Sorry, you need to enable JavaScript to visit this website.

സത്യപാല്‍ മാലിക്ക് എന്തുകൊണ്ട് അന്നു പറഞ്ഞില്ല; വിശ്വാസ്യത ചോദ്യം ചെയ്ത് അമിത് ഷാ

ന്യൂദല്‍ഹി- ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നടത്തിയ അവകാശവാദങ്ങളുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീര്‍ വിഷയം  കൈകാര്യം ചെയ്തതില്‍ ഗുരുതര ആരോപണങ്ങളാണ് സത്യപാല്‍ മാലിക് ഉന്നയിച്ചിരുന്നത്. ജമ്മു കശ്മീരിനെകേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതിന് മുമ്പ് സത്യപാല്‍ മാലിക്കായിരുന്നു അവിടെ ഗവര്‍ണര്‍.
മറച്ചുവെക്കേണ്ട ഒന്നും ബിജെപി ചെയ്തിട്ടില്ലെന്നും വിഷയം പൊതുവേദിയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു.  ക്രമക്കേടുകളെ കുറിച്ച് വിവരമുണ്ടെങ്കില്‍ തന്റെ ഭരണകാലത്ത് തന്നെ പറയണമായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്? വിശ്വാസ്യത പരിശോധിക്കപ്പെടണമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന്  ഇന്ത്യ ടുഡേ കര്‍ണാടക റൗണ്ട് ടേബിളില്‍ സംസാരിക്കവെ  അമിത് ഷാ പറഞ്ഞു. പുല്‍വാമ ദുരന്തത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണെന്നും സൈനികരെ വ്യോമമാര്‍ഗം കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നും  സത്യപാല്‍ മാലിക് ആരോപിച്ചിരുന്നു.
ഇന്‍ഷുറന്‍സ് അഴിമതിയില്‍ മുന്‍ ഗവര്‍ണറെ ആദ്യമായല്ല അന്വേഷണത്തിനു വിളിച്ചതെന്നും അന്വേഷണ ഏജന്‍സി അതിന്റെ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അമിത് ഷാ അവകാശപ്പെട്ടു.  
ഗുരുതര  ആരോപണങ്ങളുമായി രംഗത്തുവന്നതിനു പിന്നാലെയാണ്  മാലിക്കിന് സിബിഐ സമന്‍സ് ലഭിച്ചത്. ആരോപണങ്ങളും സിബിഐ സമന്‍സും തമ്മില്‍ ബന്ധമില്ലെന്നും അമിത് ഷാ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News