Sorry, you need to enable JavaScript to visit this website.

ഇസ്ലാമിക രാജ്യം എന്നായിരുന്നെങ്കിലോ, വിവാദ കമാനത്തെ കുറിച്ച് അബ്ദുറബ്ബ്

മലപ്പുറം-തലശ്ശേരി നഗരസഭാ പരിധിയിലുളള തിരുവങ്ങാട് വാര്‍ഡില്‍ 'രാമരാജ്യത്തിലേക്ക് സ്വാഗതം' എന്നെഴുതിയ കമാനം സ്ഥാപിച്ചതില്‍ പ്രതികരണവുമായി മുന്‍ വിദ്യാഭ്യാസമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്. ഇരട്ടച്ചങ്കന്റെ കേരളത്തില്‍, കമ്മ്യൂണിസ്റ്റ് കോട്ടയെന്ന് അഹങ്കരിക്കുന്ന തല്‌ശ്ശേരിയില്‍ വെച്ച ബോര്‍ഡാണിതെന്ന് അബ്ദുറബ്ബ് പറഞ്ഞു.
രാമരാജ്യത്തിലേക്ക് എന്നായത് നന്നായി, ഇസ്ലാമിക രാജ്യത്തേക്ക് എന്നോ മറ്റോ ആയിരുന്നെങ്കില്‍ എന്തായേനേ പുകിലെന്ന് അദ്ദേഹം ചോദിച്ചു.  ഫേസ് ബുക്കിലാണ് അബ്ദുറബ്ബിന്റെ പ്രതികരണം.

'യുപിയിലെ ഏതോ കുഗ്രാമത്തില്‍വെച്ച മലയാളം ബോര്‍ഡല്ല, ഇരട്ടച്ചങ്കന്റെ കേരളത്തില്‍, കമ്മ്യൂണിസ്റ്റ് കോട്ടയെന്ന് അഹങ്കരിക്കുന്ന തലശേരിയില്‍ സംഘപരിവാര്‍ വെച്ച ബോര്‍ഡാണിത്. സ്വാഗതം 'രാമരാജ്യത്തിലേക്ക്' എന്നായത് എത്ര നന്നായി... ഇസ്ലാമിക രാജ്യത്തിലേക്ക് എന്നോ മറ്റോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകില്... അഞ്ചാറ് യുഎപിഎ, അഞ്ചാറ് ദിവസം അന്തിച്ചര്‍ച്ച, ബോര്‍ഡ് വെച്ചവരുടെ ഐ എസ് ബന്ധം, അവര്‍ കേള്‍ക്കുന്ന സാകിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍, അവര്‍ വായിക്കുന്ന പുസ്തകങ്ങള്‍ മുതല്‍ പഠിച്ച മദ്രസകള്‍ വരെ... ചര്‍ച്ചകളും അന്വേഷണങ്ങളും കൊഴുക്കുമായിരുന്നു. പടച്ചോന്‍ കാത്തു' എന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചത്.
തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വിഷുമഹോത്സവത്തിന്റെ ഭാഗമായാണ് വിവാദ കമാനം സ്ഥാപിച്ചത്. ദേവസ്വം ബോര്‍ഡിനു കീഴിലുളള ക്ഷേത്രമാണെങ്കിലും ബിജെപി സ്വാധീന മേഖലയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബോര്‍ഡ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ഡി വൈ എഫ് ഐ 'ആരുടെയും രാജ്യത്തേക്കല്ല, തിരുവങ്ങാടിന്റെ മണ്ണിലേക്ക് സ്വാഗതം' എന്നെഴുതിയ മറുപടി ബോര്‍ഡ് സ്ഥലത്ത് സ്ഥാപിച്ചിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News