അതീഖ് അഹമ്മദ് എന്ന ക്രിമിനൽ പശ്ചാത്തലമുള്ള രാഷ്ട്രീയ നേതാവും സഹോദരനും ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽവെച്ച് ഏപ്രിൽ 15 ന് കൊല്ലപ്പെട്ടത് വലിയ വാർത്തയാണ്. തലേദിവസമാണ് മുതിർന്ന ബി.ജെ.പി നേതാവും മുൻ കശ്മീർ ഗവർണറുമായ സത്യപാൽ മാലിക് പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച സെൻസേഷണൽ വെളിപ്പെടുത്തലുകൾ നടത്തിയത്. ഒരുപക്ഷെ, മാലികിന്റെ വാർത്തയിൽനിന്ന് വഴിതിരിച്ചുവിടുവാൻ ആസൂത്രണംചെയ്ത കൊലകളായിരുന്നിരിക്കാം അതീഖിന്റെയും സഹോദരന്റെയും. യൂ.പിയുടെ സമീപകാല രാഷ്ട്രീയ അന്തർധാര പരിശോധിക്കുമ്പോൾ അവിടെ നടക്കുന്ന പലതും ഇന്ത്യൻ നിയമവ്യവസ്ഥക്ക് പുറത്താണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. തനി അരാജകത്വമാണ് യോഗിയുടെ ഭരണത്തിന്റെ മുഖമുദ്ര.
പ്രമാദമായ പല വ്യാജ ഏറ്റുമുട്ടൽ പരമ്പരകളും ഇന്ത്യൻ രാഷ്ട്രീയത്തിൽ അരങ്ങേറിയത് മോഡി ഗുജറാത്തിലെ മുഖ്യമന്ത്രിയും അമിത്ഷാ ആഭ്യന്തര മന്ത്രിയുമായ കാലഘട്ടത്തിലാണ്. 2002നും 2006 നുമിടക്ക് 22 ഏറ്റുമുട്ടലുകളാണ് നടന്നത്. സാദിഖ് ജമാൽ, ഇസ്രത് ജഹാൻ, സൊഹ്‌റാബുദീൻ ഷെയ്ഖ്, തുളസീറാം പ്രജാപതി എന്നിവരുടേത് വ്യാജ ഏറ്റുമുട്ടലുകളായിരുന്നു.
ഇവയുടെയൊക്കെ കഥകൾ പിന്നീട് പല പ്രസിദ്ധീകരണങ്ങളിലും പുസ്തകങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഏറ്റുമുട്ടൽ കൊലകൾ നടന്നത് ബോംബെ അധോലോകത്തിനെതിരെ മുംബൈയിലാണ്. ആ പാതയിലാണ് പിന്നീട് വിവിധ സംസ്ഥാനങ്ങളിൽ അധികാരത്തിൽവന്ന ബിജെപി സർക്കാരുകൾ സഞ്ചരിച്ചത്. ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, ആസം, കാശ്മീർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വ്യാജ ഏറ്റുമുട്ടലുകൾ നടന്നിട്ടുള്ളത്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഏറ്റുമുട്ടൽ കൊലപാതകങ്ങൾ തെറ്റാണ്. രാഷ്ട്രത്തിന് അത്രമേൽ ഭീഷണിയുള്ള തീവ്രഗ്രൂപ്പുകളെ കീഴടക്കാൻ അസാധ്യമെന്ന് തോന്നുന്ന അപൂർവ്വ ഘട്ടങ്ങളിലോ, സുരക്ഷാ സേനയുടെ സ്വയരക്ഷക്ക് വേണ്ടിയോ അല്ലാതെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ന്യായീകരിക്കപ്പെടാവുന്നതല്ല. നീതി വ്യവസ്ഥയുടെ പരാജയമായിട്ടാണ് പരിഷ്‌കൃത സമൂഹം ഇതിനെ കാണുന്നത്. എന്നാൽ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ 2017 മുതൽ ഇതുവരേക്കും 10,900 ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ടെന്ന് രേഖകൾ പറയുന്നു. തോക്കിന്റെ ഭാഷയിൽ വിശ്വസിക്കുന്നവർക്ക് അതേ രീതിയിൽ മറുപടി നൽകുമെന്ന് ഭീഷണിപ്പെടുത്തുന്ന മുഖ്യമന്ത്രിയാണ് യോഗി.
183 പേരെയാണ് ഈ കാലയളവിൽ ഉത്തർ പ്രദേശിൽ പോലീസ് കൊന്നുതള്ളിയത്. തോക്കുകളുടെ ശക്തിയാണ് നിയമത്തിന്റെ ശക്തിയെക്കാൾ ഇത്തരം ഭരണാധികാരികൾ വിശ്വസിക്കുന്നത്. കുറഞ്ഞത് 59 നിയമവിരുദ്ധ കൊലപാതകങ്ങൾ പോലീസ് നടത്തിയെന്ന ആരോപണങ്ങളിൽ യുഎൻ മനുഷ്യാവകാശ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
2019 ൽ ഹൈദരാബാദിലെ ഒരു വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തുവെന്ന് ആരോപണം നേരിട്ട നാല് പ്രതികളെ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുപോയി അവിടെവെച്ച് ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചു. സുപ്രീം കോടതി ജഡ്ജായിരുന്ന ജസ്റ്റിസ് വി.എസ് സിർപുർകാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്, ഇത് മനപൂർവ്വമുള്ള കൊലയാണെന്നാണ്.
ഇന്ത്യൻ പീനൽകോഡ് വകുപ്പ് 300ൽ പറയുന്നത് ഒരാളെ അയാളുടെ അനുവാദമില്ലാതെ കൊല്ലുന്നത് നിയമ വിരുദ്ധമാണെന്നാണ്. കൊല നടത്തുവാനുള്ള അധികാരം നിയമപാലകർക്കല്ല, നീതിന്യായ വ്യവസ്ഥക്കുള്ളതാണ്. അത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നിർദ്ദയം ലംഘിക്കുകയാണ്. പോലീസിന് അനന്തമായ അധികാരമാണ് ജനങ്ങളുടെ സ്വത്തിനും ജീവനും മേലുള്ളത്. രാജ്യത്ത് ക്രമസമാധാനം പുലരുന്നതിന് വേണ്ടിയാണതങ്ങനെ.
അത് രാഷ്ട്രീയപരമായി കൈകാര്യം ചെയ്യാൻ തീരുമാനിച്ചാൽ പിന്നീട് ആ നാട്ടിൽ ക്രമസമാധാനമോ നീതിയോ ഉണ്ടാവില്ല. യു.പിയിൽ ഇപ്പോൾ സംഭവിക്കുന്നതും അതുതന്നെയാണ്. എൻകൗണ്ടർ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഏറ്റുമുട്ടൽ കൊലകൾക്ക് സേനയിൽ സ്‌പെഷ്യലിസ്റ്റുകൾ തന്നെയുണ്ട്. അവരും ആഭ്യന്തരം കയ്യാളുന്നവരും തമ്മിൽ ഗൂഢവും ഗാഢവുമായ ബന്ധമാണുണ്ടാകുക.
പലതും മറച്ചുവെക്കുവാനും, വലിയ അഴിമതികളും ആരോപണങ്ങളും മറികടക്കാനും, തെരെഞ്ഞെടുപ്പ് ജയിക്കുവാനും, തനിക്ക് തീവ്രവാദികളിൽ നിന്ന് ഭീഷണിയുണ്ടെന്ന് സ്ഥാപിക്കുന്നതിനും അതുവഴി ദേശീയ ശ്രദ്ധയാകർഷിക്കുന്ന നേതാവായി വളരുവാനും, തങ്ങൾക്കിഷ്ടമില്ലാത്ത വിഭാഗങ്ങളെ തുടച്ചുനീക്കുവാനും ഒക്കെയാണ് ഭീകരാക്രമണങ്ങളും ഏറ്റുമുട്ടൽ കൊലപാതങ്ങളും നടക്കുന്നത്. ഇതിൽ ഭൂരിപക്ഷവും രാഷ്ട്രീയക്കാരായ ഭരണകൂടങ്ങൾ നടത്തുന്നവയാണ്. 2001ലെ പാർലമെന്റ് ആക്രമണം അത്തരത്തിലുള്ളതായിരുന്നു.
ഡീപ് സ്റ്റേറ്റ് ഭരണകൂടം ഉള്ളിടത്തൊക്കെ ഇങ്ങനെയാണ്. അവരാണ് ഭീകരരെ ഉണ്ടാക്കിയെടുക്കുന്നത്. ആവശ്യം വരുമ്പോൾ ഉപയോഗിക്കുന്നത്. ആവശ്യം കഴിഞ്ഞാൽ കൊല്ലുന്നതും. 2002ലെ കലാപകാലത്ത് ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്നു ഹരേൺ പാണ്ഢ്യ. കേശുഭായ് പട്ടേലിന്റെ മന്ത്രിസഭയിലെ രണ്ടാമനും വി.എച്ച്.പിയുടെ നേതാവ് പ്രവീൺ തൊഗാഡിയയുടെ പ്രതിനിധിയുമായിരുന്നു.
കലാപത്തിന് ശേഷം നടന്ന തെരെഞ്ഞെടുപ്പിൽ ഹരേൺ പാണ്ഢ്യക്ക് മോഡി സീറ്റ് കൊടുത്തില്ല. ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ദി കൺസേൺഡ് സിറ്റിസൺസ് ട്രിബ്യുണലിന് മുന്നിൽ ഗുജറാത്ത് കലാപത്തിന്റെ വസ്തുതകൾ പാണ്ഡ്യ വിശദീകരിക്കുമെന്ന് ഭരണകൂടത്തിന് ബോധ്യമായി. അന്ന് പ്രഭാതത്തിൽ നടക്കാനിറങ്ങിയ പാണ്ഡ്യക്ക് ദാരുണാന്ത്യം സംഭവിച്ചു. ഗുജറാത്ത് കലാപം പോലെ, നൂറുകണക്കായ വ്യാജ ഏറ്റുമുട്ടൽ പോലെ, തെരെഞ്ഞെടുപ്പ് കാലത്തെ ബോംബ് സ്‌ഫോടനങ്ങൾപോലെ, മുൻ എം.പി ഇഹ്‌സാൻ ജാഫ്രിയുടെ ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല പോലെ ഹരേൺ പാണ്ഡ്യയുടെ കേസും വിസ്മൃതിയിലായി.






