റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

മോസ്‌കോ- റഷ്യയിലെ പ്രതിപക്ഷ നേതാവും വ്ളാഡിമര്‍ പുട്ടിന്റെ കടുത്ത വിമര്‍ശകനുമായ അലക്‌സി നവാല്‍നിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. ജയിലില്‍ കഴിയുന്ന അലക്സിക്ക് കഠിനമായ വയറുവേദനയും ശാരിരീക അസ്വാസ്ഥ്യവും അനുഭവപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗം ഗുരുതരമായതിനാല്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഏതാണ് ആശുപത്രിയെന്ന് വ്യക്തമായിട്ടില്ല. 

ശരീരത്തില്‍ മന്ദഗതിയില്‍ വ്യാപിക്കുന്ന രാസവിഷത്തിന്റെ ഫലമായിരിക്കാം ഇപ്പോഴത്തെ അസ്വാസ്ഥ്യമെന്നാണ് കരുതുന്നത്. രണ്ടാഴ്ചയ്ക്കകം എട്ട് കിലോഗ്രാമോളമാണ് അദ്ദേഹത്തിന്റെ ശരീര ഭാരം കുറഞ്ഞത്. അഭിഭാഷകന്‍ മുഖേനയാണ് നവാല്‍നി പുറംലോകവുമായി ബന്ധപ്പെടുന്നത്.  

2020ല്‍ സൈബീരിയയിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് നവാല്‍നിയുടെ ശരീരത്തില്‍ വിഷപദാര്‍ഥം കലര്‍ത്തിയത്. യാത്രയില്‍ വിമാനത്തില്‍ കുഴഞ്ഞുവീണ നവാല്‍നിയെ ജര്‍മനിയിലെ ബെര്‍ലിനിലാണ് ചികിത്സയ്ക്കായി എത്തിച്ചത്. പരിശോധനയില്‍ ശരീരത്തില്‍ രാസപദാര്‍ഥത്തിന്റെ അംശം കണ്ടെത്തിയിരുന്നു. നവാല്‍നിയുടെ ശരീരത്തില്‍ വിഷ പദാര്‍ഥം എത്തിച്ചതിന് പിന്നില്‍ പുടിനാണ് ഗൂഢാലോചന നടത്തിയതെന്ന ആരോപണമുണ്ടായെങ്കിലും റഷ്യന്‍ പ്രസിഡന്റ് നിഷേധിക്കുകയായിരുന്നു. 

വഞ്ചന, കോടതിയലക്ഷ്യം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് 46കാരനായ നവാല്‍നിയെ വര്‍ഷങ്ങളായി തടവില്‍ പാര്‍പ്പിച്ചത്. പുടിനെതിരെ ശബ്ദിക്കാതിരിക്കാനാണ് നവാല്‍നിയെ തടങ്കലിലാക്കിയതെന്നാണ് റഷ്യന്‍ മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തുന്നത്.

Latest News