Sorry, you need to enable JavaScript to visit this website.

സിറിയന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാര ശ്രമങ്ങളുമായി സൗദി

സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനെ സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദ് സ്വീകരിക്കുന്നു.

സൗദി വിദേശ മന്ത്രി സിറിയയില്‍

റിയാദ് - പന്ത്രണ്ടു വര്‍ഷം നീണ്ട സിറിയന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍  സിറിയയിലെത്തി സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദുമായി ചര്‍ച്ച നടത്തി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ആശംസകള്‍ വിദേശ മന്ത്രി സിറിയന്‍ പ്രസിഡന്റിനെ അറിയിച്ചു. സിറിയന്‍ ജനതയുടെ ക്ഷേമം കൈവരിക്കുകയും സിറിയയുടെ അഖണ്ഡതയും സുരക്ഷയും സ്ഥിരതയും അറബ് സ്വത്വവും കാത്തുസൂക്ഷിക്കുന്ന നിലക്ക് സിറിയന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ശ്രമങ്ങള്‍ സൗദി വിദേശ മന്ത്രിയും സിറിയന്‍ പ്രസിഡന്റും വിശകലനം ചെയ്തു.
പ്രതിസന്ധിയുടെ എല്ലാ പ്രത്യാഘാതങ്ങളും അവസാനിപ്പിക്കുകയും ദേശീയ അനുരഞ്ജനം കൈവരിക്കുകയും അറബ് ചുറ്റുപാടുകളിലേക്ക് സിറിയയുടെ തിരിച്ചുവരവിന് സഹായിക്കുകയും അറബ് ലോകത്ത് സിറിയയുടെ സ്വാഭാവിക പങ്ക് പുനരാരംഭിക്കുകയും ചെയ്യുന്ന നിലക്ക് സിറിയന്‍ പ്രതിസന്ധിക്ക് സമഗ്ര രാഷ്ട്രീയ പരിഹാരം സാധ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ ഇരുപക്ഷവും വിശകലനം ചെയ്തു. സിറിയയിലെ എല്ലാ പ്രദേശങ്ങളിലും സഹായം എത്തിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കല്‍, സിറിയന്‍ അഭയാര്‍ഥികള്‍ക്കും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കും സ്വന്തം പ്രദേശങ്ങളിലേക്ക് മടങ്ങാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കല്‍, അവരുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കല്‍, സുരക്ഷിതരായി സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ അവരെ പ്രാപ്തരാക്കല്‍ എന്നിവയുടെ പ്രാധാന്യം സൗദി വിദേശ മന്ത്രി സിറിയന്‍ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി. സിറിയയിലുടനീളം സ്ഥിതിഗതികള്‍ സുസ്ഥിരമാക്കാന്‍ ഇവ സഹായിക്കുമെന്നും വിദേശ മന്ത്രി പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങള്‍ക്കുള്ള സൗദി വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. സൗദ് അല്‍സാത്തി, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ അബ്ദുറഹമാന്‍ അല്‍ദാവൂദ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
ഒരു ദശകത്തിലേറെ നീണ്ട ഇടവേളക്കു ശേഷം സിറിയയുടെ അഖണ്ഡതയും സുരക്ഷയും സ്ഥിരതയും അറബ് സ്വത്വവും കാത്തുസൂക്ഷിക്കുകയും അറബ് ചുറ്റുപാടിലേക്ക് സിറിയയെ തിരിച്ചെത്തിക്കുകയും ചെയ്യുന്ന നിലക്ക് സിറിയന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള സൗദി അറേബ്യയുടെ അതീവ താല്‍പര്യത്തിന്റെ ഭാഗമായാണ് വിദേശ മന്ത്രി സിറിയ സന്ദര്‍ശിച്ച് സിറിയന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തിയത്. ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സൗദി വിദേശ മന്ത്രിയെ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രി മന്‍സൂര്‍ അസ്സാം സ്വീകരിച്ചു. ദിവസങ്ങള്‍ക്കു മുമ്പ് സിറിയന്‍ വിദേശ മന്ത്രി ഫൈസല്‍ അല്‍മിഖ്ദാദ് സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു.
2011 ല്‍ അറബ് വസന്തമെന്ന പേരില്‍ അറബ് ലോകത്ത് പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളുടെ അനുരണനമെന്നോണം സിറിയയില്‍ ഉടലെടുത്ത സര്‍ക്കാര്‍ വിരുദ്ധ ജനകീയ പ്രക്ഷോഭത്തെ റഷ്യയുടെയും ഇറാന്റെയും ശക്തമായ പിന്തുണയോടെ ചോരയില്‍ മുക്കിക്കൊന്നതാണ് സിറിയയും അറബ് ലോകവും തമ്മിലുള്ള ബന്ധം വഷളാക്കിയത്. അടുത്ത മാസം സൗദിയില്‍ നടക്കുന്ന അറബ് ഉച്ചകോടിയോടെ സിറിയയെ അറബ് ചേരിയില്‍ തിരികെ എത്തിക്കാനാണ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നീക്കങ്ങള്‍ നടക്കുന്നത്. ഏഴു വര്‍ഷം നീണ്ട ശത്രുതക്കൊടുവില്‍ സൗദി, ഇറാന്‍ ബന്ധം സാധാരണ നിലയിലാകുന്നത് സിറിയന്‍, യെമന്‍ സംഘര്‍ഷങ്ങള്‍ക്ക് അന്ത്യമുണ്ടാക്കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പന്ത്രണ്ടു വര്‍ഷം പിന്നിട്ട സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ 6,13,000 ലേറെ പേര്‍ കൊല്ലപ്പെടുകയും 66 ലക്ഷം പേര്‍ അഭയാര്‍ഥികളാവുകയും 67 ലക്ഷം പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

 

Latest News