തൊടുപുഴ- 15കാരന് കാമുകനൊപ്പമുളള 14കാരിയുടെ നിരന്തര ഒളിച്ചോട്ടത്തില്‍ വട്ടം ചുറ്റി പോലീസ്. മൂലമറ്റത്ത് താമസിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം വീണ്ടും കാണാതായി. ഇത് മൂന്നാം തവണയാണ് പെണ്‍കുട്ടിയുടെ ഒളിച്ചോട്ടം.
അച്ഛനും അമ്മയും മൂത്ത രണ്ട് സഹോദരിമാരുമായി പെണ്‍കുട്ടി ആയവനയിലായിരുന്നു താമസം. അവിടെ നിന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ആദ്യം കാണാതാവുന്നത്. കല്ലൂര്‍കാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി മൂവാറ്റുപുഴ സ്വദേശിയായ 15കാരനൊപ്പം ഒളിച്ചു പോയതാണെന്ന് കണ്ടെത്തുകയും കുട്ടിയെ കണ്ടുപിടിച്ച് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കോടതി നിര്‍ദേശാനുസരണം മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയെ വിട്ടയച്ചു. ഇതോടെ കുടുംബം മൂലമറ്റത്തേക്ക് താമസം മാറ്റി.
ഇവിടെയെത്തി ഒരു മാസത്തിന് ശേഷം കുട്ടി വീണ്ടും അപ്രത്യക്ഷയായി. കാഞ്ഞാര്‍ പോലീസ് അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടി വീണ്ടും 15 കാരനായ കാമുകനുമായി ഒളിച്ചു പോയതാണെന്ന് കണ്ടെത്തി. പിന്നെയും കുട്ടിയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. അങ്ങനെയിരിക്കെ കഴിഞ്ഞ 19ന് വൈകിട്ട് 7 മണിക്ക് കുട്ടിയെ വീണ്ടും വീട്ടില്‍ നിന്നും കാണാതായി. ഓട്ടോ തൊഴിലാളിയായ പിതാവ് കാഞ്ഞാര്‍ പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടക്കുകയാണ്. ഇത്തവണയും പെണ്‍കുട്ടിക്കൊപ്പം 15കാരന് കാമുകനുമുണ്ട്.
പിതാവിന്റെ മൊബൈല്‍ ഫോണുമായാണ് കുട്ടി മുങ്ങിയിരിക്കുന്നത്. ഇപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. പെണ്‍കുട്ടിയും കാമുകനും മൈനറായതിനാല്‍ മറ്റ് നിയമനടപടികള്‍ക്ക് വകുപ്പില്ല. കൗണ്‍സിലിംഗ് നടത്തി നേരെയാക്കാനാണ് പോലീസിന്റെ ആലോചന.






