാണ്. ഇയാൾക്ക് ശത്രുതയുള്ളയാളുകൾക്ക് കത്തെഴുതുക എന്നാണ് ഇയാളുടെ പതിവ്. ഇയാൾ അച്ഛനുമായി കഴിഞ്ഞ ആഴ്ച പ്രശ്‌നമുണ്ടാക്കിയിരുന്നു.
കഴി!ഞ്ഞ ആഴ്ച അച്ഛനുമായി പ്രശ്‌നമുണ്ടായിരുന്നു. അന്ന് തനിക്ക് കാണിച്ചു തരാമെന്ന് അയാൾ പറഞ്ഞിരുന്നു. അതിന്റെ ബാക്കിയായിട്ടായിരിക്കും ഈ കത്തെഴുതി അങ്ങോട്ട് അയച്ചത്. പോലീസിനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. ചെയ്യാത്ത കാര്യത്തിലുള്ള ആരോപണത്തിലുള്ള സങ്കടത്തിലാണ് അദ്ദേഹം. ചെയ്യാത്ത കാര്യമായതുകൊണ്ട് ഞങ്ങൾക്ക് പേടിയില്ല. എന്തായാലും കുടുംബം ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നും മകൾ പറഞ്ഞു.
നേരത്തെ ജോസഫ് ജോണും താൻ കത്തെഴുതിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. കുടുംബത്തിലെ തർക്കമാണ് തന്റെ പേരിൽ പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്തെഴുതാൻ പ്രേരണയായതെന്നു സംശയിക്കുന്നതായാണ് ജോണി ജോസഫ് പറഞ്ഞത്. കുടുംബ യൂണിറ്റിൽ തർക്കമുണ്ടായപ്പോൾ, ജോണിച്ചേട്ടാ പണി തരും എന്ന് ഇയാൾ ഭീഷണി മുഴക്കിയിരുന്നു. അതിനു മുമ്പും ഇയാളുമായി പ്രശ്‌നമുണ്ടായിരുന്നെന്ന് ജോണി പറഞ്ഞു.
കത്തിൽ തന്റെ പേരും ഫോൺ നമ്പറുമാണ് വച്ചിട്ടുള്ളത്. ഈ നമ്പർ താൻ കുറെക്കാലമായി ഉപയോഗിക്കുന്നില്ല. പോലീസിനെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. താൻ ആർക്കും ഇതുവരെ പോസ്റ്റ് കാർഡിൽ കത്ത് എഴുതിയിട്ടില്ല. കൈയക്ഷരവും പോലീസിനെ കാണിച്ചെന്ന് ജോണി പറഞ്ഞു.സംശയിക്കുന്നയാളുടെ കൈയക്ഷരം തന്നെയാണ് കത്തിലുള്ളതെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് ജോണി പറഞ്ഞു.
ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. കത്ത് ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് ഇന്റലജൻസ് എ.ഡി.ജി.പിയ്ക്ക് കൈമാറി. കത്തിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി നാളെ വൈകുന്നേരമാണ് പ്രധാന മന്ത്രി കൊച്ചിയിലെത്തുന്നത്.






