ഇന്ത്യയിൽ അതിവേഗത്തിലാണ് 5ജി സേവനം നൽകിയതെന്ന് കമ്യൂണിക്കേഷൻസ് സഹമന്ത്രി ദേവിസിംഹ് ചൗഹാൻ പറഞ്ഞു. രാജ്യത്ത് 5ജി നടപ്പിലാക്കിയതിനു ശേഷം 600 ജില്ലകളിൽ സേവനമെത്തിക്കാൻ 200 ദിവസത്തിൽ താഴെ മാത്രമാണെടുത്തത്. മൂന്ന് വർഷത്തിൽ താഴെ മാത്രമെടുത്ത് ഇന്ത്യ 4ജി, 5ജി സാങ്കേതിക വിദ്യ തദ്ദേശീയമായി വികസിപ്പിച്ച് ലോകത്തെ തന്നെ വിസ്മയിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഹൈദരാബാദിൽ ജി20 ഡിജിറ്റൽ ഇക്കോണമി വർക്കിംഗ് ഗ്രൂപ്പിന്റെ രണ്ടാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്ക് അടിസ്ഥാനപരമായി അന്ത്യോദയ കാഴ്ചപ്പാടാണ് പ്രേരകമെന്ന് മന്ത്രി അവകാശപ്പെട്ടു. ലോകത്ത് ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം നെറ്റ്വർക്കാണ് ഇന്ത്യയിലേതെന്നും ഏറ്റവും കുറഞ്ഞ ഡാറ്റ നിരക്ക് സവിശേഷതയാണെന്നും അദ്ദേഹം പറഞ്ഞു.






