Sorry, you need to enable JavaScript to visit this website.

ഒടുവിൽ ശാപമോക്ഷം, 'മയങ്ങുമ്പോൾ' ജനങ്ങളിലേക്ക്‌

കോഴിക്കോട്- പഴിയും പിഴയും ഏറ്റുവാങ്ങിയെങ്കിലും 'മയങ്ങുമ്പോൾ' എന്ന ഹ്രസ്വചിത്രം ഒടുവിൽ ജനങ്ങളിലെത്തി.  ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി മൂന്നു വർഷം മുമ്പ് സിറ്റിയിലെ ഷാഡോ പോലീസുകാരുടെ നേതൃത്വത്തിൽ  നൂറുപേരുടെ കൂട്ടായ്മയിൽ ഒരുക്കിയ ഹ്രസ്വചിത്രം ഏറെനാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ യുട്യൂബിലാണ് റിലീസ് ചെയ്തത്.
പബ്ലിഷ് ചെയ്ത് ആദ്യ ആഴ്ചയിൽ അരലക്ഷത്തോളം ആളുകളാണ് ഹ്രസ്വചിത്രം കണ്ടത്. സമൂഹത്തിലെ നാനാതുറകളിൽപെട്ട നൂറുപേരുടെ കൂട്ടായ്മയായ ഡ്രോപ്‌സ് ഓഫ് ഫ്രണ്ട്ഷിപ്പാണ് മയക്കുമരുന്നു മാഫിയയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അതിൽനിന്നു രക്ഷ നേടാൻ സമൂഹത്തിനു സന്ദേശം നൽകുന്നതുമായ ലക്ഷ്യത്തോടെ ചിത്രം നിർമ്മിച്ചത്. എന്നാൽ സിറ്റി പോലീസിലെ ഔദ്യോഗിക വിഭാഗം ലഹരിക്കെതിരെ ഹ്രസ്വചിത്രം നിർമ്മിച്ച സാഹചര്യത്തിൽ അനുവാദമില്ലാതെ ചിത്രം നിർമ്മിച്ചതിന്റെ പേരിൽ ഷോർട്ട് ഫിലിമിനു നേതൃത്വം നൽകിയ ഷാഡോ പോലീസുകാരെ സ്ഥലം മാറ്റുകയായിരുന്നു.
ഒടുവിൽ പ്രതിസന്ധികളെ തരണം ചെയ്ത് വർഷങ്ങൾക്കു ശേഷം ചിത്രം ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് സിവിൽ പോലീസ് ഓഫീസർ പ്രശാന്തും സംഘവും. 
മയക്കുമരുന്ന് ലോകത്തെ ഭീകരതകളെ നേരിൽക്കണ്ടറിഞ്ഞ മാറാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ എ. പ്രശാന്ത് കുമാർ തിരക്കഥാ രചന നിർവ്വഹിച്ച സിനിമ സംവിധാനം ചെയ്തത് ജഗൻ വി. റാം ആണ്. വിജേഷ് വള്ളിക്കുന്ന് ഛായാഗ്രഹണം, സഫ്ദർ മെർവ്വ, ഹരി ജി. നായർ എഡിറ്റിംഗ്, റഷീദ് അഹമ്മദ്, ടിന്റുഷാജ്, ഉമേഷ് വള്ളിക്കുന്ന്, കബനി, പ്രിയങ്ക, രേഷ്മ, ഹാഷിം, സജ്‌ന ഗോപിദാസ്, ജീത്തുരാജ്, എംവി സുരേഷ് ബാബു, സജിത്ത് കുരിക്കത്തൂർ, രാഗേഷ്. ജി.നാഥ്,മുരളി അമ്പാരത്ത്,വാസന്തി,ഉഷാരാജൻ തുടങ്ങിയവർ അരങ്ങിലും അണിയറയിലുമായി പിന്തുണച്ചു. 
ജനമൈത്രി പോലീസിന്റെ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ചിത്രം വിവിധ സ്‌കൂളുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

 

Latest News