വിരമിക്കൽ നൽകുന്ന പാഠങ്ങൾ

പലപ്പോഴായി കണ്ടുമുട്ടുന്നവരിൽ, റിട്ടയർമെന്റ് ജീവിതത്തിലേക്ക് കടന്നവരെയും ഈ വർഷം കടക്കുന്നവരെയും വരുംവർഷങ്ങളിൽ കടക്കാനുള്ളവരെയും   ഏറെ കൗതുകത്തോടെ  ഈയിടെയായി നിരീക്ഷിക്കാറുണ്ട്.
ഒരു പക്ഷേ അഞ്ചാറ്  വർഷങ്ങൾ കഴിഞ്ഞാൽ സർക്കാർ ജോലിയിൽ നിന്ന് വിരമിക്കേണ്ടി വരുമെന്നതിനാലാണോ, സൗദിയിലെ ജിദ്ദ കിംഗ് അബ്ദുൽ അസീസ്  യൂനിവേഴ്‌സിറ്റി അധ്യാപക പദവിയിൽ നിന്നും പതിനഞ്ച് വർഷത്തെ സർവീസിന് ശേഷം   രാജിവെച്ച് പ്രവാസ ജീവിതത്തിൽ നിന്ന് വിരമിക്കൽ സ്വയം തെരഞ്ഞെടുത്ത് നാട്ടിലെത്തിയതിനാലാണോ എന്നറിയില്ല റിട്ടയർമെന്റ് ലൈഫ് പഠന വിധേയമാക്കേണ്ട ഒരു ജീവിതാവസ്ഥയാണെന്ന ഒരു ബോധം  ഉള്ളിൽ  കനംവെക്കാറുണ്ട്.
സർക്കാർ, അർധ സർക്കാർ ഉദ്യോഗസ്ഥ പദവിയിൽ എത്തിപ്പെടുന്ന ഒരാൾ  ആയുസ്സിൽ  പൊതുവെ  ഏകദേശം മുപ്പത് വർഷമാണ് പരമാവധി സർവീസിൽ ഉണ്ടാവുക. വിവിധ സർവീസുകളും തസ്തികകളും തൊഴിൽ പ്രവേശന കാലവും അനുസരിച്ച് ഏറ്റക്കുറച്ചിലുകൾ കണ്ടേക്കാം.
അമ്പത്തിയാറിലും അറുപതിലും റിട്ടയർ ചെയ്യുന്ന ചെറുപ്പക്കാരാണധികവും എന്ന് പറഞ്ഞാൽ അത്  അതിശയോക്തിയാവാനിടയില്ല. എന്നാലും അത്രയും വർഷക്കാലം തുടർന്നുവന്ന പല  ചിട്ടകളും ശീലങ്ങളും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളും വഹിച്ച പദവികളും അനുശീലിച്ച ഭാഷ പ്രയോഗങ്ങളും പെരുമാറ്റ രീതികളും  സ്വാഭാവികമായി ഒരു സുപ്രഭാതത്തിൽ മറ്റൊരു ശൈലിയിലേക്കും സമയ ക്രമത്തിലേക്കും ഉത്തരവാദിത്ത ശൂന്യതയിലേക്കും രാപ്പകലുകളിലെ   നിരന്തരമായ ഒഴിവ് വേളകളിലേക്കും വഴി  മാറേണ്ടി വരുന്ന യാഥാർത്ഥ്യമാണ് റിട്ടയർമെന്റ് ലൈഫ്. അതിനാൽ തന്നെ  പലരിലും പലതരത്തിലുള്ള വെല്ലുവിളികൾക്കും മാനസിക പിരിമുറുക്കങ്ങൾക്കും  റിട്ടയർമെന്റ് കാരണമാകുന്നുണ്ട്.
ചിലർ വളരെ വേഗം ഉന്മേഷം ചോർന്ന്  നിഷ്‌ക്രിയരായി   വിഷാദവാൻമാരായും  നിരാശ ബാധിച്ചവരായും പൊടുന്നനെ അകാല വാർധക്യത്തിലേക്ക് മാറും. മറ്റു ചിലരാകട്ടെ, കാലേക്കൂട്ടി സമാന്തരമായി ഏർപ്പെട്ടുകൊണ്ടിരുന്ന വിവിധ സാമൂഹിക രാഷ്ട്രീയ മത സാംസ്‌കാരിക സന്നദ്ധ സേവന  മേഖലകളിലും ബിസിനസ് സംരംഭങ്ങളിലും പതിവിലും കൂടുതൽ സജീവമായി ഇടപെട്ട് യൗവന യുക്തരായി തന്നെ ജീവിതോല്ലാസം നിലനിർത്തി നിർവിഘ്‌നം ഊർജസ്വലരായി മുന്നേറിക്കൊണ്ടിരിക്കുന്നതും കാണാം.
അത്തരക്കാർ റിട്ടയർമെന്റിനെ  ജീവിതോല്ലാസത്തിന്റെ  ഒടുക്കമായല്ല വേറിട്ട അധ്യായമായാണ് പരിഗണിക്കുന്നത്.  നവീകരിക്കപ്പെട്ട സ്വത്വബോധത്തോടെ  അവർ പുതിയ ലക്ഷ്യങ്ങൾ നിർണയിച്ച് നവോന്മേഷത്തോടെ മുന്നേറുന്നു. 
ചിലർ വേറിട്ട ബിസിനസ് സംരംഭങ്ങൾ, പഠന യാത്രകൾ, പുസ്തക രചന തുടങ്ങിയവയിലൂടെ വിശ്രമ ജീവിതത്തിന് കൂടുതൽ അഴകും ചാരുതയും നൽകുമ്പോൾ ചിലരാകട്ടെ, പുതിയ കോഴ്‌സുകളിൽ ചേർന്ന് വിദ്യാർത്ഥി മനസ്സിനെ സജീവമായി നിലനിർത്തി മസ്തിഷ്‌കത്തിന്റെ പ്രവർത്തനത്തെ കൂടുതൽ കാര്യക്ഷമവും   ശക്തവുമാക്കി മാറ്റുന്നു. ചിലർ തികച്ചും വ്യത്യസ്തമായ മേഖലകളിൽ ജോലി തുടർന്ന്   മെച്ചപ്പെട്ട വരുമാനവും ബന്ധങ്ങളും നേടിയെടുക്കുന്നു. ചിലരാകട്ടെ പെൻഷനേഴ്‌സ് ഗ്രൂപ്പുകൾ ഉണ്ടാക്കി സർഗധനമായി ഒഴിവുവേളകളെ ആഘോഷിക്കുന്നത് കാണാം.
ജീവിതത്തിന് പുതിയ മാനവും അർത്ഥവും നൽകി വളണ്ടിയർമാരായി സന്നദ്ധ സേവന രംഗങ്ങളിൽ  നിസ്തുലമായ സംഭാവനകൾ നൽകി ദിനരാത്രങ്ങളെ ധന്യമാക്കുന്ന ചിലരെയും കാണാവുന്നതാണ്. 
കൃഷിയിലും പ്രകൃതി പരിപാലനത്തിലും സമയം ചെലവിട്ട് മനഃശാന്തിയും വരുമാനവും നേടുന്നു മറ്റു ചിലർ. ആരോഗ്യ പരിപാലനത്തിൽ കൂടുതൽ ജാഗ്രതയും ശ്രദ്ധയും പുലർത്തുന്നതിൽ ഇത്തരക്കാർ ഒരു വിട്ടുവീഴ്ചയും കാണിക്കാറില്ല എന്നതും മാതൃകാപരം തന്നെ. മക്കളുടെ കൂടെ വിദേശത്ത് സ്വസ്ഥ ജീവിതം നയിക്കുന്നവരെയും കാണാം.
പ്രസാദാത്മകമായ മനോഭാവത്തോടെ ജീവിതത്തെ സമീപിക്കുന്നവർക്ക് റിട്ടയർമെന്റ് വലിയ പ്രതിസന്ധികൾക്കിടയാക്കാറില്ല എന്നതാണ് വസ്തുത. വരുമാനത്തിലെ ഇടിവും ബന്ധങ്ങളിലെ കുറവും ഒക്കെ അവർ ക്രിയാത്മകമായി തരണം ചെയ്ത് ജീവിതത്തെ കൂടുതൽ ജീവിക്കാൻ കൊള്ളുന്നതാക്കുന്നു.
റിട്ടയർമെന്റ് പഴയ പോലെയല്ല ഇപ്പോൾ. ഉല്ലാസ യാത്രകളും പകിട്ടാർന്ന യാത്രയയപ്പ് സമ്മേളനങ്ങളും അനുബന്ധ സെമിനാറുകളും
വീട്ടിലാക്കലുകളുമൊക്കെയായി പുതുപുതു പരിപാടികളുടെ അകമ്പടിയോടെ നടക്കുന്ന ഒരു ആഘോഷം തന്നെയാണ്. കൊറോണക്കാലം പലതും കവർന്നെടുത്ത കൂട്ടത്തിൽ അപരിഹാര്യമായി കവർന്നെടുത്തത്  പലരുടെയും റിട്ടയർമെന്റ് പരിപാടികളുടെ മേളക്കൊഴുപ്പ് കൂടിയായിരുന്നു എന്നത് ഓർക്കാതെ വയ്യ. 
റിട്ടയേർഡ് റിസോഴ്സിനെ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ അധികൃതരുടെ ഭാഗത്ത് നിന്നും  നടപടികൾ ഉണ്ടാവേണ്ടായിരിക്കുന്നു.എഴുപതും എൺപതും കഴിഞ്ഞിട്ടും രാഷ്ട്രീയം, കല, ബിസിനസ് തുടങ്ങിയ  പല മേഖലകളിലും തിളങ്ങുന്നവരിലധികവും റിട്ടയർമെന്റ് എന്ന ലക്ഷ്മണ രേഖയില്ലാത്തതിന്റെ ആനുകൂല്യത്തിൽ കർമനിരത ജീവിതത്തിന്റെ വിലക്കില്ലാത്ത  സരണിയിലൂടെ മുന്നേറുന്നത് കൊണ്ടാണെന്ന കാര്യവും  ഏറെ ചിന്തോദ്ദീപകം തന്നെ.

Latest News