VIDEO ഹണിറോസും റിമി ടോമിയുമെത്തി; ജിദ്ദയില്‍ നാളെ താര നിബിഡമായ ഈദ്നൈറ്റ്

ജിദ്ദ- പ്രവാസികളുടെ കലാസ്വാദനത്തിന് കൈയൊപ്പ് ചാർത്താനെത്തിയ മലയാള സിനിമയിലെ താരനിരയെ  സംഘാടകര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.  വെള്ളിത്തിരയിലെ മഹാവിസ്മയങ്ങളുടെ പതിനേഴഴകുമായി നാളെ ശനിയാഴ്ചയാണ് ഈദ് നൈറ്റ്  2023.
ജിദ്ദയിലെ കലാപ്രേമികളായ എട്ടു ചെറുപ്പക്കാരുടെ കൂട്ടായ്മയായ എയിറ്റ് വണ്ടേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദ ഇക്വസ്ട്രിയന്‍ പാര്‍ക്കില്‍ കേരളത്തിലെ പ്രമുഖരായ സിനിമാ താരങ്ങളും പ്രശസ്ത ഗായകരും അണി നിരക്കുന്ന താരവിരുന്നിനാണ് അരങ്ങൊരുങ്ങിയത്. എല്ലാ സജ്ജീകരണങ്ങളും ഇതിനകം പൂര്‍ത്തിയായതായി സംഘാടക സാരഥികളായ ഷറഫു ചുങ്കത്തറ, സാഗര്‍ മുഹമ്മദ് എടപ്പാള്‍, മുഹമ്മദ് ഷാഫി അടിവാരം, റൗഫ് ജിന്ന് കല്ലായി, റിയാസ് കിഴിശ്ശേരി, ഷംസു കിഴിശ്ശേരി, നിസാര്‍ കുഞ്ഞ് എളംകൂര്‍, ഷെരീഫ് കൊടുവള്ളി എന്നിവര്‍ അറിയിച്ചു.
ഇത്തവണ പെരുന്നാളിന്റെ പെരുമ പ്രവാസികള്‍ക്ക് ഇഷ്ടകലാകാരന്മാരോടും കലാകാരികളോടുമൊപ്പം ആഘോഷിക്കാനുള്ള അപൂര്‍വമായ അവസരമാണിതെന്നും'എയിറ്റ് വണ്ടേഴ്‌സി' ന്റെ ശില്‍പികള്‍ അറിയിച്ചു. ചലച്ചിത്രാഭിനയത്തിന് ദേശീയ പുരസ്‌കാരം നേടിയ സുരാജ് വെഞ്ഞാറമൂട് നേതൃത്വം നല്‍കുന്ന സംഘത്തില്‍ ഹണി റോസ്, റിമി ടോമി, സയനോരാ ഫിലിപ്പ്, ലക്ഷ്മി നക്ഷത്ര, അഫ്‌സല്‍, സജിലി സലീം, മഹേഷ് കുഞ്ഞുമോന്‍, തങ്കച്ചന്‍ വിതുര, അഖില്‍ കവലയൂര്‍, ശ്രുതി ഉത്തമന്‍, കൗശിക്, ഡയാന, ഷിയാ മജീദ്, സഞ്ജിത് സലാം തുടങ്ങിയവര്‍ എയ്റ്റ് വണ്ടേഴ്‌സിന്റെ അരങ്ങിനെ പ്രോജ്വലമാക്കും. ലക്ഷ്മി നക്ഷത്രയാണ് ഷോ ഡയരക്ടറും അവതാരകയും. ആട്ടവും പാട്ടും കോമഡി സ്‌കിറ്റുകളും കൊണ്ട് വൈവിധ്യം പകരുന്ന പരിപാടികളാകും അവതരിപ്പിക്കുക.
ഹാസ്യകലാപരിപാടികള്‍ക്ക് തങ്കച്ചന്‍ വിതുര നേതൃത്വം നല്‍കും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുമെന്നും സംഘാടകര്‍അറിയിച്ചു

 

Latest News