ധാരാളം ചെലവിടാന്‍ നിര്‍ബന്ധിതരായ ഒരു വിഭാഗമാണ് പ്രവാസികള്‍. മുറി/വീട് വാടക, ഭക്ഷണം, വൈദ്യുതി, അവശ്യസാധന ബി്ല്ലുകള്‍, പെട്രോള്‍ തുടങ്ങിയ എല്ലാത്തിനും പോക്കറ്റില്‍ നിന്നും പണം കണ്ടെത്തണം. ഒരിക്കലും ഒഴിവാക്കാനാവില്ല. കുടുംബ കൂടെ ഉണ്ടെങ്കില്‍ മക്കളുടെ വിദ്യാഭ്യാസം, പാര്‍ക്കിങ് ഫീ, സാലിക് അങ്ങനെ പോകുന്നു ചെലവുകള്‍. ഇതിനൊക്കെ പുറമെ വെറുതെ ഷോപ്പിങ് മാളുകില്‍ പോയി ഭക്ഷണം കഴിച്ചും ആവശ്യം നോക്കാതെ പര്‍ച്ചേസ് നടത്തിയതും ഉണ്ടാക്കുന്ന ചെലവ് വേറെയും. ഗള്‍ഫ് നഗരങ്ങളിലേക്കിറങ്ങിയാല്‍ പ്രത്യേകിച്ച ദുബായി പോലുള്ള നഗരങ്ങളില്‍ ഷോപ്പിങ് ഒരു ഹരമാണ്. കെണിവച്ച് വീഴ്്ത്താന്‍ പരസ്യങ്ങളും. എങ്ങോട്ടു തിരിഞ്ഞാലും എന്തെങ്കിലും വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ചിത്രങ്ങലും കൂറ്റം ബോര്‍ഡുകളുമാണ്. ജീവിതം അടിപൊളിയാണ്. എന്നാല്‍ ശരിക്കും അങ്ങനെയാണോ? സാമ്പത്തിക ഭദ്രത എന്ന സ്വപ്‌നവുമായി ഗള്‍ഫില്‍ ജീവിതം തള്ളിനീക്കുന്നവര്‍ ഇവിടെയാണ് യുക്തി അല്‍പ്പം പ്രവര്‍ത്തിപ്പിക്കേണ്ടത്. എങ്ങനെയാണ്, എവിടെയാണ് പണം ചെലവിടേണ്ടതെന്ന വ്യക്തമായ ഒരു ധാരണ ഉണ്ടാക്കിയെടുത്താല്‍ സമ്പാദ്യമുണ്ടാക്കിയെടുക്കാന്‍ അത് സഹായിക്കും. എങ്ങനെ സമ്പാദ്യമുണ്ടാക്കിത്തുടങ്ങാം എന്നറിയാന്‍ ചില വഴികള്‍ നമുക്ക് പരിശോധിക്കാം.
1. ഇന്ന് തന്നെ തുടങ്ങുക
വലുതായാലും ചെറുതായാലും ഇന്നു തന്നെ വരുമാനത്തിന്റെ നിശ്ചിത ശതമാനം ഭാവിയിലേക്കായി മാറ്റി വച്ചു തുടങ്ങുക. അത് എത്ര വേണമെന്നത് ഒരു വിഷയമെ അല്ല. ഈ ശീലം ഇന്നു തന്നെ തുടങ്ങുക എന്നതാണ് പ്രധാനം. ശമ്പളത്തിന്റെ അഞ്ചു ശതമാനം മാറ്റി വച്ചു വേണമെങ്കില്‍ തുടങ്ങാം. ബാക്കി 95 ശതമാനവും ചെലവിട്ടോളൂ. ശ്രദ്ധിക്കേണ്ട ഒരു കാര്യം മാറ്റിവയ്ക്കുന്ന ഈ അഞ്ചു ശതമാനം പണം മറ്റാവശ്യങ്ങള്‍ക്ക് ചെലവിടുന്നതിനു മുമ്പ് തന്നെ മാറ്റി വച്ചിരിക്കണം. ബില്ലുകളടച്ചും കടം തീര്‍ത്തും എല്ലാം കഴിഞ്ഞ് മാറ്റിവയ്ക്കല്‍ നടന്നു കൊള്ളണമെന്നില്ല. ഈ നീക്കിയിരുപ്പ് തുക 7,8,10 ശതമാനമായി പടിപടിയായി ഉയര്‍ത്തി കൊണ്ടു വരാം. മാസത്തില്‍ വരുമാനത്തിന്റെ 15 മുതല്‍ 20 ശതമാനം വരെ എങ്കിലും ഒരു നിക്ഷേപമായി നീക്കി വയ്ക്കുന്ന ശീലം ഉണ്ടാക്കിയെടുക്കുക. ഈ തുക സുരക്ഷിതമായ നിക്ഷേപ ഫണ്ടിലോ മറ്റോ സൂക്ഷിക്കുക. ഏറ്റവും പ്രധാനം ഇത് ഇന്നു തന്നെ തുടങ്ങുക എന്നതാണ്. അങ്ങനെ ഒരു നീക്കിയിരുപ്പ് ശീലം ആര്‍ജ്ജിച്ചെടുക്കുക.
2. വ്യക്തിപരമായ നിക്ഷേപത്തിന് മുന്‍ഗണന
ശമ്പളമോ, മറ്റു വരുമാനമോ ലഭിച്ചാലുടന്‍ ഈ തുകയെ രണ്ടായി വിഭജിക്കുക. ഒരു ഭാഗം ആദ്യമായി തന്നെ ഭാവിയിലേക്കായി മാറ്റി വയ്ക്കുക. ഇത് വേണമെങ്കില്‍ സ്ഥിരമായി ഉപയോഗിക്കാത്ത സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാം. ശമ്പളത്തിന്റെ ഒരു ഭാഗം സാധാരണ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടിലും കിടക്കട്ടെ. വീട്ടുസാധനങ്ങളുടേയും വ്യക്തിപരമായ പര്‍ച്ചേസുകളും എല്ലാം ഈ അക്കൗണ്ട് ഉപയോഗിച്ച് ആക്കാം. നമ്മുടെ നിക്ഷേപവും ചെലവുകളും ഏതു അനുപാതത്തിലായിരിക്കണമെന്ന് സ്വയം നിര്‍ണയിക്കുക. എപ്പോഴും വ്യക്തിപരമായ നിക്ഷേപത്തിന് മുന്‍ഗണന നല്‍കുക. നിശ്ചിത അനുപാതത്തില്‍ നിന്നും ഒരിക്കലും മാറാതിരിക്കുക.
3. രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ സഹായിക്കും
രണ്ട് ബാങ്ക് അക്കൗണ്ടുകളുടെ മറ്റൊരു ഗുണം പണത്തിന്റെ ചെലവ് കൃത്യമായി നിരീക്ഷിക്കാന്‍ കഴിയുമെന്നതാണ്. ഒരു അക്കൗണ്ട് നിക്ഷേപത്തിനും മറ്റൊരു അക്കൗണ്ട് ചെലവുകള്‍ക്കും മാത്രമാക്കുക. എത്രത്തോളം ചെലവാകുന്നുണ്ടെന്നും എത്രത്തോളം നീക്കിയിരിപ്പുണ്ടെന്നും ഇതുവഴി എല്ലായ്‌പ്പോഴും അറിഞ്ഞിരിക്കാന്‍ കഴിയും. ചെലവാക്കുന്ന അക്കൗണ്ടിലുള്ളതിനേക്കാള്‍ നിക്ഷേപ അക്കൗണ്ടില്‍ ഉണ്ടായിരിക്കാനും ശ്രദ്ധിക്കുക.
4. സ്വന്തം ഇടപാടുകള്‍ നിരീക്ഷിക്കുക
ലഭ്യമാണെങ്കില്‍ മൊബൈലില്‍ ഒരു ബാങ്കിങ് ആപ്പ് ഉപയോഗിച്ചോ മറ്റൊ കയ്യിലെത്തുന്ന പണത്തിന്റെ പോക്കു വരവുകള്‍ കൃത്യമായി നിരീക്ഷിക്കണം. ഓണ്‍ലൈനായി നമ്മുടെ അക്കൗണ്ടിലെ ഇടപാടുകളുടെ ഹിസ്റ്ററി പരിശോധിക്കാന്‍ കഴിയും. എത്ര തുക മറ്റു അക്കൗണ്ടുകളിലേക്ക്് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. എത്ര ചെലവഴിച്ചിട്ടുണ്ട് എന്നെല്ലാം ഇതുവഴി അറിയാം. ഈ സൗകര്യമൊന്നുമില്ലെങ്കില്‍ നോട്ടില്‍ കുറിച്ചു വയ്ക്കുകയും ചെയ്യാം. ഇങ്ങനെ ചെയ്യുന്നതവ് വഴി നമ്മുടെ കയ്യിലെത്തുന്ന പണം ഏതെല്ലാം വഴികളിലൂടെ എത്രത്തോളം പോകുന്നുണ്ടെന്ന് അറിയാം. ഇതറിഞ്ഞാല്‍ എവിടെ എല്ലാം വെട്ടിക്കുറച്ച് പണം കൂടുതല്‍ നീക്കിവയ്ക്കാമെന്ന് മനസ്സിലാക്കാം.
5. ചില്ലറകള്‍ വെറും ചില്ലറയല്ല
ചില്ലറ തുകകള്‍ പെട്ടിയിലോ പിഗ്ഗി ബാങ്കിലോ ഇടുന്ന ശീലം നല്ലതാണ്. തുച്ഛം തുകയുടെ നാണയങ്ങളോ കറന്‍സിയോ നിങ്ങള്‍ക്ക് നിസ്സാരമായി തോന്നാം. എന്നാല്‍ ലളിതമായി സ്വരൂപിക്കാവുന്ന ഒരു അധിക നിക്ഷേപമാണിത്.
6. പോക്കറ്റില്‍ പണം സൂക്ഷിക്കരുത്
പഴ്‌സിലും പോക്കറ്റിലും വലിയ തുകയിട്ടു നടക്കുന്ന ശീലം അവസാനിപ്പി്ക്കുക. പലതും വെറുതെ വാങ്ങാനുള്ള അനാവശ്യ ത്വര ഇല്ലാതാക്കാന്‍ ഇതു സഹായിക്കും. പഴ്‌സില്‍ എപ്പോഴും പണം കണ്ടാല്‍ അത് ചെലവിടാനുള്ള ത്വരയും സ്വാഭാവികമായി ഉണ്ടാകും. ഇതില്‍ നിന്നും രക്ഷപ്പെടാം. പോക്കറ്റില്‍ പണമില്ലെന്നറിഞ്ഞാല്‍ അനാവശ്യ പര്‍ച്ചേസുകളും സ്വാഭാവികമായി ഒഴിവാക്കും.
7. എല്ലാ ഇന്ത്യന്‍ രൂപയിലേക്കു മാറ്റരുത്
വാങ്ങുന്നതും വാങ്ങാന്‍ ആഗ്രഹിക്കുന്നതൊന്നും ഇന്ത്യന്‍ രൂപയുടെ മൂല്യം നോക്കി വിലയിരുത്തരുത്. നാം സമ്പാദിക്കുന്നത് ഡോളറിലോ പൗണ്ടിലോ അല്ല. അതു കൊണ്ടു തന്നെ മറ്റു കറന്‍സികളെ കുറിച്ച് ചിന്തിക്കരുത്. പല സാമ്പത്തിക ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വ്യത്യസ്ത രാജ്യങ്ങളിലെ കറന്‍സികള്‍ക്ക് വ്യത്യസ്ത മൂല്യമുണ്ടാകുന്നത്.
8. പണം കടം വാങ്ങരുത്
സ്വന്തമല്ലാത്ത പണം ചെലവിടുന്നത് ഒഴിവാക്കുക. ചില സാഹചര്യങ്ങളില്‍ അത്യാവശ്യമായി വരുമെങ്കിലും മാതാപിതാക്കളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ സഹോദരങ്ങളില്‍ നിന്നോ പണം കടം വാങ്ങുന്നത് ഒഴിവാക്കുക. കട ബാധ്യത അനാവശ്യ മാനസിക സമ്മദ്ധമുണ്ടാക്കും. ക്രെഡിറ്റ് കാര്‍ഡ് ബാധ്യതയില്‍ നിന്നും പരമാവധി വിട്ടു നില്‍ക്കുക. ക്രെഡിറ്റ് കാര്‍ഡുകള്‍ ഒരു വര്‍ഷം വായ്പാ തുകയുടെ 36 ശതമാനം വരെ നിങ്ങളില്‍ നിന്ന് ഈടാക്കും. വായ്പ അത്യാവശ്യമായാല്‍ പേഴ്‌സണല്‍ ലോണ്‍ എടുക്കുക. ചാര്‍ജ് ക്രെഡിറ്റ് കാര്‍ഡിനേക്കാള്‍ കുറവാണ്.
9. കാര്‍ വാങ്ങുന്നത് സൂക്ഷിച്ചു മതി
ലളിതമായ മാസ അടവ്, കുറഞ്ഞ വിലയില്‍ പെട്രോളും ഡീസലും ഇതെല്ലാം കണ്ട് വേഗം ഒരു കാര്‍ സ്വന്തമാക്കാന്‍ ചാടിയിറങ്ങുന്നവര്‍ കുറവല്ല. എന്നാല്‍ ഇതിനു വേണ്ടി ചെലവിടുന്ന തുക പ്രധാനമാണ്. പലപ്പോഴും സ്വന്തമായി കാറുപയോഗിക്കുന്നതും പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നതും തമ്മില്‍ 1000 റിയാലിന്റെ വരെ അന്തരം ഉണ്ടാകാറുണ്ട്. റോഡ് ടോളുകള്‍ പരമാവധി ഒഴിവാക്കുക. ദുബായില്‍ പൊതു ഗതാഗതം സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. മെട്രോ, ബസ് സര്‍വീസുകള്‍ ലഭ്യമായിടത്തെല്ലാം അതിനെ ആശ്രയിക്കുന്നതാണ് നല്ലത്.
10. ഭക്ഷണത്തിന് അധികമായി ചെലവഴിക്കുന്നത് ഒഴിവാക്കുക
ഭക്ഷണം അത്യാവശ്യമാണ്. എന്നാല്‍ അമിതമായി വേണ്ട. പലരും പര്‍ച്ചേസ് നടത്തുമ്പോള്‍ ഭക്ഷണ സാധനങ്ങള്‍ കുന്നോളം വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിച്ച് ദിവസങ്ങള്‍ക്കു ശേഷം അവയില്‍ പലതും ഉപയോഗിക്കാതെ വേസ്റ്റ് കുട്ടയില്‍ തള്ളുന്നത് പതിവാണ്. ഭക്ഷണത്തിന്മേലുള്ള അധിക ചെലവുകള്‍ ചുരുക്കാന്‍ വളരെ എളുപ്പമാണ്. അതുപോലെ ഭക്ഷണം പാഴാക്കാതിരിക്കേണ്ടതും സമ്പാദ്യം സുരക്ഷിതമാക്കുന്നതില്‍ പ്രധാനമാണ്. പഴകിയവ തള്ളുന്നതിനു പകരം മറ്റാവശ്യങ്ങല്‍ക്ക് ഉപയോഗിക്കാവുന്നത് വേര്‍ത്തിരിച്ചെടുക്കുക. ഇതുപയോഗിച്ച് മറ്റു വിഭവങ്ങള്‍ ഉണ്ടാക്കാം.
11. നേട്ടങ്ങള്‍ കൈവരിച്ചാല്‍ സ്വയം അഭിനന്ദിക്കുക
ലക്ഷ്യമിട്ട നേട്ടം കൈവരിച്ചാല്‍ ഇഷ്ടമുള്ളിടത്ത് ചെന്ന് ഡിന്നര്‍ കഴിക്കുകയോ അല്ലെങ്കില്‍ ആഗ്രഹിച്ചത് എന്തെങ്കിലും വാങ്ങുകയോ ചെയ്യുന്നത് പ്രചോദനം ലഭിക്കാനും ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ നിന്ന് ശ്രദ്ധതിരിയാതിരിക്കാനും സഹായിക്കും.
12. സുസ്ഥിരതയ്ക്ക് ചെലവു ചുരുക്കല്‍
ഓരു മാസത്തെ ശമ്പളത്തിന്റെ കാല്‍ ഭാഗവും വീട്ടുവാടകയ്ക്കായി ചെലവഴിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ചെലവ് ചുരുക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കണം. ഇത് താങ്കളുടെ ബജറ്റില്‍ ഒതുങ്ങുന്നതല്ല. ഇത്തരം വെട്ടിച്ചുരുക്കലുകള്‍ അത്ര സുഖകരമാവില്ല. എങ്കിലും ഭാവിയിലെ സാമ്പത്തിക സ്വാതന്ത്ര്യത്തിനും മനസ്സമാധാനത്തിനും ഇതുവളരെ പ്രധാനമാണ്. ജീവിത ചെലവ് കൈപ്പിടിയിലൊതുങ്ങുന്നതല്ലെങ്കില്‍ അത് വെട്ടിച്ചുരുക്കുന്നതില്‍ യാതോരു സങ്കോചവും വേണ്ട. നിങ്ങളോട് തന്നെ നീതി പുലര്‍ത്താന്‍ അത് ആവശ്യമാണ്.
13. ആരോഗ്യം തന്നെ സമ്പാദ്യം
സമ്പാദിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം നമുക്ക് ആരോഗ്യമുണ്ടായിരിക്കുക എന്നതാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണശീലവും വ്യായാമവും ജീവിതത്തിന്റെ ഭാഗമാക്കുക. ആവശ്യം വന്നാല്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. ആരോഗ്യ പരിശോധനയും മുറയ്ക്കു വേണം.
14. വിഭവങ്ങള്‍ക്കനുസരിച്ച് ഡിമാന്‍ഡ് കൂട്ടേണ്ട
സാമ്പത്തിക ശാസ്ത്രത്തില്‍ പാര്‍കിന്‍സണ്‍സ് നിയമം എന്ന ഒന്നുണ്ട്. ഒരു വിഭവത്തിന്റെ വിതരണം കൂടുന്നതിനനുസരിച്ച് ആവശ്യവും വര്‍ധിക്കുക എന്നതാണത്. ലളിതമായി പറഞ്ഞാല്‍ കയ്യില്‍ പണം കൂടുന്നതിനനുസരിച്ച് ചെലവും കൂട്ടുക. ഇതൊഴിവാക്കണം. കയ്യില്‍ പണം ഉണ്ടെന്ന് കരുതി ആഢംബരവും കൂട്ടേണ്ട. കൊക്കിലൊതുങ്ങുന്നത് മതി. ആഢംബരം നിലനിര്‍ത്തിപ്പോരാന്‍ ഏറെ ചെലവുണ്ട്. വരുമാനത്തില്‍ വര്‍ധന ഉണ്ടാകുമ്പോള്‍ അത് അധിക നിക്ഷേപമാക്കി മാറ്റുന്നതിലായിരിക്കട്ടെ ശ്രദ്ധ. അധിക വരുമാനം മാറ്റി വയ്ക്കാം.
15. പ്രതീക്ഷകളേയും നിയന്ത്രിക്കണം
സാമ്പത്തിക അച്ചടക്കം ഇല്ലാത്ത പ്രവാസികള്‍ എല്ലാ തകര്‍ന്ന് വര്‍ഷങ്ങള്‍ പാഴാക്കി നാട്ടിലേക്കു തിരിച്ചു പോകുന്ന കാഴ്ച ഒരു ദുരന്തം തന്നെയാണ്. ചിലര്‍ക്ക് ഇതിന്റെ പേരില്‍ ജയിലില്‍ വരെ കിടക്കേണ്ടി വരുന്നു. ഒരു കാര്യം ഓര്‍ക്കുക. സമ്പാദിക്കുന്ന ഒരു പ്രവാസി എന്ന നിലയ്ക്ക് ബന്ധുമിത്രാതികളുടെ എല്ലാം പ്രതീക്ഷകള്‍ എല്ലായ്‌പ്പോഴും നിറവേറ്റിക്കൊടുക്കേണ്ട ഒരു ബാധ്യതയും നിങ്ങള്‍ക്കില്ല. നാട്ടിലെത്തിയാല്‍ ലാവിഷ് പാര്‍ട്ടികള്‍, ആഘോഷ സമയങ്ങളിലെ ഭാരിച്ച ചെലവുകള്‍ എല്ലാത്തിലും നിയന്ത്രണം വേണം. സ്വന്തം കുടുംബത്തിന്റെ ആഘോഷം നന്നാക്കാന്‍ ഇതു വളരെ പ്രധാനമാണ്. നിക്ഷേപത്തിനും ചെലവിനും പരിധി നിശ്ചയിച്ച് കൃത്യസമയത്ത് അത് നേടുന്നതില്‍ ശ്രദ്ധിക്കുക. ഇത് എത്രത്തോളം പാലിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ് നിങ്ങലുടെ ജയ പരാജയങ്ങളുടെ തോത് അളക്കപ്പെടുന്നത്. വിശ്രമ ജീവിതം സമാധാനപരമാക്കാന്‍ നല്ല സമ്പാദ്യ ശീലം ഇന്നു തന്നെ തുടങ്ങാം.






