ഇസ്രായിൽ - ഫലസ്തീൻ സംഘർഷം നിലനിൽക്കുന്നതൊഴിച്ചാൽ പശ്ചിമേഷ്യൻ മേഖല ഏതാണ്ട് പരിപൂർണ സമാധാനത്തിലേക്കു നീങ്ങുന്നതിന്റെ ലക്ഷണങ്ങളുമായാണ് റമദാന്റെ പര്യവസാനം. സൗദി അറേബ്യയും ഇറാനും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതും ഹൂത്തികളും സൈന്യവുമായുള്ള സംഘർഷം അവസാനിപ്പിച്ച് യെമൻ സമാധാനത്തിലേക്കു നീങ്ങുന്നതും അറബ് രാജ്യങ്ങൾ സിറിയയുമായി പഴയ ബന്ധം പുനഃസ്ഥാപിക്കാനൊരുങ്ങുന്നതുമെല്ലാം വർഷങ്ങളായി മേഖലയിൽ നിലനിന്നിരുന്ന സംഘർഷങ്ങൾ പര്യവസാനിച്ച് സമാധാനത്തിലേക്കു നീങ്ങുന്നുവെന്നതിന്റെ സൂചനയാണ്. സമാധാന പ്രേമികളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷവും സംതൃപ്തിയും നൽകുന്ന കാര്യങ്ങളാണിത്. ചൈനയെപ്പോലുള്ള വൻകിട രാജ്യങ്ങളുടെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും സൗദി അറേബ്യയുടെ നിർണായക സ്വാധീനവും നയതന്ത്ര നിലപാടുകളുമാണ് ഇതിനെല്ലാം വഴിയൊരുക്കിയതെന്നത് എടുത്തു പറയേണ്ട കാര്യമാണ്.
ലോകത്ത് സമാധാനം പുലർന്നു കാണാനും എങ്ങും വികസനം ഉണ്ടാകാനും സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവു കൂടിയാണിത്.
തുർക്കിയുമായി സൗദിക്കുണ്ടായിരുന്ന അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് ഇരു രാജ്യങ്ങളും പരപസ്പരം സഹകരിക്കാൻ കൈകോർത്തതും അടുത്തിടെയാണ്.
അടുത്ത മാസം ജിദ്ദയിൽ നടക്കുന്ന അറബ് ഉച്ചകോടി ചരിത്ര പ്രാധാന്യമർഹിക്കുന്നതാവും. കാരണം ഗൾഫ് മേഖലയിൽ സമാധാനം പുലർന്നു കാണാനും പരസ്പരം സഹകരിച്ചു പ്രവർത്തിക്കാനും ജി.സി.സി രാജ്യങ്ങളെല്ലാം ഒരുപോലെ ആഗ്രഹിക്കുന്നതാണ്. അതു സാധ്യമാകുന്ന രീതിയിലാണ് വിവിധ തലങ്ങളിലായുള്ള നയതന്ത്ര നീക്കങ്ങൾ പുരോഗമിക്കുന്നത്.
ഏഴു വർഷത്തിലേറെയായി സൗദിയും ഇറാനും കടുത്ത അഭിപ്രായ ഭിന്നതയിലായിരുന്നു. അതവസാനിപ്പിച്ച് മഞ്ഞുരുക്കം സാധ്യമായിരിക്കുകയാണ്. റിയാദിൽ ഇറാൻ എംബസിയും ജിദ്ദയിൽ ഇറാൻ കോൺസുലേറ്റും തെഹ്‌റാനിൽ സൗദി എംബസിയും വീണ്ടും തുറക്കാനുള്ള ക്രമീകരണങ്ങൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്.
സൗദിയിൽ നയതന്ത്രാലയം തുറക്കുന്നതിന് ഇറാൻ സംഘം സൗദിയിലെത്തിക്കഴിഞ്ഞു. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷനിൽ ഇറാൻ നയതന്ത്ര കാര്യാലയത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുന്ന കാര്യവും പരിഗണനയിലാണ്. ഹജിനു മുമ്പായി റിയാദിലെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും തുറന്ന് പ്രവർത്തിക്കാനുള്ള നടപടിക്രമങ്ങളുമായാണ് ഇറാൻ മുന്നോട്ടു പോകുന്നത്. ചൈനയുടെ മധ്യസ്ഥതയിൽ നയതന്ത്ര ബന്ധം പുനരാരംഭിക്കാൻ ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാർ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇറാനിലെ സൗദി നയതന്ത്ര കാര്യാലയങ്ങൾ വീണ്ടും തുറക്കുന്ന കാര്യങ്ങൾ വിശകലനം ചെയ്യാൻ സൗദി സംഘവും തെഹ്‌റാനിലെത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ മാർച്ച് പത്തിനാണ് സൗദി അറേബ്യയും ഇറാനും ബെയ്ജിംഗിൽ കരാർ ഒപ്പുവെച്ചത്. ത്രികക്ഷി കരാറിൽ ചൈനയും ഒപ്പുവെച്ചിരുന്നു. അതിനു ശേഷം സൗദി, ഇറാൻ വിദേശ മന്ത്രിമാർ പലതവണ ഫോണിൽ ബന്ധപ്പെട്ട് സംസാരിക്കുകയും പിന്നീട് ബെയ്ജിംഗിൽ വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഈ ചർച്ചകളിലെ തീരുമാന പ്രകാരമാണ് ഇരു രാജ്യങ്ങളിലും എംബസിയും കോൺസുലേറ്റും തുറന്നു പ്രവർത്തിക്കാനും യാത്ര വിമാന സർവീസുകൾ പുനരാരംഭിക്കാനുമുള്ള നടപടികൾ ആരംഭിച്ചത്.
സൗദി അറേബ്യയും ഇറാനും തമ്മിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നത് മേഖലയിൽ സുരക്ഷയും അഭിവൃദ്ധിയുമുണ്ടാക്കാൻ ഉപകരിക്കും. എണ്ണ, ഗ്യാസ്, പെട്രോകെമിക്കൽസ്, ശാസ്ത്രം അടക്കം വ്യത്യസ്ത മേഖലകളിൽ സൗദി അറേബ്യക്കും ഇറാനും പരസ്പരം സഹകരിക്കാനും കഴിയും. ഇതോടൊപ്പം ഉഭയകക്ഷി വ്യാപാരം കുതിച്ചുയരുകയും ചെയ്യും. ഇതിനു പുറമെ യെമനിൽ ശാശ്വത വെടിനിർത്തൽ സാധ്യമാക്കാൻ ഈ മേഖലയിലെ മാറ്റങ്ങളും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദി അറേബ്യയും ഇറാനും തമ്മിലുള്ള അടുപ്പം ഈ മേഖലയിലെ മറ്റു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിലും പ്രതിഫലിക്കാൻ സഹായകമായിട്ടുണ്ട്. മേഖല രാജ്യങ്ങളുമായുള്ള സിറിയയുടെ ബന്ധം പുനഃപരിശോധിക്കുന്നതിനു പുറമെ വർഷങ്ങളായി തുടരുന്ന യെമൻ യുദ്ധത്തിന് പരിഹാരം കാണാനും സൗദി ഇറാൻ ബന്ധം വഴിയൊരുക്കിയിട്ടുണ്ട്.
പന്ത്രണ്ടു വർഷം നീണ്ട സിറിയൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ കഴിഞ്ഞ ദിവസം സിറിയയിലെത്തി പ്രസിഡന്റ് ബശാർ അൽഅസദുമായി ചർച്ച നടത്തിത്.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ആശംസകൾ വിദേശ മന്ത്രി സിറിയൻ പ്രസിഡന്റിനെ അറിയിച്ചുകൊണ്ടായിരുന്നു ചർച്ചകൾക്ക് തുടക്കമിട്ടത്.
അറബ് ലോകത്ത് സിറിയയുടെ സ്വാഭാവിക പങ്ക് പുനരാരംഭിക്കും വിധം സിറിയൻ പ്രതിസന്ധിക്ക് സമഗ്ര രാഷ്ട്രീയ പരിഹാരം സാധ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ ഇരുപക്ഷവും വിശകലനം ചെയ്തു. സിറിയൻ ജനതയുടെ ക്ഷേമം ഉറപ്പാക്കി സിറിയയുടെ അഖണ്ഡതയും സുരക്ഷയും സ്ഥിരതയും അറബ് സ്വത്വവും കാത്തുസൂക്ഷിക്കുന്നതിന് സിറിയൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കുകയാണ് സന്ദർശന ലക്ഷ്യം. സിറിയൻ വിദേശ, പ്രവാസികാര്യ മന്ത്രി ഡോ. ഫൈസൽ അൽമിഖ്ദാദ് നടത്തിയ സൗദി സന്ദർശനത്തിന്റെ തുടർച്ചയായിട്ടായിരുന്നു സൗദി വിദേശ മന്ത്രിയുടെ സിറിയൻ സന്ദർശനം. 2011 ൽ അറബ് വസന്തമെന്ന പേരിൽ അറബ് ലോകത്ത് പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി സിറിയയിൽ ഉടലെടുത്ത സർക്കാർ വിരുദ്ധ ജനകീയ പ്രക്ഷോഭത്തെ റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെ അടിച്ചമർത്തിയതാണ് സിറിയയും അറബ് ലോകവും തമ്മിലുള്ള ബന്ധം വഷളാക്കാൻ ഇടയാക്കിയത്. അടുത്ത മാസം സൗദിയിൽ നടക്കുന്ന അറബ് ഉച്ചകോടിയോടെ സിറിയയെ അറബ് ചേരിയിൽ തിരികെ എത്തിക്കാനാണ് സൗദി അറേബ്യയുടെ നേതൃത്വത്തിൽ നീക്കങ്ങൾ നടക്കുന്നത്.
എട്ടു വർഷമായി തുടരുന്ന യെമൻ സംഘർഷത്തിനും ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയാണ് സൗദി, ഒമാൻ സംയുക്ത നീക്കം ലോകത്തിനു നൽകിയിട്ടുള്ളത്. യെമനിലെ സൗദി അംബാസഡർ മുഹമ്മദ് ആലുജാബിറിന്റെ നേതൃത്വത്തിലുള്ള സംയുക്ത സംഘം സൻആയിലെത്തി ഹൂത്തി നേതാവ് മഹ്ദി അൽമുശാത്തുമായി ചർച്ച നടത്തിയതോടെയാണ് ഇതിനു വഴിതെളിഞ്ഞത്. ബന്ദികളെ പരസ്പരം വിട്ടയക്കാനും വെടിനിർത്തൽ നടത്താനും സമഗ്ര രാഷ്ട്രീയ പരിഹാരം അടക്കമുള്ള വിഷയങ്ങൾ ചർച്ചകളിലൂടെ പരിഹാരം കാണാനുമെല്ലാം ധാരണയായതും ഈ മേഖലയിലും സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പറക്കാൻ ഇടയാക്കിയിരിക്കുകയാണ്.
സംഘർഷങ്ങളും അഭിപ്രായ ഭിന്നതകളുമെല്ലാം പര്യവസാനിക്കുന്നതോടെ അറബ് മേഖല വൻശക്തിയായി മാറുമെന്നതിൽ സംശയമില്ല. നയതന്ത്ര തലത്തിലും വാണിജ്യ, വ്യവസായ മേഖകളിലും ഉണ്ടാകുന്ന പരസ്പര സഹകരണം മേഖലയുടെ സമഗ്ര വികസനത്തിനും അതിലുപരി ജനങ്ങളുടെ പരസ്പര സഹകരണത്തിനും ഇടയാക്കുമെന്നത് ഏറെ പ്രതീക്ഷയും ആനന്ദവുമാണ് ഈ മേഖലയിലെ ജനങ്ങൾക്കു നൽകിയിട്ടുള്ളത്. അതിന്റെ പ്രതിഫലനങ്ങൾ അടുത്ത മാസം നടക്കുന്ന ഉച്ചകോടിയിൽ ഉണ്ടാവും. അതിനായി ലോകം കാതോർത്തിരിക്കുകയാണ്.






