ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ പൊട്ടിത്തെറിച്ച് കമ്പനി സിഇഒ മരിച്ചു

ക്വാലലംപൂര്‍- മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് മലേഷ്യന്‍ കമ്പനിയായ ക്രാഡ്ല്‍ ഫണ്ട് സിഇഒ നസ്‌റിന്‍ ഹസന്‍ കൊല്ലപ്പെട്ടു. കിടക്കയില്‍ തലയ്ക്കു സമീപമാണ് മൊബൈല്‍ വച്ചിരുന്നത്. നസ്‌റിന്റെ പക്കല്‍ രണ്ടു ഫോണുകളുണ്ടായിരുന്നു. ഇതിലൊന്നാണ് പൊട്ടിത്തെറിച്ചത്. മൊബൈല്‍ പൊട്ടിത്തെറിച്ച് കിടക്കയില്‍ തീപടര്‍ന്നതാണ് നസ്‌റിന്റെ മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൊട്ടിത്തെറിച്ച മൊബൈലിന്റെ ഭാഗങ്ങള്‍ തലയില്‍ വന്നിടിച്ചിച്ച് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ കടുത്ത പുക ശ്വസിച്ചാണ് മരണമെന്ന് പോലീസ് പറയുന്നു. അപകടത്തെ തുടര്‍ന്ന് നസ്‌റിന്‍ കിടപ്പു മുറിയില്‍ അകപ്പെടുകയായിരുന്നു.

ഊര്‍ജ്ജസ്വലനായ മേധാവിയെയാണ് കമ്പനിക്ക് നഷ്ടമായതെന്ന് ക്രാഡ്ല്‍ ഫണ്ട് വ്യക്തമാക്കി. മൊബൈല്‍ പൊട്ടിത്തെറിച്ചുണ്ടായ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതായും കമ്പനി അറിയിച്ചു. മലേഷ്യയുടെ ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള കമ്പനിയാണ് ക്രാഡ്ല്‍ ഫണ്ട്. ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന ഏജന്‍സിയാണിത്.
 

Latest News