Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അനസ് ആന്റ് അനസ്... കേള്‍ക്കുമ്പോള്‍ വലിയ കമ്പനി, യഥാര്‍ഥത്തില്‍ മോഷണ സംഘം, വിചിത്ര കഥ ഇതാ

കൊല്ലം- ഒരേ പേരുകാര്‍ സംഘടനയുണ്ടാക്കി സംസ്ഥാന വ്യാപകമായി മോഷണം നടത്തിയ വിചിത്ര കഥയാണ് കൊല്ലത്തുനിന്ന് പുറത്തുവരുന്നത്. സംഘത്തിലെ പ്രധാനി തിരുവനന്തപുരം വിളപ്പില്‍ശാല, ഇടമല പുത്തന്‍വീട് അന്‍സില്‍ മന്‍സിലില്‍ അനസി(34) നെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കുപ്രസിദ്ധ സംഘത്തിന്റെ ഓപറേഷന്‍ പുറത്തായത്.
ജയില്‍വാസ കാലയളവില്‍ പരിചയപ്പെട്ട അനസുമാര്‍, അനസ് ആന്‍ഡ് അനസ് എന്ന ഗ്യാങ് രൂപവത്കരിച്ച് സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ 25 ഓളം മോഷണം നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പോലീസ്.
രാത്രിയില്‍ കൊല്ലം റയില്‍വേ മെമു ഷെഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രം വാഹനം മോഷ്ടിച്ച് കടന്നുകളയാല്‍ ശ്രമിക്കുന്നതിനിടെയാണ് അനസിനെ നൈറ്റ് പട്രോളിങ് സംഘം സാഹസികമായി പിടികൂടിയത്. പ്രതിയുടെ ബാഗില്‍നിന്ന് വാഹനം മോഷ്ടിക്കുന്നതിന് ഉപയോഗിക്കുന്ന പ്ലഗ്ഗുകള്‍, വയര്‍ മുറിക്കുന്നതിനുള്ള ഉപകരണങ്ങള്‍, നിരവധി താക്കോലുകള്‍ തുടങ്ങിയവ കണ്ടെത്തി.
പ്രതിയോടെപ്പം ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശി അനസ് ഓടി രക്ഷപ്പെട്ടു. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് മോഷ്ടിച്ച വാഹനവുമായി മറ്റ് ജില്ലകളില്‍ മോഷണം നടത്തിവരവെയാണ് ഇയാള്‍ ഈസ്റ്റ് പോലീസിന്റെ പിടിയിലാകുന്നത്. റയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് വാഹനം മോഷ്ടിച്ചെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ മോഷണം നടത്താനുള്ള വന്‍ പദ്ധതിയാണ് പോലീസിന്റെ ജാഗ്രത മൂലം ഒഴിവായത്. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മോഷ്ടിച്ച വാഹനത്തില്‍ കോഴിക്കോട് സ്വദേശി അനസുമായി കറങ്ങിനടന്ന് കോട്ടയം ജില്ലയിലെ കറുകച്ചാലിലും മാല മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു.
കൊല്ലം ജില്ലയിലെ വാഹനമോഷണം തടയുന്നതിന് ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫിന്റെ നിര്‍ദ്ദേശപ്രകാരം അസി. പോലീസ് കമ്മീഷര്‍ അഭിലാഷിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം ജില്ലയിലെ വാഹന മോഷണക്കേസുകളിലെ 12 ഓളം പ്രതികളെ രണ്ടുമാസത്തിനിടെ പിടികൂടിയിരുന്നു.

 

Latest News