തെളിഞ്ഞ കാലാവസ്ഥയില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍ അവിസ്മരണീയമായി

ദോഹ- ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍ അവിസ്മരണീയമാക്കി ഖത്തര്‍. ഫിഫ ലോകകപ്പിന്റെ ഐതിഹാസികമായ വിജയവും ടൂറിസംരംഗത്തെ ആശാവഹമായ മുന്നേറ്റവും കണക്കിലെടുത്ത് അത്യാകര്‍ഷകമായ പരിപാടികളാണ് ഈദുല്‍ ഫിത്വറിനായി ഖത്തര്‍ ഒരുക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാര്‍ക്കുകളൊക്കെ ആഘോഷങ്ങള്‍ക്കായി പ്രത്യേകം സജ്ജീകരിച്ചിരുന്നു. കോര്‍ണിഷിലെ മിന ഡിസ്ട്രിക്റ്റും കതാറയും സൂഖ് വാഖിഫും അല്‍ വക്ര സൂഖും ലുസൈല്‍ ബോളിവാര്‍ഡുമൊക്കെ ആയിരക്കണക്കിനാളുകളുടെ സാന്നിധ്യത്താല്‍ നിറഞ്ഞപ്പോള്‍ ആഘോഷഷത്തിന് മാറ്റു കൂടി.
മനോഹരമായ കാലാവസ്ഥയില്‍ ജനലക്ഷങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന വെടിക്കെട്ട്, മ്യൂസിക് ബാന്‍ഡ്, ഈദ് മത്സരങ്ങള്‍, ഖത്തര്‍ പോലീസ് ബാന്‍ഡിന്റെ ഷോ, സാമൂഹ്യ സാംസ്‌കാരിക വിനിമയ പരിപാടികള്‍ മുതലായവയാണ് ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളെ അവിസ്മരണീയമാക്കിയത്.
കതാറയിലെത്തിയ കുട്ടികളെ ഈദിയ്യ ( പെരുന്നാള്‍ സമ്മാനം) നല്‍കിയാണ് സംഘാടകര്‍ സ്വീകരിച്ചത്. അറേബ്യന്‍ സംസ്‌കാരവും പാരമ്പര്യവും അടയാളപ്പെടുത്തുന്ന വൈവിധ്യമാര്‍ന്ന വിനോദപരിപാടികളും കലാപ്രകടനങ്ങളുമൊക്കെ ആഘോഷാന്തരീക്ഷത്തെ പൊലിപ്പിച്ചു.
കത്താറയിലെ ഈദാഘോഷ പരിപാടികള്‍ വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് രാത്രി 10 വരെ നീണ്ടുനിന്നു. അല്‍ ഹെക്മ ഹാളില്‍ നടന്ന മ്യൂസിക്കല്‍ ബാന്‍ഡിന്റെ പരിപാടികള്‍ ഏറെ ഹൃദ്യമായിരുന്നു. അറബിക് പൈതൃകത്തിന്റെ ചില മാസ്റ്റര്‍പീസുകള്‍ക്കൊത്ത് ആകര്‍ഷകമായ നൃത്ത ജലധാര പ്രദര്‍ശനവും രസകരമായ ചോദ്യോത്തര സെഷനും പരിപാടിയെ സവിശേഷമാക്കി.
'വേള്‍ഡ് 2030' എന്ന നാടകം പ്രേക്ഷകരെ ഒരു പുതിയ ഭാവി ലോകത്തേക്ക് കൊണ്ടുപോകുന്നതായിരുന്നു. അവിടെ ഒരു കൂട്ടം കുട്ടികള്‍ ഭാവിയിലേക്കുള്ള അതിശയകരവും ആകര്‍ഷകവുമായ യാത്രയിലൂടെ സമൂഹത്തെ വികസിപ്പിക്കുന്നതില്‍ ശാസ്ത്രത്തിന്റെയും അറിവിന്റെയും പ്രാധാന്യം അടയാളപ്പെടുത്തി. ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിരവും വൃത്തിയുള്ളതുമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ഖത്തര്‍ വിഷന്‍ 2030 ന്റെ മഹത്തായ സ്വപ്നത്തോടെയാണ് നാടകം സമാപിച്ചത്.
പ്രഗത്ഭരായ 85 സംഗീതജ്ഞര്‍ ഉള്‍പ്പെടുന്ന പോലീസ് മ്യൂസിക്കല്‍ ട്രൂപ്പ് അവതരിപ്പിച്ച സംഗീത വിരുന്ന് കത്താറ കോര്‍ണിഷില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ കോള്‍മയിര്‍കൊള്ളിച്ചു.
15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായുള്ള മികച്ച ഈദ് വസ്ത്രധാരണ മത്സരമായിരുന്ന കതാറയിലെ ശ്രദ്ധേയമായ മറ്റൊരു പരിപാടി.
പങ്കെടുക്കാന്‍, ഈദ് വസ്ത്രങ്ങള്‍ ധരിച്ച് പങ്കെടുക്കുന്നവരുടെ ഉയര്‍ന്ന നിലവാരമുള്ള ഫോട്ടോ 33160949 എന്ന നമ്പറിലേക്ക് അയയ്ക്കണം. അതനുസരിച്ച് 10 വിജയികളെ തിരഞ്ഞെടുക്കും. മല്‍സരം ഇന്നും നാളെയും തുടരും.
രാത്രി 8.15 മുതല്‍ കത്താറ കോര്‍ണിഷ് കരിമരുന്ന് പ്രയോഗത്തോടെ തിളങ്ങി. മാനത്ത് വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്ത വെടിക്കെട്ടും
സന്ദര്‍ശകരെ ആവേശഭരിതരാക്കി.
കുട്ടികള്‍ക്ക് സന്തോഷവും ആനന്ദവും നല്‍കുന്നതിനായി എന്‍ഡോവ്‌മെന്റ്, ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എന്‍ഡോവ്‌മെന്റ് 'ദ ജോയ് ഓഫ് ഈദ്' എന്ന പരിപാടിയുടെ ഭാഗമായി 5,000 സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ലുസൈല്‍ ബോളിവാര്‍ഡായിരുന്നു ചെറുപ്പക്കാരുടേയും കുട്ടികളുടേയും പ്രധാനമായ ഈദാഘോഷ പരിപാടികളുടെ കേന്ദ്രം. വൈവിധ്യമാര്‍ന്ന വിനോദപരിപാടികളും ഗെയിമുകളും ആസ്വദിച്ച് ജനക്കൂട്ടം പെരുന്നാള്‍ ആഘോഷിച്ചു.ലുസൈലിലും ദോഹ കോര്‍ണിഷിലും നടന്ന പ്രത്യേക വെടിക്കെട്ടുകള്‍ ഏറെ മനോഹരമായിരുന്നു. കൂട്ടുകാരും കുടുംബങ്ങളുമൊത്ത മരൂഭൂ യാത്രകളും ക്യാമ്പുകളും ആസ്വദിക്കുന്നവരും കുറവായിരുന്നില്ല.

 

 

Latest News