ദുബായ്- തീപിടിത്തത്തില്‍ മരിച്ച മൂന്ന് പാകിസ്ഥാന്‍ പൗരന്മാരുടെ ബന്ധുവായ മുഹമ്മദ് ജമീല്‍ അവരുടെ മരണവാര്‍ത്തയറിഞ്ഞ് ആഘാതത്തിലാണ്. ജമീലിന്റെ ബന്ധുക്കളായ മുഹമ്മദ് ബിലാല്‍, ഉമര്‍ ഫാറൂഖ് എന്നിവര്‍ ഒരു പ്രോജക്ട് മാനേജ്‌മെന്റ് കമ്പനിയിലും മറ്റൊരു ബന്ധുവായ മുഹമ്മദ് സജ്ജാദ് ഒരു എയര്‍ കണ്ടീഷണര്‍ റിപ്പയര്‍ സ്ഥാപനത്തിലുമാണ് ജോലി ചെയ്തിരുന്നത്. തീ ആളിപ്പടരുമ്പോള്‍ മൂന്ന് പേരും മുറിയില്‍ ഉണ്ടായിരുന്നു.
തീപിടിത്തത്തിന് മിനിറ്റുകള്‍ക്ക് മുമ്പ്, നൈറ്റ് ഷിഫ്റ്റ് പൂര്‍ത്തിയാക്കിയ മുഹമ്മദ് ബിലാല്‍, കെട്ടിടത്തിന് പുറത്ത് ജമീലിനെ കണ്ടിരുന്നു. 'ഞങ്ങള്‍ ഒരേ കെട്ടിടത്തിലാണ് താമസിക്കുന്നത്. ാത്രി ഷിഫ്റ്റ് കഴിഞ്ഞ് കുറച്ച് മണിക്കൂര്‍ വിശ്രമിക്കാന്‍ മുകളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം പോയത്. 10 മിനിറ്റിനു ശേഷം ബിലാല്‍ ഫോണില്‍ വിളിച്ച്, തീപിടിത്തമുണ്ട്, ഞങ്ങളെ സഹായിക്കൂ എന്നാവശ്യപ്പെട്ടു. 'എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഞങ്ങളെ കയറാന്‍ അനുവദിച്ചില്ല.
മറ്റ് താമസക്കാരും ഫയര്‍ സേഫ്റ്റി ഉദ്യോഗസ്ഥരും ആളുകള്‍ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. 'അയാള്‍ വിളിച്ചുകൊണ്ടേയിരുന്നു, ഞങ്ങളെ രക്ഷിക്കൂ, രക്ഷിക്കൂ എന്ന്. തുടര്‍ന്ന് ഫോണ്‍ കട്ട് ചെയ്തു. എന്റെ എല്ലാ ബന്ധുക്കളും മരിച്ചു. അവന്റെ ശബ്ദം തന്റെ ചെവിയില്‍ ഇപ്പോഴും മുഴങ്ങുന്നതായും വാക്കുകള്‍ മറക്കാനാവില്ലെന്നും ജമീല്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍ നിന്നുള്ള ചിത്രകാരനായ ഇമാം കാസിം ഖാദറാണ് (42) മരിച്ച മറ്റൊരു ഇന്ത്യക്കാരന്‍.






