ലോകായുക്തയുടെ രോഷം

അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച്, പിന്നെയും പട്ടിക്ക് മുറുമുറുപ്പ് എന്നൊരു പഴഞ്ചൊല്ലുണ്ട്. കഴിഞ്ഞ ദിവസം കേരള ലോകായുക്തയിലെ ന്യായാധിപന്മാരുടെ പ്രകടനത്തെ കുറിച്ച് കേട്ടപ്പോൾ ഓർമ വന്നത് ഈ പഴഞ്ചൊല്ലാണ്. തങ്ങൾ വഹിക്കുന്ന ഉന്നത പദവിയെക്കുറിച്ചു പോലും ബോധമില്ലാത്തവിധം ഹരജിക്കാരനായ ആർ.എസ്. ശശികുമാറിനെതിരെ ഹാലിളകിയുള്ള ആക്രമണമാണ് ലോകായുക്ത സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂൺ അൽ റഷീദും നടത്തിയത്. തെറ്റും ശരിയും കൃത്യമായി ബോധ്യപ്പെടുകയും അതിന് പുറപ്പെടുവിക്കേണ്ട വിധിയെക്കുറിച്ച് നല്ല ധാരണ ഉണ്ടാവുകയും ചെയ്തിട്ടും അത്തരത്തിലൊരു നീതിപൂർവകമായ വിധി പറയാൻ കഴിയാത്തവിധം നിസ്സഹായരായിപ്പോയ ആ രണ്ട് ന്യായധിപന്മാർ തങ്ങളുടെ അരിശമെല്ലാം തീർത്തത് തങ്ങളെ ഈ ദുർഘട സന്ധിയിലേക്ക് നയിച്ച ഹരജിക്കാരനോടായിരുന്നു.
പേപ്പട്ടിയെ വഴിയിൽ കണ്ടാൽ വായിൽ കോലിട്ട് കുത്താതെ മാറിപ്പോവുകയാണ് തങ്ങളുടെ രീതിയെന്നാണ് ഹരജിക്കാരനെ കുറിച്ച് ലോകായുക്ത സിറിയക് ജോസഫ് പറഞ്ഞത്. ഹരജിക്കാരൻ ഹാജരായിട്ടില്ലേയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനോട് ചോദിച്ചുകൊണ്ടായിരുന്നു തുടക്കം. ഇല്ലെന്ന് പറഞ്ഞപ്പോൾ ഹരജിക്കാരനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന വിധത്തിലടക്കം ലോകായുക്തയും ഉപലോകായുക്തയും അഭിഭാഷകനു നേരെ കണക്കറ്റ ശകാരമുതിർത്തു. കോടതികളുടെ പെരുമാറ്റം സംബന്ധിച്ച സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ പോലും കണക്കിലെടുത്തില്ല ആ ന്യായാധിപന്മാർ.
ലോകായുക്തയെയും ഉപലോകായുക്തയെയും ഇത്രയേറെ കുപിതരാക്കിയതിന്റെ കാരണം മറ്റൊന്നുമല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ചട്ടവിരുദ്ധമായി തന്റെ രാഷ്ട്രീയ മിത്രങ്ങളുടെ കുടുംബങ്ങൾക്ക് വൻതുകകൾ നൽകിയ സർക്കാർ നടപടിയെ ചോദ്യം ചെയ്ത് ശശികുമാർ നൽകിയ പരാതിയിൽ വിധി പ്രഖ്യാപിക്കാനിരിക്കേ ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിന്റെ ധാർമികതയെ ചാനൽ ചർച്ചകളിൽ ശശി കുമാർ ചോദ്യം ചെയ്തു. സാധാരണ ഗതിയിൽ മുഖ്യമന്ത്രിമാർ സംഘടിപ്പിക്കുന്ന വിരുന്നുകളിൽ ജഡ്ജിമാർ പങ്കെടുക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ ഇവിടെ സുപ്രധാന കേസിൽ പിന്നീട് ലോകായുക്ത പുറപ്പെടുവിച്ച വിധി പല സംശയങ്ങൾക്കും വഴിവെക്കുന്നതായി.  ജസ്റ്റിസുമാരായ സിറിയക് ജോസഫും ഹാറൂൺ അൽ റഷീദും ഉൾപ്പെട്ട ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് ഭിന്ന തീരുമാനം ഉണ്ടായതിനെ തുടർന്ന് ഹരജി ഫുൾ ബെഞ്ചിന് വിടുന്നു എന്നാണ് വിധിയിൽ പറഞ്ഞത്. ആര് ഹരജിയെ അനുകൂലിച്ചു, ആര് എതിർത്തു എന്നൊന്നും ആ വിധിലുണ്ടായിരുന്നില്ല. ഹരജിയുടെ വിചാരണ വേളയിൽ സർക്കാരിന്റെ നിലപാടുകളെ ചോദ്യം ചെയ്യുകയും സർക്കാർ സ്വജനപക്ഷപാതം കാണിച്ചുവെന്ന ബോധ്യപ്പെട്ടന്ന പോലെയുള്ള പരാമർശം നടത്തുകയും ചെയ്ത ഡിവിഷൻ ബെഞ്ചിൽനിന്ന് എന്തുകൊണ്ട് ഇത്തരത്തിലൊരു വിധി വന്നു എന്നത് ദുരൂഹമായിരുന്നു.
വിചാരണ പൂർത്തിയാക്കിയ ശേഷം വിധി പ്രസ്താവിക്കാതെ ഒരു വർഷത്തോളം കഴിഞ്ഞാണ് ലോകായുക്ത ഈ ഹരജിയിൽ വിധി പറഞ്ഞതുതന്നെ, അതും ഇക്കാര്യം ചോദ്യം ചെയ്ത് ഹരജിക്കാരൻ ഹൈക്കോടതിയെ സമീപിച്ച ശേഷം. ലോകായുക്തക്കും ഉപലോകായുക്തക്കും ഹരജിക്കാരനോട് നീരസമുണ്ടാകാൻ ഈ കാരണം തന്നെ ധാരാളം. അതു പക്ഷേ ഇങ്ങനെ പ്രകടിപ്പിക്കാൻ നിന്നാൽ നമ്മുടെ നാട്ടിലെ കോടതികളുടെ വിശ്വാസ്യതയെ തന്നെ അത് ബാധിക്കുമെന്ന് അറിയാത്തവരാണോ ഈ ന്യായാധിപന്മാർ.
ഇതിനിടയിൽ രാഷ്ട്രീയ തലത്തിൽ സർക്കാർ കൈക്കൊണ്ട നീക്കങ്ങളും നിർണായകമായി. ലോകായുക്തയുടെ അധികാര പരിധി വൻതോതിൽ വെട്ടിച്ചുരുക്കുന്ന, അക്ഷരാർഥത്തിൽ പല്ലും നഖവും കൊഴിച്ചുകളയുന്ന ഭേദഗതി നിയമം നിയമസഭയിൽ പാസാക്കി. അതനുസരിച്ച് മന്ത്രിമാർക്കെതിരായ അഴിമതി കേസുകളിൽ അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം മുഖ്യമന്ത്രിക്കോ, നിയമസഭക്കോ ആണ്. പ്രതിപക്ഷത്തിന്റെ അതിശക്തമായ എതിർപ്പ് മറികടന്ന് ഭൂരിപക്ഷ പിൻബലത്തിൽ പാസാക്കിയ, അഴിമതിക്കാരെ സംരക്ഷിക്കുന്ന ഈ ഭേദഗതി ഇതുവരെ ഗവർണർ ഒപ്പുവെച്ചിട്ടില്ല. അതിന്റെ തർക്കം അങ്ങനെ അനന്തമായി നീളുന്നു. പക്ഷേ എന്നെങ്കിലും ഗവർണർ ഒപ്പുവെക്കുകയും നിയമം പാസാകുകയും ചെയ്താൽ മേൽപറഞ്ഞ ഹരജിയിൽ ലോകായുക്തക്ക് വിധി പ്രസ്താവിക്കാൻ കഴിയാതെ വരും. ഇതു മനസ്സിലാക്കിയാണ് വിധി പ്രസ്താവിക്കാതെ ലോകായുക്ത വെച്ചു താമസിപ്പിച്ചുകൊണ്ടിരുന്നത്. എന്നാൽ ഹരജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതോടെ വിധി പ്രസ്താവിച്ചേ തീരൂ എന്ന സമ്മർദം വന്നു.
അന്തരിച്ച ജനതാദൾ നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന്റെ കടം തീർക്കാൻ 25 ലക്ഷം, അന്തരിച്ച ചെങ്ങന്നൂർ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ കുടുംബത്തിന്റെ കടം തീർക്കാൻ 25 ലക്ഷം, കൂടാതെ മകന് സർക്കാർ ജോലി, സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തിൽപെട്ട് മരിച്ച പോലീസുകാരന്റെ കുടുംബത്തിനും ലക്ഷങ്ങൾ ഇങ്ങനെയുള്ള നടപടികൾ സ്വജനപക്ഷപാതമാണെന്ന് കാണിച്ചാണ് ശശികുമാർ ലോകായുക്തയെ സമീപിച്ചത്. 
മുഖ്യമന്ത്രിക്കു പോലും ഒരു കേസിൽ പരമാവധി അനുവദിക്കാവുന്നത് മൂന്ന് ലക്ഷമായിരിക്കേ ഇവിടെ തങ്ങൾക്ക് താൽപര്യമുള്ളവർക്കു വേണ്ടി സർക്കാർ ചട്ടങ്ങൾ മറികടന്നത് വ്യക്തമായിരുന്നു.
അത്തരത്തിൽ സർക്കാരിന് തിരിച്ചടിയാവുന്ന വിധിയാവും വരാൻ പോകുന്നതെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നതും. എന്നാൽ അതുണ്ടായില്ല. അതിനിടക്കാണ് മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുക്കുന്നത്. ഈ സാഹചര്യത്തിൽ ലോകായുക്തക്കു മേൽ സമ്മർദമോ സ്വാധീനമോ ഉണ്ടായിട്ടുണ്ടാവുമെന്ന സംശയം പരക്കെ ഉയരുകകയും ചെയ്തു. അതാണ് ശശികുമാറും പ്രകടിപ്പിച്ചത്.
നമ്മുടെ നാട്ടിൽ കോടതികൾക്കും ജഡ്ജിമാർക്കും എതിരെ സംശയമുന്നയിക്കുന്നതും വിമർശനമുയർത്തുന്നതും ഇതാദ്യമൊന്നുമല്ല. 

Latest News