നെടുമ്പാശ്ശേരി- വിശുദ്ധ റമദാനിലെ ഇരുപത്തി ഏഴാം രാവിലെ നോമ്പ് തുറക്കായി ഇളനീരുമായി പാലപ്രശ്ശേരി ജുമാ മസ്ജിദില്‍ ഇത്തവണയും തെക്കെ അടുവാശ്ശേരി തേറാട്ടില്‍ വീട്ടില്‍ അജി എത്തി.
നോമ്പനുഷ്ഠിക്കുന്നവര്‍ക്ക് പതിറ്റാണ്ടുകളായി പരിശുദ്ധ റമദാനിലെ അനുഗൃഹീത രാവില്‍ ഇളനീര്‍ എത്തിക്കുന്നത് പവിത്രമായി കണ്ടാണ് തേറാട്ടി കുടുംബത്തിലുള്ളവര്‍ മുറ തെറ്റാതെ ഇളനീര്‍ സമ്മാനിച്ച് വരുന്നത്. മതമൈത്രിയുടെ സന്ദേശം വിളിച്ചോതുന്ന മാതൃകാപരമായ പ്രവൃത്തി പതിറ്റാണ്ടുകളായി തുടര്‍ന്ന് വരുന്നതാണ്.
രണ്ട് തലമുറ മുമ്പ് തേറാട്ടി കുടുംബത്തിലെ കാരണവര്‍ വേലായുധനാണ് ഇതിന് തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ വിയോഗ ശേഷം മകന്‍ കുട്ടപ്പനും വര്‍ഷങ്ങളോളം ഇത് തുടര്‍ന്നു. അദ്ദേഹത്തിന്റെ കാല ശേഷം മക്കളാണ് ആ ദൗത്യം തുടരുന്നത്.
നോമ്പ് കാലവും, അതിലെ ഇരുപത്തിയേഴാം രാവും ഓര്‍ത്തിരുന്ന് പാലപ്രശ്ശേരി ജുമാമസ്ജിദില്‍ ഇളനീര്‍ എത്തിക്കും. കുട്ടപ്പന്റെ മൂത്ത മകന്‍ പ്രസാദും, പിന്നീട് രണ്ടാമത്തെ മകന്‍ അശോകനും, ഇപ്പോള്‍ ഇളയ മകന്‍ അജിയുമാണ് ഇളനീര്‍ നല്‍കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ അജിയും, മകന്‍ അഭിരാമും, പ്രസാദിന്റെ മകന്‍ ഹരിയും ചേര്‍ന്നാണ് ഇളനീരുമായി പള്ളിയിലെത്തിയത്. മഹല്ല് പ്രസിഡന്റ് പി.ബി സുനീര്‍ ഹാജി, ചീഫ് ഇമാം റിയാസ് അല്‍ഹാദി, കൗണ്‍സില്‍ അംഗം മുഹാദ് കുന്നത്ത് തുടങ്ങിയവര്‍ ഇവരില്‍നിന്ന് ഇളനീര്‍ ഏറ്റുവാങ്ങി. വര്‍ത്തമാന കാലത്ത് പരസ്പര, സ്‌നേഹ ബന്ധങ്ങള്‍ വീണ്ടെടുക്കുകയാണ് ഇളനീര്‍ നല്‍കുന്ന സന്ദേശം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)