മുംബൈ- മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ ആള്‍ദൈവങ്ങള്‍ അടക്കമുള്ളവര്‍ക്ക് സഹമന്ത്രി പദവി നല്‍കിയതിന്റെ ചുവടു പിടിച്ച് മഹാരാഷ്ട്രയിലും മന്ത്രി പദവി വിതരണം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സിദ്ധിവിനായക ക്ഷേത്ര ട്രസ്റ്റ് മേധാവിയും ശിവ സേന നേതാവുമായ ആദേശ് ബന്‍ഡെക്കറിനാണ് സഹമന്ത്രി പദവി നല്‍കിയത്. പ്രശസ്ത മറാത്തി ടിവി അവതാരകന്‍ കൂടിയാണ് ബന്‍ഡെക്കര്‍. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ ഇടഞ്ഞു നില്‍ക്കുന്ന ശിവ സേനയെ കൂടെ നിര്‍ത്താനുള്ള ബിജെപി നീക്കമായാണ് ബന്‍ഡെക്കറിന്റെ മന്ത്രി പദവി വിലയിരുത്തപ്പെടുന്നത്. സേനാ നേതാവ് ഉദ്ധവ് താക്കറെയോട് ഏറെ അടുപ്പമുള്ള നേതാവാണ് ബന്‍ഡെക്കര്‍.
മന്ത്രി പദവി ലഭിച്ചിരിക്കുന്നത് ഒരു വ്യക്തിക്കല്ലെന്നും ശ്രീ സിദ്ധിവിനായക് ഗണപതി ക്ഷേത്രം ചെയര്‍മാന്‍ എന്ന പദവിക്കാണെന്നും ബന്‍ഡെക്കര്‍ പ്രതികരിച്ചു. താന്‍ അലവന്‍സുകളൊന്നും കൈപ്പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ പല്‍ഘര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മുഖ്യമന്ത്രി ഫഡ്‌നാവിസ് ബന്‍ഡെക്കറിനെതിരെ ശക്തമായി രംഗത്തുണ്ടായിരുന്നെന്നതും ശ്രദ്ധേയമാണ്. പണവും ആക്രമണവും ഉപയോഗപ്പെടുത്തിയും ഭിന്നിപ്പുണ്ടാക്കിയും പ്രചാരണം നടത്താന്‍ ഫഡ്‌നാവിസ് ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്ന ശബ്ദ സന്ദേശം ബന്‍ഡെക്കര്‍ പുറത്തു വിട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷനായ ബന്‍ഡെക്കര്‍ ഇത്ര വൃത്തിക്കെട്ട തന്ത്രം പയറ്റരുതെന്നായിരുന്നു ഫഡ്‌നാവിസിന്റെ പ്രതികരണം.
മറാത്തി നാടക നടനായി രംഗത്തെത്തിയ ബന്‍ഡെക്കര്‍ 2009-ലാണ് ശിവസേനയില്‍ ചേര്‍ന്നത്. 2014-ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയോട് തോറ്റു.






