സ്വപ്‌നം സഫലം: കരിഷ്മ ഇനി കുടുംബത്തോടൊപ്പം

മലപ്പുറം- ഗവ. റെസ്‌ക്യൂ ഹോമിലെ താമസക്കാരായ കരിഷ്മ ഇനി കുടുംബത്തോടൊപ്പം ജീവിക്കും. ഇന്ന് ഇവര്‍ കുടുംബത്തോടൊപ്പം നാട്ടിലേക്ക് തിരിച്ചു. 2008 മാര്‍ച്ച് 21 നാണ് തവനൂര്‍ റെസ്‌ക്യൂ ഹോമില്‍ കരിഷ്മ (50) എന്ന മഹാരാഷ്ട്ര പട്വ പ്രവിശ്യയിലെ റോഹാ, റായ്ഗര്‍ഹ് സ്വദേശി എത്തിയത്. റോഹാ താലൂക്കിലെ വാങ്ടി ഗ്രാമത്തില്‍ അങ്കണവാടി അധ്യാപികയായിരുന്ന കരിഷ്മ മാനസിക അസ്വസ്ഥതയെ തുടര്‍ന്ന് പിഞ്ചുമക്കളെ വിദ്യാലയത്തിലേക്ക് അയച്ച് നാടുവിടുകയായിരുന്നു. അഞ്ച് വര്‍ഷത്തോളം മറ്റിടങ്ങളില്‍ അലഞ്ഞുതിരിഞ്ഞു 2008 ല്‍ പെരിന്തല്‍മണ്ണ പോലീസ് വഴി തവനൂര്‍ റെസ്‌ക്യൂ ഹോമില്‍ എത്തുകയായിരുന്നു.
റെസ്‌ക്യൂ ഹോം താമസക്കാരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി സ്ഥാപന സൂപ്രണ്ട് മുഖേന കരിഷ്മയുടെ വിവരങ്ങള്‍ 'മിസ്സിംഗ് പേഴ്‌സണ്‍സ് കേരള' എന്ന വാട്‌സ് ആപ്പ്് ഗ്രൂപ്പില്‍ അറിയിച്ചത്. തുടര്‍ന്നാണ് കുടുംബത്തെ കണ്ടെത്തിയത്. ഉടന്‍ തന്നെ മക്കളും മറ്റു കുടുംബാംഗങ്ങളും വീഡിയോ കോള്‍ വഴി പരസ്പരം തിരിച്ചറിയുകയും ചെയ്തു. താലൂക്കില്‍നിന്നു രേഖകള്‍ കൈപ്പറ്റി  മകനും മറ്റു കുടുംബാംഗങ്ങളും സ്ഥാപനത്തിലെത്തി കരിഷ്മയെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടി.എം ശ്രുതി. സ്ഥാപന സൂപ്രണ്ട് എന്‍. റസിയ, തവനൂര്‍ മഹിളാ മന്ദിരം സൂപണ്ട് എന്‍.ടി സൈനബ, മിസ്റ്റിംഗ് പേഴ്‌സണ്‍സ് കേരള ഗ്രൂപ്പ് അഡ്മിനും തലശ്ശേരി ചില്‍ഡ്രന്‍സ് ഹോമിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ഇന്‍സ്‌പെക്ടറുമായ ഒ.കെ അഷറഫ്, മറ്റു സ്ഥാപന ജീവനക്കാര്‍, മനേജ്‌മെന്റ് കമ്മിറ്റി അംഗം എം. ബാലചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് കരിഷ്മയെ ബന്ധുക്കളോടൊപ്പം യാത്രയാക്കി.

 

Latest News