- ചോക്ലേറ്റ് വാങ്ങിത്തരമാമെന്നു പറഞ്ഞാണ് കുഞ്ഞിനെ കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ശ്വാസം മുട്ടിച്ച് കുഞ്ഞിനെ പുഴയിലേക്ക് വലിച്ചെറിയുകയാണുണ്ടായതെന്നും പ്രതി മൊഴി നൽകിയതായി പോലീസ്.
മുംബൈ - രണ്ടു വയസ്സുള്ള പിഞ്ചോമനയെ കൊന്ന് പുഴയിൽ തള്ളിയ യുവാവ് പിടിയിൽ. ഇന്നലെയാണ് മുംബൈയിലെ മാഹിമിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകൾക്കകം കുട്ടിയുടെ പിതാവ് റഹ്മത്ത് അലി ഷൗക്കത്ത് അലി അൻസാരി(30)യെ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
കാമുകിക്കൊപ്പം കഴിയാനാണ് കുഞ്ഞിനെ കൊന്നതെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. ഒരുമിച്ച് കഴിയാൻ ഭാര്യയെയും കുട്ടിയെയും കൊല്ലണണമെന്ന് കാമുകി ആവശ്യപ്പെട്ടെന്നും പ്രതി മൊഴി നൽകി. ചോക്ലേറ്റ് വാങ്ങിത്തരാം എന്ന് പറഞ്ഞാണ് കുഞ്ഞിനെ കൂട്ടുകൊണ്ടുപോയത്. എന്നാൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ മകനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ശേഷം കുഞ്ഞിന്റെ ശരീരം പുഴയിലേക്ക് എടുത്തെറിയുകയാണുണ്ടായത്.
പ്രതി, ഭാര്യ തഹീറ ബാനുവിനും രണ്ട് വയസ്സുള്ള മകൻ മുഹമ്മദ് അസദിനുമൊപ്പം ധാരാവിയിലെ ഹയാത്ത് കോമ്പൗണ്ടിനടുത്താണ് താമസിച്ചിരുന്നത്. അതിനിടയിലാണ് ഇയാൾക്ക് മറ്റൊരു ബന്ധം ഉണ്ടായത്. ഭാര്യയും മകനും ജീവിതത്തിൽ ഇല്ലെങ്കിൽ മാത്രമേ വിവാഹം കഴിക്കൂവെന്ന് പെൺ സുഹൃത്ത് പറഞ്ഞതിനെ തുടർന്നാണ് കൊലപാതകമെന്നും പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു.