സ്വവര്‍ഗ പങ്കാളികളില്‍ സ്ഥിരതയുള്ള വൈകാരിക ബന്ധമുണ്ട്- ചീഫ് ജസറ്റിസ്

ന്യൂദല്‍ഹി- വിവാഹത്തിന് സ്ത്രീയും പുരുഷനും തന്നെ നിര്‍ബന്ധമാണോ എന്ന ചോദ്യമുയര്‍ത്തി സുപ്രീംകോടതി. സ്വവര്‍ഗ വിവാഹത്തിന് നിയമപരിരക്ഷ ആവശ്യപ്പെട്ടു നല്‍കിയ ഹരജികളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വാദം കേള്‍ക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഇക്കാര്യം ആരാഞ്ഞത്. സ്വവര്‍ഗത്തില്‍ പെട്ടവര്‍ തമ്മിലുള്ള ബന്ധം കേവലം ശാരീരിക ബന്ധത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. അത്തരം പങ്കാളികള്‍ക്കിടയില്‍ സ്ഥിരതയുള്ള വൈകാരിക ബന്ധമുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
    വിവാഹത്തെക്കുറിച്ചു നിലവിലുള്ള ധാരണയില്‍ പുനര്‍വ്യാഖ്യാനം നടത്തേണ്ടതുണ്ട്. വിവാഹത്തിന് സ്ത്രീയും പുരുഷനും തന്നെ അനിവാര്യമാണെന്ന ഒകാഴ്ചപ്പാടണ് നിലവിലുള്ളതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. തങ്ങളുടെ വ്യക്തിനിയമങ്ങള്‍ പിന്‍തുടരാന്‍ താത്പര്യമില്ലാത്തവര്‍ക്കായി 1954ല്‍ ഉണ്ടാക്കിയതാണ് സ്‌പെഷ്യല്‍ മാര്യേജ് നിയമം. സ്വവര്‍ഗാനുരാഗം കുറ്റകരമല്ലാതാക്കിയതോടെ അവര്‍ക്കിടയിലുള്ള ബന്ധം സ്ഥിരതിയുള്ളതാണെന്നും കൂടി കണ്ടെത്തുകയായിരുന്നുവെന്ന് 2018ലെ വിധി ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് പറഞ്ഞു.
    പരസ്യമായി അവഹേളിക്കപ്പെടുന്ന കാര്യത്തില്‍ ഒരു കാര്യമോര്‍ക്കണം. എല്ലാ കാര്യങ്ങളിലും പൂര്‍ണത ആവശ്യപ്പെടാനാകില്ല. സ്ത്രീയും പുരുഷനുമായ ദമ്പതികള്‍ ഉള്ള വീടുകളില്‍ കുട്ടികള്‍ ഗാര്‍ഹിക പീഡനം നേരിടുന്നില്ലേ. ആ കുട്ടിക്ക് ഒരു സാധാരണ അന്തരീക്ഷത്തില്‍ വളരാന്‍ കഴിയുമോ. മദ്യപിച്ചു ദിവസവും വീട്ടില്‍ വരികയും പണം ആവശ്യപ്പെട്ട് എല്ലാ രാത്രികളിലും അമ്മയെ സ്ഥിരമായി മര്‍ദിക്കുകയും ചെയ്യുന്ന ഒരു പിതാവുള്ള കുട്ടിയുടെ അവസ്ഥ എന്തായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് വാദത്തിനിടെ ചോദിച്ചു. വിദ്യാഭ്യാസം വ്യാപകമാകുകയും കാലം പുരോഗമിക്കുകയും ചെയ്തതോടെ പൊതു ധാരണകളില്‍ പരക്കേ മാറ്റമുണ്ടായിട്ടുണ്ട്. ഒരു കുട്ടി മാത്രമുള്ള മാതാപിതാക്കള്‍ പോലും തങ്ങള്‍ക്ക് ആണ്‍കുട്ടിയാണ് ഉണ്ടായിരിക്കേണ്ടത് എന്ന കാഴ്ചപ്പാടില്‍ നിന്നൊക്കെ ഏറെ അകന്നു മാറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ സംരക്ഷണം ആവശ്യത്തെ അനുകൂലിച്ചും എതിര്‍ത്തും ഇതുവരെ 15 ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയിട്ടുള്ളത്. അവധി ദിവസങ്ങള്‍ക്ക് ശേഷം ഹരജികളില്‍ വിശദമായ വാദം തുടരും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News