ശവ്വാല്‍ പിറ കാണാന്‍ വ്യാഴാഴ്ചയും സാധ്യത; എതിരഭിപ്രായവുമായി സൗദി ഗോളശാസ്ത്രജ്ഞന്‍

അബ്ദുല്ല അല്‍ഖുദൈരി

റിയാദ്-തെളിഞ്ഞ കാലാവസ്ഥയുണ്ടെങ്കില്‍ ശവ്വാല്‍ മാസപ്പിറവി വ്യാഴാഴ്ച ദൃശ്യമാകുമെന്ന് സൗദി ഗോളശാസ്ത്രജ്ഞനും മജ്മ ഗോള ശാസ്ത്ര നിരീക്ഷണാലയം കണ്‍സെല്‍ട്ടന്റുമായ അബ്ദുല്ല അല്‍ഖുദൈരി അഭിപ്രായപ്പെട്ടു. ഹോത്ത സുദൈറിലെ മജ്മ യൂണിവേഴ്‌സിറ്റി ഗോളശാസ്ത്ര നിരീക്ഷണാലയ പരിധിയില്‍ റമദാന്‍ 29 (ഏപ്രില്‍ 20)ന് സൂര്യാസ്തമയത്തിന് ശേഷം  24 മിനുട്ട് മാസപ്പിറവി ദൃശ്യമാകും.  പക്ഷേ കാലാവസ്ഥ തെളിഞ്ഞതാകണമെന്നുമാത്രം. ഗോളശാസ്ത്ര കണക്കനുസരിച്ച് ശവ്വാല്‍ ഒന്ന് വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ച വൈകുന്നേരം സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രക്കല 85 മിനുട്ട് ആകാശത്ത് ദൃശ്യമാകും. ഇത് നഗരങ്ങളില്‍ നിന്നും കാണാനാകും.
മാസപ്പിറവി സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ നേരത്തെയും ഉണ്ടായിരുന്നു. 2004ല്‍ ശഅബാൻ മാസപ്പിറവി സെപ്തംബര്‍ 14ന് ചൊവ്വാഴ്ച കാണില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ഏഴ് മിനുട്ട് ചന്ദ്രന്‍ ആകാശത്ത് ദൃശ്യമായി. മദീനയിലെ അല്‍ഫഖ്‌റ മലയിലുള്ളവരാണ് മാസപ്പിറവിക്ക് സാക്ഷ്യം വഹിച്ചത്.
2016ലും റമദാന്‍ മാസപ്പിറവിയില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. അന്ന് ഗോളശാസ്ത്രജ്ഞര്‍ മാസപ്പിറവി കാണാന്‍ സാധ്യതയില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും 20 മിനുട്ട് ചന്ദ്രനെ ആകാശത്ത് കാണാനായി. ഹോത്ത സുദൈര്‍, ശഖ്‌റാ, തുമൈര്‍ എന്നിവിടങ്ങളിലായി 21 പേര്‍ മാസപ്പിറവി കണ്ടു.
മാസപ്പിറവി കാണില്ലെന്ന് പറയുന്നവര്‍ ഗോളശാസ്ത്ര പണ്ഡിതരല്ല. സ്വന്തം നിഗമനമാണ് അവര്‍ പറയുന്നത്. മാസപ്പിറവിയെ കുറിച്ച് അവര്‍ ചില മാനദണ്ഡങ്ങള്‍ വെച്ചു. എന്നാല്‍ ചന്ദ്രമാസത്തില്‍ അത്തരം മാനദണ്ഡങ്ങള്‍ ശരിയാകാറില്ല. ചില മാസങ്ങള്‍ 30 വരുമ്പോള്‍ മറ്റു ചിലത് 29 ദിവസമേ ഉണ്ടാവുകയുള്ളൂ. ഇത്തരം ഗോളശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ 29 ദിവസം ഉണ്ടാകില്ല. ഇത് ചന്ദ്രന്റെയും സൂര്യന്റെയും പാതയുടെ ശാസ്ത്രീയ ഗണിത നിയമത്തിനും പ്രവാചകന്റെ ഹദീസിന്റെ നിയമസാധുതയ്ക്കും വിരുദ്ധമാണ്.
സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രന്റെ സാന്നിധ്യം കൂടുതല്‍ സമയമുണ്ടെങ്കില്‍ തെളിഞ്ഞ കാലാവസ്ഥയില്‍ മാസപ്പിറവി ദൃശ്യമാകും. എന്നാല്‍ ചില സമയങ്ങളില്‍ കൂടുതല്‍ സമയം ചന്ദ്രന്‍ ആകാശത്തുണ്ടെങ്കിലും കാലാവസ്ഥ കാരണം കാണാറില്ല. ചില സമയങ്ങളില്‍ സെകന്റുകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അപ്പോള്‍ കാണുകയും ചെയ്യും-അദ്ദേഹംപറഞ്ഞു

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News