Sorry, you need to enable JavaScript to visit this website.

ചാറ്റ്ജിപിടി 20-50 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമ്പോള്‍ 500 എംഎല്‍ വെള്ളം 'കുടിക്കുന്നു'

ന്യൂയോര്‍ക്ക്- ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ചാറ്റ്ജിപിടി സെന്ററുകള്‍ വന്‍തോതിലുള്ള വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി പ്രവര്‍ത്തിപ്പിക്കുന്ന ഡാറ്റ സെന്ററുകളിലാണ് അമിത തോതിലുള്ള ജല ഉപയോഗം.
ഓപ്പണ്‍എഐയുടെ എഐ ചാറ്റ്‌ബോട്ട് ചാറ്റ്ജിപിടി കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് പ്രാധാന്യം നേടിത്തുടങ്ങിയത്. മനുഷ്യനെപ്പോലെ കൃത്യമായി പ്രതികരിക്കാനുള്ള അസാധാരണമായ കഴിവാണ് ചാറ്റ്ജിപിടിയുടെ സ്വീകാര്യതക്ക് കാരണം.
ഗവേഷണ പഠനങ്ങള്‍ സംഗ്രഹിക്കാനും ചോദ്യങ്ങള്‍ക്ക് യുക്തിസഹമായ  ഉത്തരം നല്‍കാനുമുള്ള ശേഷി ഉള്‍പ്പെടെ, ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ നേട്ടങ്ങളാണ് ചാറ്റ്ജപിടി സ്വന്തമാക്കിയത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ബിസിനസ് സ്‌കൂള്‍, മെഡിക്കല്‍ പരീക്ഷകള്‍ പോലും ചാറ്റ്ജിപിടി ജയിച്ചു.  
എന്നാല്‍ അമ്പരപ്പിക്കുന്ന അളവിലുള്ള വെള്ളം ഉപയോഗിച്ചാണ് ചാറ്റ്‌ബോട്ട്  ഈ നേട്ടങ്ങള്‍ കരസ്ഥമാക്കിയതെന്ന് വിദഗ്ധര്‍ പറയുന്നു. നിര്‍മിത ബുദ്ധി മോഡലുകളുടെ കാര്‍ബണ്‍ ഉപയോഗത്തിലേക്ക് നേരത്തെ നടത്തിയ ഗവേഷണങ്ങള്‍ ശ്രദ്ധ ക്ഷണിച്ചിരുന്നുവെങ്കിലും അവ പ്രവര്‍ത്തിപ്പിക്കുന്നതിന് വലിയ തോതില്‍ ജല ഉപഭോഗം വേണ്ടി വരുന്നുവന്ന് യുഎസിലെ കാലിഫോര്‍ണിയ റിവര്‍സൈഡ് സര്‍വകലാശാലയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
ചാറ്റ്‌ബോട്ടുമായി ഏകദേശം 20-50 ചോദ്യങ്ങളുടെ സംഭാഷണം നടത്തുമ്പോള്‍ ഒരു സിസറ്റം 500 എം.എല്‍ കുപ്പി വെള്ളം കുടിച്ചേക്കാമെന്നാണ് കണക്ക്.  
പവര്‍ ഡാറ്റാ സെന്റര്‍ സെര്‍വറുകളിലേക്കും എ.ഐ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള കൂളിംഗ് സെര്‍വറുകളിലേക്കും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ശുദ്ധജലത്തിന്റെ തോതാണ് കണക്കാക്കുന്നത്.  ജിപിടി 3 പരിശീലനത്തിനായി മാത്രം മൈക്രോസോഫ്റ്റ്  700,000 ലിറ്റര്‍ (185,000 ഗാലന്‍) വെള്ളം ഉപയോഗിച്ചുവെന്നാണ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.  370 ബി.എ.ഡബ്ല്യു കാറുകള്‍ നിര്‍മ്മിക്കുമ്പോഴും വേണ്ടത് ഇത്രയും ശുദ്ധജലമാണ്. ചാറ്റ്ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍എഐയുമായി സഹകരിച്ച
മൈക്രോസോഫ്റ്റ് 10 ബില്യണ്‍ ഡോളറാണ് നിക്ഷേപിച്ചിരുന്നത്.
ഗൂഗിളിന്റെ ലാംഡ പോലുള്ള മറ്റ് നിര്‍മിത ബുദ്ധ മോഡലുകള്‍ക്കും ദശലക്ഷക്കണക്കിന് ലിറ്റര്‍  വെള്ളം ഉപയോഗിക്കേണ്ടിവരുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ആഗോള ജലക്ഷാമം കണക്കിലെടുത്ത്  എ.ഐ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനികള്‍ സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ജലചൂഷണം  കുറയ്ക്കണമെന്നുമാണ് ഗവേഷകര്‍ അഭ്യര്‍ഥിക്കുന്നത് .

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News