Sorry, you need to enable JavaScript to visit this website.

ഫഹദ് ഫാസിലിനെതിരെ കടുത്ത ആരോപണം,  ഷൂട്ടിങ്ങ് പാതിവഴിയില്‍ ഉപേക്ഷിക്കുന്നു

കൊച്ചി- യുവതാരങ്ങളില്‍ പ്രമുഖനായ ഫഹദ് ഫാസിലിനെതിരെയും ഫെഫ്കയില്‍ പരാതി. നിരവധി സിനിമകള്‍ക്ക് ഡേറ്റ് നല്‍കുകയും അതു കൃത്യസമയത്ത് പൂര്‍ത്തികരിക്കാന്‍ ഫഹദിനാകുന്നില്ലെന്നാണ് സംവിധായകരും നിര്‍മാതാക്കളും ഉയര്‍ത്തുന്ന പരാതി. പലപ്പോഴും ഫെഫ്ക ഇടപെട്ടാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും തിരക്കുള്ള നടനാണ് ഫഹദ് ഫാസില്‍. വിക്രം, പുഷ്പ ഉള്‍പ്പെടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പോയതോടെയാണ് മലയാളത്തില്‍ ഡേറ്റ് നല്‍കിയ സിനിമകളുടെ ചിത്രീകരണം താളംതെറ്റിയത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പാച്ചുവും അദ്ഭുതവിളക്കും മൂന്ന് വര്‍ഷം കൊണ്ടാണ് ഫഹദ് ഫാസില്‍ അഭിനയിച്ചു തീര്‍ത്തത്. സിനിമയുടെ ചിത്രീകരണം പകുതിയിലേറെ പിന്നിട്ട ശേഷം ചിത്രത്തില്‍ നിന്ന് പിന്‍മാറാനും ഫഹദ് ശ്രമിച്ചിരുന്നു. ഇതിനെതിരെ നിര്‍മാതാവും സംവിധായകനും ഫെഫ്കയില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഫെഫ്കയുടെ നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പുകള്‍ക്കൊടുവിലാണ് സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചത്.
ഒരേസമയം ഒന്നിലേറെ സിനിമകള്‍ക്ക് ഡേറ്റ് നല്‍കുന്നതാണ് ഫഹദിന്റെ ഷെഡ്യൂളുകള്‍ താളം തെറ്റാന്‍ കാരണം. പലപ്പോഴും എല്ലാം സിനിമകളും ഒരുമിച്ച് കൊണ്ടുപോകാന്‍ അദേഹത്തിന് സാധിക്കുന്നില്ല. പാച്ചുവും അദ്ഭുതവിളക്കും സിനിമയിലെ അഭിനയ ഇടവേളയെടുക്കല്‍ വിവാദമായതോടെ മലയാളത്തില്‍ സിനിമകള്‍ കുറച്ചിരിക്കുകയാണ് ഫഹദ്.
അച്ചടക്കമില്ലാതെ പ്രവര്‍ത്തിക്കുന്ന താരങ്ങള്‍ക്കെതിരെ നടപടി സൂചന നല്‍കിയാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഫെഫ്ക പത്രസമ്മേളനം നടത്തിയത്. സിനിമ സെറ്റില്‍ യുവതാരമായ ഷെയ്ന്‍ നിഗം നിരന്തരം തലവേദന സൃഷ്ടിക്കുന്നുവെന്ന ഒന്നിലധികം പരാതി ഉയര്‍ന്നതോടെയായിരുന്നു ഫെഫ്ക താക്കീതിന്റെ സ്വരവുമായി ഉടന്‍ പത്രസമ്മേളനം നടത്തിയത്.
മിന്നല്‍ മുരളിയ്ക്ക് ശേഷം സോഫിയ പോളിന്റെ നേതൃത്വത്തിലുള്ള വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സ് നിര്‍മ്മിക്കുന്ന 'ആര്‍ഡിഎക്സ്' സിനിമയുടെ ചിത്രീകരണം ഷെയ്ന്‍ നിഗം മൂലം പലപ്പോഴും തടസപ്പെട്ടു. ഇക്കാര്യം രേഖമൂലം ഫെഫ്കയെ അറിയിക്കുകയും ചെയ്തിരുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ആഴ്ചയാണ് പൂര്‍ത്തികരിച്ചത്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ബി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പത്രസമ്മേളനം വിളിച്ചത്.
നീരജ് മാധവ്, ആന്റണി വര്‍ഗീസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ തന്റെ വേഷത്തിന് പ്രാധാന്യം കുറയരുതെന്ന് ഷെയിന്‍ വാശി പിടിച്ചു. തുടര്‍ന്ന് എഡിറ്റ് ചെയ്ത സീനുകള്‍ അടക്കം കാണണമെന്ന് ആവശ്യപ്പെട്ട് ഷെയ്ന്‍ സെറ്റില്‍ പ്രശ്‌നമുണ്ടാക്കി. എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ കാണിച്ചിട്ടു മാത്രമാണ് അദേഹം അഭിനയിക്കാന്‍ തയ്യാറായത്.
ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രങ്ങളുടെ ഡബ്ബിംഗ് സമയത്ത് ഷെയിന്‍ പൂര്‍ത്തിയാക്കില്ലെന്നും നിര്‍മ്മാതാവ് പരാതി ഉയര്‍ത്തിയിട്ടുണ്ട്. ഷെയിന്റെ ഇത്തരം പിടിവാശികളില്‍ സിനിമ സെറ്റിലെ എല്ലാവരും അസ്വസ്ഥരായിരുന്നു. ഇതിനിടെ ആര്‍ഡിഎക്സിലെ മറ്റൊരു നായകനായ ആന്റണി പെപ്പെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ചര്‍ച്ചയായിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ നാടകം കളിക്കുന്നവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെ, ദയവ് ചെയ്ത് നാടകമരുതേ എന്നെഴുതിയ ഒരു ചിത്രം പെപ്പെ പോസ്റ്റ് ചെയ്തിരുന്നു. മൂന്നു നടന്‍മാര്‍ക്കെതിരെയാണ് ഫെഫ്കയില്‍ പരാതി എത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പരാതി എത്തിയിരിക്കുന്നത് ഷെയ്ന്‍ നിഗമിനെതിരെയാണ്.

Latest News