ദുരന്തമുണ്ടായത് സാധാരണ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത്

ദുബായ് - മലയാളികളായ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഏരിയയാണ് ദുബായ് ദേരയില്‍പ്പെടുന്ന ഫ്രിജ് മുറാറും അല്‍ റാസ് ഏരിയയും. സാധാരണക്കാരായ പ്രവാസികളാണ് ഇവിടെ കൂടുതലും. നായിഫിലും മറ്റും വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരും അവിടങ്ങളില്‍ ജോലി ചെയ്യുന്നവരുമായ വലിയൊരു വിഭാഗം ഇവിടെ ബാച്‌ലര്‍ ഫഌറ്റുകളിലും കുടുംബങ്ങളായും താമസിക്കുന്നുണ്ട്. ആഫ്രിക്കക്കാരുടെയും പാക്കിസ്ഥാന്‍ സ്വദേശികളുടെയും പ്രധാന താമസ കേന്ദ്രം കൂടിയാണിത്. ഡബിള്‍ഡക്കര്‍ കട്ടിലുകളിലായി ആറിലേറെ പേര്‍ ഒരു മുറിയില്‍ താമസിക്കുന്നുണ്ട്.
ശനി 12 ന് ശേഷമാണ് താഴത്തെ നിലയില്‍ തലാല്‍ സൂപ്പര്‍ മാര്‍ക്കറ്റ് അടക്കം ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ അഗ്‌നിബാധയുണ്ടായത്. കെട്ടിടത്തില്‍ നിന്ന് തീനാളങ്ങള്‍ ഉയരുന്നത് സമീപത്ത് താമസിക്കുന്നവര്‍ കണ്ടിരുന്നെങ്കിലും ഇത്രയും വലിയ ദുരന്തമാണെന്ന് ആരും കരുതിയില്ല. ചെറിയ രീതിയിലുള്ള അഗ്‌നിബാധയായിരിക്കുമെന്ന് കരുതിയാണ് താന്‍ ശ്രദ്ധിക്കാതിരുന്നതെന്ന് ഇതിനടുത്തായി താമസിക്കുന്ന തൃശൂര്‍ സ്വദേശി നബീല്‍ അബൂബക്കര്‍ പറഞ്ഞു. സംഭവമറിഞ്ഞവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരാരെങ്കിലും ദുരന്തത്തില്‍പ്പെട്ടുപോയിട്ടുണ്ടോ എന്നറിയാന്‍ പരിഭ്രാന്തിയോടെ പലരെയും ഫോണ്‍ വിളിച്ചുകൊണ്ടിരുന്നു. വലിയൊരു ശബ്ദമാണ് സംഭവസ്ഥലത്ത് നിന്ന് ആദ്യം കേട്ടതെന്നും തുടര്‍ന്ന് പരിസരത്തെല്ലാം പുക നിറയുകയായിരുന്നുവെന്നും കടകളില്‍  ജോലി ചെയ്യുന്നവര്‍ പറഞ്ഞു.
തീ പിടിത്തത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് ആളുകള്‍ തിങ്ങിക്കൂടിയതോടെ പോലീസ് സുരക്ഷാ സംവിധാനം ശക്തമാക്കി. ഈ ഭാഗത്തേക്കുള്ള വാഹന സഞ്ചാരം വഴിതിരിച്ചുവിട്ടു. അഗ്‌നിബാധയുടെ ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചവരെ പോലീസ് തടഞ്ഞു. ചിലരുടെ മൊബൈല്‍ കസ്റ്റഡിയിലെടുത്തു. യു.എ.ഇയില്‍ അപകടങ്ങളുടെ ദൃശ്യം പകര്‍ത്തുന്നത് കുറ്റകരമാണ്. അഗ്‌നിബാധയുടെ വിവരങ്ങള്‍ പോലീസ് വൈകിയാണ് പുറത്തുവിട്ടത്. അതുവരെ കൃത്യമായി വിവരം ലഭിക്കാതെ മാധ്യമങ്ങള്‍ കുഴഞ്ഞു. മലയാളികളുള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാര്‍ ദുരന്തത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു ആദ്യ വിവരം. പിന്നീട് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 16 ആണെന്നും ഇതില്‍ മലയാളി ദമ്പതികളുള്‍പ്പെടെ 4 ഇന്ത്യക്കാരുണ്ടെന്നും വിവരം കൈമാറുകയായിരുന്നു.
ദുബായിലെ ഡ്രീംലൈന്‍ ട്രാവല്‍സ് ആന്‍ഡ് ടൂറിസം സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മലപ്പുറം വേങ്ങര കാലങ്ങാടന്‍ റിജേഷ് (38), ദുബായ് ഖിസൈസിലെ ക്രസന്റ് സ്‌കൂള്‍ അധ്യാപികയായ  ഭാര്യ കണ്ടമംഗലത്ത് ജെഷി (32) എന്നിവരും രണ്ട് തമിഴ്‌നാട് സ്വദേശികളുമാണ് മരിച്ച ഇന്ത്യക്കാര്‍.

 

Latest News