കൊണ്ടോട്ടി- ഇന്ത്യയിൽനിന്ന് ഹജിന് ഗ്രീൻ കാറ്റഗറിയിൽ താമസത്തിന് അപേക്ഷിച്ച 18,000 പേരെ അസീസിയ കാറ്റഗറിയിലേക്ക് മാറ്റുന്നു. ഹറം ശരീഫിന് സമീപം കെട്ടിടങ്ങൾ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് പകുതിയിലേറെ പേർക്കും കാറ്റഗറി മാറേണ്ടി വരുന്നത്.
ഹജിന് ഗ്രീൻ, അസീസിയ കാറ്റഗറികളിലാണ് മക്കയിൽ താമസം ഒരുക്കുന്നത്. പരിശുദ്ധ മക്കക്ക് സമീപത്തായാണ് ഗ്രീൻ കാറ്റഗറിയിൽ താമസം. ഇതിന് ചെലവ് കൂടും. എന്നാൽ നമസ്‌കാരങ്ങൾക്കെല്ലാം ഹറമിൽ പങ്കെടുക്കാനാകും. അസീസിയ കാറ്റഗറി ഹറമിൽനിന്ന് അഞ്ച് മുതൽ ഏഴ് കിലോമീറ്റർ വരെ അകലെയാണ്.
ഇന്ത്യയിൽനിന്ന് ഈ വർഷം 30,000 പേരാണ് ഹജിന് ഗ്രീൻ കാറ്റഗറിയിൽ അപേക്ഷിച്ചത്. ഇവരിൽ 18,000 പേർക്കും താമസ സൗകര്യം ഗ്രീൻ കാറ്റഗറിയിൽ ലഭ്യമാക്കാനായിട്ടില്ല. ശേഷിക്കുന്ന 12,000 പേർക്ക് മാത്രമാണ് ഗ്രീനിൽ താമസം ലഭിക്കുക. കാറ്റഗറി മാറാൻ സ്വയം തയാറുളളവർ ഈ മാസം 30നുളളിൽ ഹജ് കമ്മിറ്റിക്ക് അപേക്ഷ നൽകിയാൽ മതി. കാറ്റഗറി മാറുന്നത് വഴി കുറവുളള പണം ഹജിന് ശേഷം തിരിച്ചു നൽകും. കാറ്റഗറി മാറാൻ സ്വയം തയാറാവാത്ത പക്ഷം തീർഥാടകരിൽ നറുക്കെടുപ്പ് നടത്തി 12,000 പേരെ തെരഞ്ഞെടുക്കും. ശേഷിക്കുന്നവരെ അസീസിയയിലേക്ക് മാറ്റും. ഹജിന് സമയബന്ധിതമായി കെട്ടിടങ്ങൾ കണ്ടെത്താൻ കഴിയാത്തതിനാലാണ് അവസാന നിമിഷം കാറ്റഗറി മാറേണ്ടിവരുന്നത്. കേരളത്തിൽനിന്ന് നാലായിരത്തോളം പേരാണ് ഗ്രീൻ കാറ്റഗറിയിൽ അപേക്ഷ നൽകിയത്. ഇവരിൽ പലരും കാറ്റഗറി മാറാൻ തയാറാവുന്നുണ്ട്.