മറുനാടന്‍ തൊഴിലാളികള്‍ക്ക് അത്താഴവും നല്‍കി ഇഫ്താര്‍ ടെന്റ്

കുറ്റ്യാടി- ഗവ. ഹൈസ്‌ക്കൂളിനു സമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയ ഇഫ്ത്താര്‍ ടെന്റ് ശ്രദ്ധേയമാവുന്നു. കുറ്റിയാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലിമ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് മറുനാടന്‍ തൊഴിലാളികള്‍ക്കായി ഇഫ്താര്‍ ടെന്റ് ഒരുക്കിയത്. സാധാരണ നോമ്പുതുറകളില്‍നിന്ന് വ്യത്യസ്തമായി അത്താഴത്തിനുള്ള വിഭവങ്ങള്‍കൂടിയുണ്ട് എന്നതാണ് ടെന്റിന്റെ പ്രത്യേകത.
വിവിധതരം പഴവര്‍ഗങ്ങളും രണ്ടിനം ജ്യൂസും ചേര്‍ന്നതാണ് നോമ്പുതുറ. ഇതോടൊപ്പം പഴംപൊരി, സമൂസ, കട്‌ലറ്റ് ഉള്‍പ്പെടെയുള്ള പലഹാരങ്ങളുണ്ടാവും. മഗ്‌രിബ് നമസ്‌ക്കാരാനന്തരം തൊഴിലാളികള്‍ക്കായി ബിരിയാണി വിതരണം ചെയ്യും. പിന്നീട് തറാവീഹ് നമസ്‌ക്കാരം. ഇതിനുശേഷം പുലര്‍ച്ചെ കഴിക്കാനുള്ള ചോറും കറിയും കണ്ടയ്‌നറുകളിലായി പായ്ക്ക് ചെയ്തു നല്‍കിയാണ് തൊഴിലാളികളെ യാത്രയാക്കുക. ദിവസേന 200ലേറെപ്പേരാണ് ടെന്റില്‍ നോമ്പുതുറയ്ക്കും അത്താഴ വിഭവങ്ങള്‍ക്കുമായി എത്തുന്നത്. കലിമ പ്രവര്‍ത്തകരായ കെ.പി റിയാസ്, കെ.എം ബഷീര്‍, ടി.സി അഷറഫ്, പി.കെ നവാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News