റിയാദ്/ഏദൻ- തന്ത്രപ്രധാനമായ ഹുദൈദ അന്താരാഷ്ട്ര വിമാനത്താവളം ഹൂത്തികളിൽനിന്ന് മോചിപ്പിച്ചത് ഇറാന്റെ കൈ ഛേദിച്ചതിന് തുല്യമെന്ന് ഇസ്‌ലാമിക സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലി പ്രസ്താവിച്ചു. യെമനിലെ സംഭവ വികാസങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന് ഇറാന് മാറിനിൽക്കാനാവില്ല. ഹൂത്തി മിലീഷ്യക്ക് ബാലിസ്റ്റിക് മിസൈലുകളും പ്രതിരോധ ഉപകരണങ്ങളും ടാങ്കറുകളും വിമാനങ്ങളും പൈലറ്റില്ലാ വിമാനങ്ങളും നൽകുന്നത് ഇറാൻ ആണ്. ഇതിൽനിന്ന് ഇറാൻ പിന്തിരിയുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹുദൈദ മേഖല പൂർണമായും ഹൂത്തികളിൽനിന്ന് മോചിപ്പിക്കുന്നപക്ഷം ഇറാൻ ആയുധക്കടത്ത് പാടെ നിലക്കുമെന്നും കേണൽ മാലികി പറഞ്ഞു.
സൗദി അറേബ്യ നേതൃത്വം നൽകുന്ന സഖ്യസേനയുടെ സഹായത്തോടെ ഹുദൈദ എയർപോർട്ടിന്റെ നിയന്ത്രണം പൂർണമായും യെമൻ സൈന്യം ഏറ്റെടുത്തതായി പടിഞ്ഞാറൻ തീരദേശ റെജിമെന്റ് കമാണ്ടർ അബൂസർഹ അൽമഹ്‌റമി വ്യക്തമാക്കി. ഇതോടെ ഹൂത്തികൾ താമസ കേന്ദ്രങ്ങളിലേക്ക് ഉൾവലിഞ്ഞ് സാധാരണക്കാരുടെ വീടുകളിൽ അഭയം തേടിയിരിക്കുകയാണ്. ഹുദൈദ നഗരവും തുറമുഖവും മോചിപ്പിക്കുന്നതിൽ ഈ വിജയം വഴി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് ഹൂത്തികളെ തുരത്തി യെമൻ സൈന്യം മുന്നേറിയിട്ടുണ്ട്. ഹൂത്തി സങ്കേതങ്ങൾക്ക് നേരെ സഖ്യസേന ഇന്നലെയും കടുത്ത വ്യോമാക്രമണം നടത്തിയെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ദുറൈഹിമി ഡിസ്ട്രിക്ട് മോചിപ്പിക്കുന്നതിനുള്ള പോരാട്ടത്തിനിടെ, വാദി നഖ്ൽ അൽറുമാനിൽ യെമൻ സൈന്യവും ഹൂത്തികളും ശക്തമായ പോരാട്ടമാണ് നടന്നത്. സൈനിക മേധാവികൾ ഉൾപ്പെടെ 26 ഹൂത്തികൾ കൊല്ലപ്പെട്ടു. അനേകം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ചിലരെ യെമൻ സൈന്യം പിടികൂടി.
ജബൽ അൽദുറ, ജബൽ ഖറൻ തുടങ്ങി നിരവധി പ്രദേശങ്ങൾ യെമൻ സൈന്യം പിടിച്ചെടുത്തു. അശാസ്ത്രീയമായ രീതിയിൽ ഹൂത്തികൾ ഹുദൈദ എയർപോർട്ടിന് ചുറ്റും സ്ഥാപിച്ച മൈനുകളും സ്‌ഫോടക വസ്തുകളും നീക്കം ചെയ്യുന്നതിന് യെമൻ സൈന്യത്തിലെ എൻജിനീയറിംഗ് വിഭാഗവും സഖ്യസേനയും തുടക്കം കുറിച്ചിരിക്കുകയാണ്. ഏറെ കരുതലോടെയാണ് ഇരു സൈനികരും ദൗത്യം നിർവഹിക്കുന്നത്.
അതേസമയം, എയർപോർട്ടിൽനിന്ന് പിൻവലിഞ്ഞ ഹൂത്തികൾ നഗരമധ്യത്തിലേക്ക് ഓടിപ്പോയതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. ഇവിടുത്തെ ഹോട്ടലുകളിലും വീടുകളിലും കയറി അഭയം തേടിയിരിക്കുകയാണ് മിലീഷ്യകൾ.
എയർപോർട്ടിന് വടക്ക് ഭാഗത്തെ താമസ കേന്ദ്രങ്ങൾ ഹൂത്തികൾ നിർദാക്ഷണ്യം ടാങ്കറുകൾ ഉപയോഗിച്ച് ഇടിച്ചുനിരത്തിയെന്നും ദൃക്‌സാക്ഷികൾ വിവരിച്ചു. കൂടാതെ, ഹുദൈദ നഗരത്തിൽ പലയിടത്തും കിടങ്ങുകൾ കുഴിക്കുകയും മൈനുകൾ കുഴിച്ചിടുകയും ചെയ്തിട്ടുണ്ട്. സാധാരണക്കാരെ മനുഷ്യക വചമാക്കി രക്ഷപ്പെടുവാനുള്ള കുടില തന്ത്രമാണ് ഇതിന് പിന്നിൽ.
കൂടാതെ, കുടിവെള്ള വിതരണ സംവിധാനവും ഹൂത്തികൾ തകർത്തതായി പ്രദേശവാസികൾ വെളിപ്പെടുത്തിയതായി യെമൻ സൈനിക വൃത്തങ്ങൾ പറഞ്ഞു.
അതിശക്തമായ പരാജയം ഏതു രീതിയിൽ മറയ്ക്കുമെന്ന അങ്കലാപ്പിലാണ് ഹൂത്തി നേതൃത്വമെന്നും യെമൻ സൈന്യം ആരോപിച്ചു.