അന്ത്യശാസന സമയം കഴിഞ്ഞു, കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ നല്‍കിയില്ല

തിരുവനന്തപുരം- ഹൈക്കോടതി അന്ത്യശാസനം നല്‍കിയിട്ടും കെ.എസ്.ആര്‍.ടി.സിയില്‍നിന്നു വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ നല്‍കാന്‍ കോര്‍പ്പറേഷന് സാധിച്ചില്ല. തിങ്കള്‍ ആയിരുന്നു ഹൈക്കോടതി അനുവദിച്ച സമയം. സര്‍ക്കാര്‍ 140 കോടി അനുവദിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളില്‍ പെന്‍ഷന്‍ വിതരണം തടസ്സപ്പെട്ടു.  എസ്.ബി.ഐയില്‍  ആയിരുന്നു ജീവനക്കാരുടെ പെന്‍ഷന്‍ അക്കൗണ്ട്. പെന്‍ഷന്‍ യഥാസമയം നല്‍കാന്‍ പണം ഇല്ലാതായതോടെ  സഹകരണ ബാങ്കുകളുമായി കരാറിലേര്‍പ്പെട്ട് ബാങ്കുകള്‍  വഴി ആയിരുന്നു പെന്‍ഷന്‍ വിതരണം.
സഹകരണ ബാങ്കുകള്‍ അവരുടെ നിക്ഷേപത്തില്‍നിന്നാണ് പെന്‍ഷന്‍ നല്‍കി വന്നത്. സര്‍ക്കാര്‍ തുക അനുവദിക്കുന്ന മുറക്ക് പലിശ ഉള്‍പ്പെടെ പണം തിരികെ  നല്‍കിയിരുന്നു. 8.25 ശതമാനമായിരുന്നു പലിശ ഇനത്തില്‍ നല്‍കിയിരുന്നത്. തങ്ങള്‍ക്ക് ഇത് നഷ്ടമാണെന്നും ഒമ്പതു ശതമാനം വേണമെന്നും സഹകരണ സംഘങ്ങള്‍ ആവശ്യം ഉന്നയിച്ചു.  പലിശ കൂടുതല്‍ നല്‍കുന്നത്  സംബന്ധിച്ച് കോര്‍പ്പറേഷന്‍ തീരുമാനം എടുത്തിട്ടില്ല. പെന്‍ഷന്‍ സഹകരണ സംഘങ്ങള്‍ ഏറ്റെടുത്തതോടെ എസ്ബിഐയിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെ എസ്.ബി.ഐ വഴി പെന്‍ഷന്‍ നല്‍കാനും  സാധിക്കുന്നില്ല.

 

Latest News