Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാരുണ്യം നിറഞ്ഞ ഹൃദയം നിലച്ചു; ദമാം പ്രവാസലോകത്തിന് പ്രിയപ്പെട്ട സനു മഠത്തിൽ വിടവാങ്ങി

ദമാം- നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, ദല്ല മേഖല പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകനുമായ സനു മഠത്തിൽ (48)അപ്രതീക്ഷിതമായി വിട വാങ്ങിയത് ദമാമിലെ പ്രവാസലോകത്തെ ഞെട്ടിച്ചു. ദമാം കോദറിയയിലെ  താമസസ്ഥലത്തു പെരുന്നാൾ ദിവസം രാത്രി ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചാണ് അദ്ദേഹം മരണമടഞ്ഞത്. 
കഴിഞ്ഞ 16 വർഷത്തോളമായി പ്രവാസിയായ സനു, ദല്ലയിലെ ഒരു ടയർ വർക്‌സ്‌ഷോപ്പ് കമ്പനിയിൽ ജോലി നോക്കി വരികയായിരുന്നു. സുഹൃത്തുക്കളുമൊത്തു പെരുന്നാൾ ആഘോഷിച്ച ശേഷം പാതിരാത്രിയോടെ തിരികെ റൂമിൽ എത്തി ഉറങ്ങാൻ കിടന്നു. രാവിലെ കട തുറക്കുന്ന സമയമായിട്ടും വരാത്തത് കൊണ്ടു സഹപ്രവർത്തകർ അന്വേഷിച്ചു വന്നു വാതിൽ തട്ടിയിട്ടും തുറന്നില്ല. സംശയം തോന്നിയ അവർ സനുവിന്റെ അമ്മാവനായ രാമചന്ദ്രനെ വിവരം അറിയിച്ചു. അവർ എത്തി മുറി തുറന്നു കയറി നോക്കിയപ്പോൾ, കിടക്കയിൽ ചലനമറ്റു കിടക്കുകയായിരുന്നു. സ്‌പോൺസർ അറിയിച്ചത് അനുസരിച്ചു പോലീസും ആംബുലൻസും എത്തി. ഡോക്ടർ പരിശോധിച്ചപ്പോഴാണ് മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരിച്ചത്. 

തിരുവനന്തപുരം കടയ്ക്കൽ അയിരക്കുഴി സ്വദേശിയായ സനു മഠത്തിൽ, നാട്ടിൽ സി.പി.ഐയുടെ സജീവപ്രവർത്തകനായിരുന്നു. വിദ്യാഭ്യാസകാലത്തു എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് എന്നിവയിലൂടെ പ്രവർത്തിച്ചാണ് രാഷ്ട്രീയത്തിൽ എത്തിയത്. കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥയാണ് അദ്ദേഹത്തെ സൗദി പ്രവാസിയാക്കിയത്.

നവയുഗത്തിന്റെ ആദ്യകാലം മുതൽ നേതൃത്വനിരയിൽ പ്രവർത്തിച്ച സനു മികച്ച സംഘടകപാടവം കൊണ്ട് കിഴക്കൻ പ്രവിശ്യയുടെ സാമൂഹ്യ,സാംസ്‌ക്കാരിക,ജീവകാരുണ്യ രംഗങ്ങളിൽ സജീവസാന്നിധ്യമായി മാറി. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ദല്ല മേഖലയിൽ നട്ടെല്ല് സനുവിന്റെ പ്രവർത്തനങ്ങളായിരുന്നു. തൊഴിൽ പ്രശ്‌നങ്ങളാലും, രോഗം മൂലവും വലഞ്ഞ ഒട്ടേറെ പ്രവാസികളാണ് സനുവിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്. സ്വന്തം വരുമാനത്തിൽ നിന്നും പണം ചിലവാക്കി മറ്റുള്ളവരെ സഹായിക്കാൻ ഒരിയ്ക്കലും മടിയ്ക്കാത്ത സനു മഠത്തിൽ, നിറഞ്ഞ പുഞ്ചിരിയും, ഊഷ്മളമായ പെരുമാറ്റവും കൊണ്ട് വലിയൊരു സുഹൃത്ത് വലയവും സമ്പാദിച്ചിരുന്നു.

അയിരക്കുഴി മഠത്തിൽ വീട്ടിൽ പരേതനായ സഹദേവൻ പിള്ളയുടെയും, രാധാമണി അമ്മയുടെയും മകനാണ്. മിനിയാണ് സനുവിന്റെ ഭാര്യ. 
പ്ലസ് ടൂ വിദ്യാർത്ഥിയായ മൃദുൽ മകനാണ്. 

സനുവിന്റെ അകാലചരമത്തിൽ നവയുഗം കേന്ദ്രകമ്മിറ്റിയും, വിവിധ മേഖല കമ്മിറ്റികളും അഗാധമായ ദുഃഖം രേഖപ്പെടുത്തി. സ്വന്തം കാര്യത്തേക്കാൾ അന്യരുടെ നന്മയ്ക്കായി ജീവിച്ച സനുവിന്റെ വിയോഗം സൗദിയിലെ പ്രവാസലോകത്തിനു വലിയ നഷ്ടമാണ് വരുത്തിയിരിയ്ക്കുന്നതെന്നും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും നവയുഗം  കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. ദമ്മാം സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിയ്ക്കുന്ന മൃതദേഹം നാട്ടിലേയ്ക്ക്  അയയ്ക്കാനുള്ള നിയമനടപടികൾ നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
 

Latest News