എയര്‍ ഏഷ്യ വിമാനം പറന്നുയരാന്‍ വൈകി; പുറത്തിറങ്ങാന്‍ വിസമ്മതിച്ച യാത്രക്കാരെ പൈലറ്റ് മൂടല്‍ മഞ്ഞില്‍ മുക്കി

കൊല്‍ക്കത്ത- കൊല്‍ക്കത്തയില്‍ നിന്നും ബഗ്‌ഡോഗ്രയിലേക്ക് പറക്കാനിരുന്ന എയര്‍ ഏഷ്യ ഇന്ത്യ വിമാനം പറന്നുയരാന്‍ മണിക്കൂറുകളോളം വൈകിയതോടെ പ്രതിഷേധിച്ച യാത്രക്കാരെ പൈലറ്റ് എസി തണുപ്പില്‍ മുക്കി പുറത്തിറക്കാന്‍ ശ്രമിച്ചത് വിവാദമായി. മണിക്കുറുകളോളം വൈകിയ ശേഷം ഒരു വിശദീകരണവുമില്ലാതെ പുറത്തിറങ്ങാന്‍ പൈലറ്റ് ആവശ്യപ്പെട്ടതാണ് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയത്. കാരണം വ്യക്തമാക്കാതെ പുറത്തിറങ്ങില്ലെന്ന യാത്രക്കാര്‍ പറഞ്ഞതോടെ വിമാനത്തിലെ എസി പരമാവധി ശേഷിയില്‍ പ്രവര്‍ത്തിപ്പിച്ച് അകത്ത് മൂടല്‍മഞ്ഞു നിറച്ചാണ് പൈലറ്റ് ഇവരെ പുറത്താക്കാന്‍ ശ്രമിച്ചത്.

നിറയെ യാത്രക്കാരുള്ള വിമാനത്തിന്റെ അകത്തളത്തില്‍ എസിയില്‍ നിന്ന് മൂടല്‍ മഞ്ഞ് അടിച്ചു വീശിയതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി യാത്രക്കാര്‍ക്ക് ശ്വാസ തടസ്സം നേരിട്ടു. കുട്ടികള്‍ കരയുകയും പല സ്ത്രീ യാത്രക്കാരും ഛര്‍ദിക്കുകയും ചെയ്‌തെന്ന് ഈ വിമാനത്തില്‍ യാത്രചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദിപാങ്കര്‍ റായ് പറഞ്ഞു. വിമാന ജീവനക്കാരില്‍ നിന്നും പരുഷവും തീര്‍ത്തും പ്രൊഫഷണലല്ലാത്ത പെരുമാറ്റമാണ് ഉണ്ടായതെന്നും റായ് പരാതിപ്പെട്ടു. 

ബുധനാഴ്ച രാവിലെ ഒമ്പതു മണിക്ക് പറന്നുയരേണ്ടതായിരുന്നു. ആദ്യം അര മണിക്കൂര്‍ വൈകി. വിമാനത്തില്‍ കയറിയ യാത്രക്കാര്‍ ഒന്നര മണിക്കൂറാണ് അകത്ത് വെള്ളവും ഭക്ഷണവുമില്ലാതെ ഇരിക്കേണ്ടി വന്നത്. പിന്നീട് യാതൊരു വിശദീകരണവുമില്ലാതെ ക്യാപ്റ്റന്‍ യാത്രക്കാരോടെല്ലാം പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. പുറത്ത് കനത്ത മഴയായതിനാല്‍ യാത്രക്കാര്‍ ഇറങ്ങാന്‍ വിസമ്മതിച്ചു. ആരും പുറത്തിറങ്ങാതായതോടെ ക്യാപ്റ്റന്‍ വിമാനത്തിലെ എസി പരമാവധി ശക്തിയില്‍ പ്രവര്‍ത്തിപ്പിച്ചു അകത്ത് യാത്രക്കാരെ മൂടല്‍ മഞ്ഞില്‍ മുക്കി പുറത്താക്കാന്‍ ശ്രമിച്ചു. ഇത് വിമാനത്തിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അപ്രതീക്ഷിച്ച മൂടല്‍ മഞ്ഞ് പലരുടേയും ശ്വാസംമുട്ടിച്ചു- റായ് പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ റായ് ഫേസ്ബുക്കിലൂടെ പുറത്തു വിടുകയും ചെയ്തിട്ടുണ്ട്. എസി തണുപ്പ് കുറക്കാന്‍ യാത്രക്കാര്‍ വിളിച്ചു പറയുന്നതും ബഹളം വയ്ക്കുന്നതും ഈ വീഡിയോയില്‍ കേള്‍ക്കാം. എസി ബ്ലോവര്‍ ഓഫ് ചെയ്യണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ വിമാന ജീവനക്കാരുമായി തര്‍ക്കിക്കുന്നതും കാണാം.

വിമാനം വൈകിയതു മൂലം യാത്രക്കാര്‍ക്കുണ്ടായ പ്രയാസത്തില്‍ ഖേദമുണ്ടെന്ന പ്രതികരണവുമായി എയര്‍ ഏഷ്യ രംഗത്തെത്തി. സാങ്കേതിക കാരണങ്ങളാലാണ് വിമാനം നാലര മണിക്കൂര്‍ വൈകിയതെന്നും കമ്പനി വക്താവ് അറിയിച്ചു. എസിയില്‍ നിന്നുള്ള തണുപ്പ് മഞ്ഞു രൂപത്തിലായത് യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കിയിട്ടില്ലെന്നും ഉയര്‍ന്ന ഈര്‍പ്പമുള്ള സാഹചര്യങ്ങളില്‍ എസി ബ്ലോവറിന്റെ പരമാവധി ശക്തിയില്‍ പ്രവര്‍ത്തിപ്പിക്കുന്നത് സാധാരണയാണെന്നും കമ്പനി വിശദീകരിക്കുന്നു. യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയതായും കമ്പനി പറയുന്നുണ്ടെങ്കിലും ഇത് തെറ്റാണെന്ന് റായ് പറഞ്ഞു.

വിമാനത്താവളത്തിലെ ഫുഡ് കോര്‍ട്ടില്‍ ബോര്‍ഡിങ് പാസ് കാണിച്ചാല്‍ ഭക്ഷണം ലഭിക്കുമെന്നാണ് എയര്‍ ഏഷ്യ അറിയിച്ചത്. ഇതു കേട്ട് അവിടെ ചെന്ന യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കിയില്ല. പണം നല്‍കി ഭക്ഷണം വാങ്ങേണ്ടി വന്നു. രണ്ടാമതും വിമാനത്തില്‍ കയറിയ ശേഷം ഒരു സാന്‍വിച്ചും 250 മില്ലി വെള്ളവുമാണ് എയര്‍ ഏഷ്യ നല്‍കിയത്്- റായ് പറഞ്ഞു. 

Latest News