ന്യൂദല്‍ഹി- എട്ടു ദിവസമായി ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ വസതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മറ്റു രണ്ടു മന്ത്രിമാരും നടത്തി വന്ന ധര്‍ണ അവസാനിപ്പിച്ചു. ദല്‍ഹിയില്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞ ഉദ്യോഗസ്ഥരുമായുള്ള ഭിന്നത പരിഹരിക്കാന്‍ ഗവര്‍ണര്‍ ഇടപെടാമെന്ന് ഉറപ്പു നല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കുന്നതായി കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്. ഇതു ജനാധിപത്യത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉടന്‍ ഉദ്യോഗസ്ഥരെ കണ്ട് പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥര്‍ മന്ത്രിമാരുടെ യോഗങ്ങളില്‍ പങ്കെടുത്തു തുടങ്ങിയതായും ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അറിയിച്ചു. മന്ത്രിമാരായ കൈലാശ് ഘഹ്ലോട്ട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര പാല്‍ ഗൗതം എന്നിവര്‍ ഇന്നു വിളിച്ച ചേര്‍ത്ത യോഗത്തില്‍ സെക്രട്ടറിമാരും ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.
'ഐഎഎസ് ഉദ്യോഗസ്ഥരുമായി ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. അവരില്‍ 99 ശതമാനവും നല്ല മനുഷ്യരാണ്. ദല്‍ഹിയില്‍ ഭരണം മെച്ചപ്പെടുത്താനാണ് അവരോടൊത്ത് പ്രവര്‍ത്തിക്കുന്നത്. അവരിലൂടെ ഗവര്‍ണറും കേന്ദ്ര സര്‍ക്കാരും ഭരണത്തില്‍ ഇടപെടുന്നതാണ് പ്രശ്‌നം,' സമരം അവസാനിപ്പിച്ച് ഗവര്‍ണറുടെ വസതി വിട്ട ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു. അതേസമയം തങ്ങളുടെ പോരാട്ടം ദല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ലഭിക്കുന്നതു വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണം സ്തംഭിപ്പിച്ച് നിസ്സഹകരണം തുടരുന്ന ഐഎഎസ് ഉദ്യോഗസ്ഥരോട് സമരം അവസാനിപ്പിക്കാന്‍ ഉത്തരവിടുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിച്ചു നല്‍കുന്ന സര്‍ക്കാരിന്റെ പദ്ധതിക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മുഖ്യമന്ത്രിമാരും മൂന്ന് മന്ത്രിമാരും ജൂണ്‍ 11-ന് ഗവര്‍ണറുടെ വസതിയില്‍ അനിശ്ചിത കാല കുത്തിയിരിപ്പു സമരം തുടങ്ങിയത്. എട്ടു ദിവസത്തോളം ഇവരെ കാണാന്‍ ഗവര്‍ണര്‍ ബൈജല്‍ തയാറായില്ല. സമരത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്നു ഉറപ്പായതോടെയാണ് ഒടുവില്‍ ഗവര്‍ണര്‍ ഇടപെട്ടത്. ഫെബ്രുവരിയില്‍ ചീഫ് സെക്രട്ടറി അന്‍ശു പ്രകാശിനെ മന്ത്രിമാരുടെ യോഗത്തിനിടെ മര്‍ദിച്ചുവെന്നാരോപിച്ചാണ് ഉദ്യോഗസ്ഥര്‍ നിസ്സഹകരണം തുടങ്ങിയത്.