ഉപയോഗത്തിലുള്ള വോട്ടിംഗ് യന്ത്രങ്ങളില്‍ മൂന്നിലൊന്നും തകരാറായെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി- ഇന്ത്യയിലെ വോട്ടിംഗ് മെഷീനുകളില്‍ ആറര ലക്ഷം എണ്ണം തകരാറിലായതായി റിപ്പോര്‍ട്ട്. ദി വയര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് രാഷ്ട്രീയ നേതൃത്വത്തെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

വോട്ടിംഗിനായി ഉപയോഗിച്ച ആറര ലക്ഷം വിവിപാറ്റ് മെഷീനുകള്‍ക്കാണ് തകരാര്‍ സംഭവിച്ചിരിക്കുന്നത്. 2018ല്‍ മാത്രം ഉപയോഗിക്കാന്‍ ആരംഭിച്ച എം3 ജനറേഷനിലുള്ള മെഷീനുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. 

2019ലെ ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിക്കാന്‍ 17.4 ലക്ഷം വിവിപാറ്റ് മെഷീനുകളാണ് വിതരണം ചെയ്തിരുന്നത്. ഇതില്‍ ഉള്‍പ്പെട്ട ആറര ലക്ഷം മെഷീനുകള്‍ക്കാണ് കേടുപാടുകളുള്ളതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഹൈദരാബാദിലെ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലേക്കും ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡിലേക്കും ഇത്തരത്തില്‍ മെഷീനുകള്‍ തിരിച്ചയച്ചിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് പരിശോധനയില്‍ കേടുപാടുകള്‍ സംഭവിക്കുന്ന മെഷീനുകള്‍ ആദ്യ ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്നം പരിഹരിക്കാന്‍ അയക്കേണ്ടതുണ്ട്. എന്നാല്‍ തകരാറ് കണ്ടെത്തിയ മെഷീനുകള്‍ ഏകദേശം ഒരു വര്‍ഷത്തോളം തെരഞ്ഞെടുപ്പ് കമ്മീഷന്റെ കസ്റ്റഡിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കോ വിവിപാറ്റുകള്‍ക്കോ തകരാറുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ ഇത്രയധികം മെഷീനുകള്‍ ഒരുമിച്ച് കേടാകുന്നത് ഗുരുതര വിഷയമാണെന്നും മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്. വൈ. ഖുറേഷി പ്രതികരിച്ചു.

Latest News