ദോഹ-ഖത്തറില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതലാളുകളെ ഖത്തറിലേക്കാകര്‍ഷിക്കുന്നതിനുമായി ഇ വിസയുടെ മൂന്ന് പുതിയ വിഭാഗങ്ങള്‍ ഹയ്യ പ്ലാറ്റ്‌ഫോമില്‍ ചേര്‍ക്കുന്നു. ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിനോദസഞ്ചാരികള്‍ക്ക് തടസ്സമില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നതാണ് നടപടി. എല്ലാ വിനോദസഞ്ചാരികള്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള രാജ്യത്തെ ഏക പോര്‍ട്ടലായി ഹയ്യ പ്ലാറ്റ്‌ഫോം മാറുമെന്ന് അദ്ദേഹം പറഞ്ഞു.
ജി.സി.സി താമസക്കാര്‍ക്ക് ഹയ്യ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കുകയും എളുപ്പത്തില്‍ എന്‍ട്രി പെര്‍മിറ്റ് സ്വന്തമാക്കുകയും ചെയ്യാം. ഇത് എല്ലാ പ്രൊഫഷനുകള്‍ക്കും ബാധകമാണ് .
ഹയ്യ ഇവിസ സന്ദര്‍ശകരെ ദേശീയത, റെസിഡന്‍സി അല്ലെങ്കില്‍ ഒരു യാത്രികന് ഇതിനകം ഉള്ള മറ്റ് അന്താരാഷ്ട്ര വിസ എന്നിവ അടിസ്ഥാനമാക്കി തരംതിരിക്കും.
വിസ ഓണ്‍ അറൈവല്‍ വഴിയോ വിസ ഫ്രീ എന്‍ട്രി വഴിയോ 95 ലധികം രാജ്യക്കാര്‍ക്ക് നിലവില്‍ ഖത്തറിലേക്ക് വിസ ഫ്രീ ആക്‌സസ് സൗകര്യമുണ്ട്- ബേക്കര്‍ പറഞ്ഞു.
എളുപ്പത്തില്‍ ആക്‌സസ് അനുവദിക്കുന്ന മൂന്ന് പുതിയ വിഭാഗങ്ങളെക്കുറിച്ച് വിശദീകരിച്ച ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സിഇഒ, വിസ ഓണ്‍ അറൈവല്‍ അല്ലെങ്കില്‍ വിസ ഫ്രീ എന്‍ട്രിക്ക് യോഗ്യത നേടാത്ത എല്ലാ രാജ്യക്കാരെയും എ1 വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രസ്താവിച്ചു. അതേസമയം, എ 2 ജി.സി.സി നിവാസികള്‍ക്കുള്ളതായിരിക്കും. അത് ഇപ്പോള്‍ എല്ലാ പ്രൊഫഷനുകളും ഉള്‍ക്കൊള്ളുന്നു. ഷെന്‍ഗന്‍, യു.എസ്. യു.കെ, കാനഡ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിസയോ റെസിഡന്‍സിയോ ഉള്ള അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കുള്ളതാണ് എ3 വിഭാഗം.
2030ഓടെ ഓരോ വര്‍ഷവും 60 ലക്ഷം സന്ദര്‍ശകരെ ഖത്തറിലേക്ക് രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്നതാണ് ലക്ഷ്യം. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വിലപ്പെട്ട സംഭാവന നല്‍കുമെന്ന് മാത്രമല്ല, രാജ്യത്തുടനീളം എണ്ണമറ്റ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുകയും ചെയ്യും- അല്‍ ബേക്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഹയ്യയുടെ ഈ പുനരാരംഭം ദോഹയുടെ അറബ് ടൂറിസം തലസ്ഥാനമെന്ന പദവി ത്വരിതപ്പെടുത്തുമെന്നും 15ലധികം അറബ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഖത്തര്‍ ടൂറിസം ആസ്വദിക്കാന്‍ അവസരമൊരുക്കുമെന്നും അല്‍ ബേക്കര്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)