Sorry, you need to enable JavaScript to visit this website.

മൂത്രത്തിന്റെ നിറം മാറ്റത്തിലൂടെ  കരള്‍ രോഗമുണ്ടോയെന്ന് മനസ്സിലാക്കാം 

അഹമ്മദാബാദ്-ഗുരുതരമായാല്‍ ജീവന്‍ വരെ നഷ്ടമാകുന്ന രോഗാവസ്ഥയാണ് കരള്‍ രോഗം. ആദ്യ ഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിഞ്ഞ് ചികിത്സ നേടുകയാണ് അത്യാവശ്യമായി വേണ്ടത്. ചികിത്സ വൈകും തോറും അത് ജീവന് ഭീഷണിയാകുന്നു. നിങ്ങള്‍ക്ക് കരള്‍ രോഗം ഉണ്ടോ എന്ന് ഈ ലക്ഷണങ്ങളില്‍ നിന്ന് തിരിച്ചറിയാം-ചര്‍മവും കണ്ണുകളും ഇളം മഞ്ഞ നിറത്തില്‍ കാണപ്പെടും, 
വയറുവേദനയും വീക്കവും, കാലുകളിലും കണങ്കാലുകളിലും വീക്കം, തൊലിയില്‍ ചൊറിച്ചില്‍, 
മൂത്രത്തിന് ഇരുണ്ട നിറം, മലത്തിന്റെ നിറത്തില്‍ മാറ്റം, വിട്ടുമാറാത്ത ക്ഷീണം,ഓക്കാനവും ഛര്‍ദ്ദിയും, 
വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 
ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ കരള്‍ സംബന്ധമായ ചികിത്സയ്ക്ക് വിധേയമാകണം.
 കരളിനെ ഏറ്റവും ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാന്‍ മനുഷ്യന്‍ പഠിക്കണം.  കരള്‍ രോഗം ഉണ്ടായാല്‍ അത് മദ്യപാനം കൊണ്ട് മാത്രമാണെന്ന് കരുതുന്നവരാണ് ഏറെയും. എന്നാല്‍, അത് തെറ്റായ ചിന്താഗതിയാണ്. മദ്യ ഇതര കരള്‍ രോഗത്തെ കുറിച്ചും നാം ബോധവാന്‍മാരാകണം.
അമിതമായ അന്നജം ശരീരത്തില്‍ എത്തുന്നത് ഫാറ്റി ലിവറിന് കാരണമാകുന്നു. അതായത് അമിതമായ അരി ഭക്ഷണം ആരോഗ്യത്തിനു ദോഷമാണ്. അമിതമായ അരി ഭക്ഷണം ശരീരത്തിലേക്ക് കടത്തിവിടരുത്. ശരീരത്തിനു കൃത്യമായ വ്യായാമം ഇല്ലാത്തതും ഫാറ്റി ലിവറിന് കാരണമാകും. മദ്യപാനം മാത്രമല്ല കരളിനെ അപകടാവസ്ഥയിലാക്കുന്നതെന്ന് മനസ്സിലാക്കുക. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. അമിത വണ്ണമുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കില്‍ ഇത് ലിവര്‍ സിറോസിസിലേക്ക് വരെ നയിക്കാം. ഭക്ഷണ രീതിയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിന് പ്രധാന കാരണം.
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, പ്രമേഹം എന്നിവ ഉള്ളവരില്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ വേഗം വന്നേക്കാം. പുകവലിയും ഈ അവസ്ഥയ്ക്ക് കാരണമാകും.

Latest News