തീയേക്കാളും വൈദ്യുതിയേക്കാളും അഗാധമായി മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്നതാണ് നിർമിത ബുദ്ധിയെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. മനുഷ്യരാശി പ്രവർത്തിക്കുന്ന ഏറ്റവും അഗാധമായ സാങ്കേതിക വിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസെന്ന് താൻ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. ബുദ്ധിയുടെയും മനുഷ്യത്വത്തിന്റെയും സത്തയിലേക്കാണ് ഇത് എത്തിച്ചേരുന്നത്. അതുകൊണ്ടു തന്നെ നിർമിത ബുദ്ധിയുടെ വികസനത്തിൽ സാമൂഹിക ശാസ്ത്രജ്ഞരും നൈതിക വാദികളും തത്വചിന്തകരുമൊക്കെ ഭാഗമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യ ചരിത്രത്തിൽ തീയെയും വൈദ്യുതിയെയും പോലെ സുപ്രധാന സ്ഥാനമാണ് എ.ഐക്കുള്ളത്. എ.ഐ മോഡലുകളുടെ വികസനത്തിൽ എൻജിനീയർമാരുടെ പരിശീലനം മാത്രമല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. മനുഷ്യനു സമാനവും കൂടുതൽ നവീനവുമായ എ.ഐ മോഡലുകൾ വികസിപ്പിക്കുമ്പോൾ മറ്റു ശാഖകൾക്കും നിർണായക സ്ഥാനം ലഭിക്കണം. എ.ഐ വികസനവുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങൾക്ക് പ്രത്യേക കമ്പനികൾ മാത്രമല്ല, സമൂഹം മൊത്തത്തിൽ തന്നെ ഉത്തരങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ചാറ്റ്ജിപിടി പോലുള്ളവ നയിക്കുന്ന മത്സരം സമീപകാലത്തെ സാങ്കേതിക വികസനത്തിൽ വൻ കുതിച്ചുചാട്ടമാണ് കാഴ്ചവെച്ചിരിക്കുന്നത്. വർഷങ്ങളായി ഗവേഷണവും വികസനവും തുടരുന്ന ഗൂഗിൾ പോലുള്ള സാങ്കേതിക കമ്പനികളെ സ്വന്തം ഉൽപന്നങ്ങൾ വേഗത്തിൽ പുറത്തിറക്കാനാണ് ഇത് പ്രേരിപ്പിച്ചിരിക്കുന്നത്. എ.ഐയുടെ ഗുണവും ദോഷവും തീയുടെ പുരാതന കണ്ടെത്തലുമായാണ് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ആവർത്തിച്ച് താരതമ്യം ചെയ്യുന്നത്.
കഴിഞ്ഞ അഞ്ച് വർഷമായി നിർമിത ബുദ്ധിയെ കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം ഈ താരതമ്യമാണ് നടത്താറുള്ളത്. നമ്മൾ മുമ്പ് കണ്ടിട്ടുള്ള എല്ലാത്തിനേക്കാളും കൂടുതൽ കഴിവ് നിർമിത ബുദ്ധിക്ക് ഉണ്ടെങ്കിലും പരിഹരിക്കപ്പെടേണ്ട ആശങ്കകളുമുണ്ടെന്ന് പിച്ചൈ സമ്മതിക്കുന്നു. തീ പോലെ നിർമിത ബുദ്ധിയും അപകടകരമാണെന്നും ദോഷം വരുത്താനുള്ള സാധ്യതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നിർമിത ബുദ്ധിയുടെ വികസനം എൻജിനീയർമാരുടെ മാത്രം ഉത്തരവാദിത്തമാകരുതെന്നും മറിച്ച് സാമൂഹിക ശാസ്ത്രജ്ഞരേയും ധാർമിക, തത്ത്വചിന്തകരേയും മറ്റ് വിദഗ്ധരേയുമൊക്കെ അതിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. എല്ലാവർക്കും പ്രയോജനകരമായ നിർമിത ബുദ്ധി എങ്ങനെ വികസിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സമൂഹം മൊത്തത്തിൽ ഉത്തരം നൽകണമെന്നും അദ്ദേഹം കരുതുന്നു.






