ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ആഴ്‌സനലിന് നിർണായക വാരം. ലിവർപൂളുമായി ആഴ്‌സനൽ കഴിഞ്ഞ കളിയിൽ 2-2 സമനില വഴങ്ങിയതോടെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വഴി തുറന്നിരിക്കുകയാണ്. ശനിയാഴ്ച തരംതാഴ്ത്തൽ മേഖലയിലുള്ള ലെസ്റ്ററിനെ തോൽപിച്ചാൽ സിറ്റിക്ക് ആഴ്‌സനലിന്റെ ലീഡ് മൂന്നു പോയന്റായി കുറക്കാം. അവസാന ഒമ്പത് കളികളിൽ എട്ടും തോറ്റ ടീമാണ് ലെസ്റ്റർ. അതു കഴിഞ്ഞാൽ സിറ്റി-ആഴ്‌സനൽ മത്സരമാണ്, 26 ന് ഇത്തിഹാദ് സ്‌റ്റേഡിയത്തിൽ. സിറ്റി സ്‌റ്റേഡിയത്തിലെ അവസാന ഏഴു കളികളിലും ആഴ്‌സനൽ തോറ്റിരുന്നു. കഴിഞ്ഞ സീസണിലെ 0-5 തോൽവിയുൾപ്പെടെ.
ലിവർപൂളിൽ സമനിലയുമായി രക്ഷപ്പെട്ടത് ആഴ്‌സനലിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. ആദ്യ നാലിലുള്ള സിറ്റിയും ന്യൂകാസിലും മാഞ്ചസ്റ്റർ യുനൈറ്റഡുമൊക്കെ അവിടെ തോൽക്കുകയാണ് ചെയ്തത്. എന്നാൽ ആഴ്‌സനൽ ജയം കൈവിടുകയായിരുന്നു. 28 മിനിറ്റാവുമ്പോഴേക്കും 2-0 ന് മുന്നിലെത്തിയ ആഴ്‌സനൽ 87 ാം മിനിറ്റിലാണ് സമനില ഗോൾ വഴങ്ങിയത്.
സിറ്റിയാവട്ടെ വൻ കുതിപ്പിലാണ്. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെ 3-0 ന് തകർത്ത അവർ എന്തും നേടാമെന്ന ആത്മവിശ്വാസത്തിന്റെ ഓളങ്ങളിലാണ്. തുടർച്ചയായ ഒമ്പതാമത്തെ ജയമായിരുന്നു അത്. എർലിംഗ് ഹാലന്റ് ഈ സീസണിൽ 45 ഗോളടിച്ചു. സിറ്റിയുടെ സമീപകാല വിജയങ്ങളെല്ലാം ആധികാരികമായിരുന്നു, ലെയ്പ്‌സിഷിനെ ഏഴ് ഗോളടിച്ചു, ലിവർപൂളിനെതിരെ നാല് ഗോൾ നേടി, ബയേണിനെതിരെ മൂന്നും.
ഈ സീസണിന്റെ തുടക്കം മുതൽ ആഴ്‌സനലായിരുന്നു മുന്നിൽ. ആദ്യ പത്ത് കളികളിൽ ഒമ്പതും ജയിച്ചു. ഫെബ്രുവരിയിൽ സിറ്റിയോട് തോറ്റെങ്കിലും അടുത്ത ഏഴു കളികളും ജയിച്ചു. എന്നാൽ ആൻഫീൽഡിലെ സമനിലയോടെ അവരുടെ നില ആശങ്കയിലാണ്.
സിറ്റിയോടുള്ള പോരാട്ടം ക്രൂരമാണെന്ന് ലിവർപൂൾ തെളിയിക്കുന്നു. കഴിഞ്ഞ നാലു സീസണിലായി സിറ്റി നേടിയത് 358 പോയന്റാണ്. ലിവർപൂളിന് 357 പോയന്റുണ്ട്. എന്നാൽ സിറ്റിക്ക് മൂന്ന് ലീഗ് കിരീടം ലഭിച്ചു, ലിവർപൂളിന് ഒരെണ്ണം മാത്രം.
ലിവർപൂളിനെതിരെ രണ്ട് പോയന്റ് കൈവിട്ടതിനോട് ആഴ്‌സനൽ എങ്ങനെ പ്രതികരിക്കുന്നു എന്നതിനനുസരിച്ചിരിക്കും അവരുടെ കിരീട സാധ്യത.