കൊല്ലം - പുനലൂരിൽ വീടിനുള്ളിൽ അഴുകിയ നിലയിൽ സ്ത്രീയുടേയും പുരുഷന്റേയും രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. കല്ലടയാറിനോട് ചേർന്ന് വെട്ടിപ്പുഴ പാലത്തിന് സമീപമുള്ള പുറമ്പോക്കിലെ താത്കാലിക ഷെഡിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഷെഡിൽ താമസിച്ച ഇന്ദിരയുടേയും സുഹൃത്തിന്റേതുമാകാം മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. വീട്ടുമുറ്റത്ത് ചോരപ്പാടുകളും ചോര പുരണ്ട കല്ലും കണ്ടെടുത്തു. സംഭവം കൊലപാതകമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
പ്രദേശത്ത് ദുർഗന്ധമുണ്ടായതിനെ തുടർന്ന്ഓട്ടോ തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്. പുഴുവരിച്ച് തിരിച്ചറിയാനാകാത്ത വിധം ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹങ്ങൾ. കൊട്ടാരക്കരയിൽ നിന്നെത്തിയ ഫോറൻസിക് സംഘമെത്തി പരിശോധന നടത്തി.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലെ കൂടുതൽ വ്യക്തത വരൂവെന്നും പുനലൂർ പോലീസ് പ്രതികരിച്ചു.






