Sorry, you need to enable JavaScript to visit this website.

അന്ന് ആളെ അറിയില്ലായിരുന്നു,  സല്‍മാന്‍ ഖാന്റെ വിവാഹാലോചന  നിരസിച്ചത് അങ്ങിനെ- ജൂഹി ചൗള 

മുംബൈ-ബോളിവുഡില്‍ ഖാന്‍മാര്‍ പലതുണ്ടെങ്കിലും മസില്‍ ഖാന്‍ എന്ന വിശേഷണം സല്ലുവിന് മാത്രമേയുള്ളു. സിനിമയുമായി ബന്ധപ്പെട്ടും അല്ലാതെയും വാര്‍ത്തകളില്‍ ഇടയ്ക്കിടെ ഇടം നേടാറുള്ളയാളാണ് ബോളിവുഡിലെ ഖാന്‍ ത്രയത്തില്‍ ഒരാളായ സല്‍മാന്‍ ഖാന്‍. ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് ബാച്ചിലേഴ്സില്‍ ഒരാളായ സല്‍മാന്‍ ഖാന്റെ പ്രണയവാര്‍ത്തകളും ഏറെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തൊണ്ണൂറുകളിലെ മുന്‍നിര നായികമാരില്‍ ഒരാളായ ജൂഹി ചൗളയുമൊത്താണ് സല്‍മാന്റെ പേര് ചേര്‍ത്തുവായിക്കുന്നത്.ജൂഹി ചൗളയെ ഇഷ്ടമായിരുന്നെന്ന് സല്‍മാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് അടുത്തിടെ സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ജൂഹിയുടെ വീട്ടില്‍ വിവാഹാലോചനയുമായി ചെന്നെങ്കിലും ജൂഹിയുടെ പിതാവ് അത് നിരസിക്കുകയായിരുന്നെന്നും സല്‍മാന്‍ പറയുന്ന വീഡിയോയാണ് വൈറലായത്. ഇതിലിപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് ജൂഹി ചൗള. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജൂഹി സല്‍മാന്റെ വിവാഹാലോചനയെക്കുറിച്ച് പ്രതികരിച്ചത്. ചോദ്യത്തിന് ചിരിയായിരുന്നു ആദ്യം താരത്തിന്റെ മറുപടി. ആ സമയത്ത് തനിക്ക് സല്‍മാനെക്കുറിച്ച് കാര്യമായി അറിയില്ലായിരുന്നെന്ന് ജൂഹി പറഞ്ഞു. 'ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ച സമയത്ത് സല്‍മാന്‍ ഖാന്‍ ഇന്ന് കാണുന്ന സല്‍മാന്‍ ഖാന്‍ ആയിരുന്നില്ല. അദ്ദേഹം നായകനായുള്ള സിനിമ എന്നെ തേടിവന്നെങ്കിലും ചില പ്രശ്‌നങ്ങള്‍ കാരണം ആ സിനിമ ചെയ്യാന്‍ സാധിച്ചില്ല. വാസ്തവത്തില്‍ അന്നെനിക്ക് സിനിമാ മേഖലയിലെ ആരെയും അറിയാമായിരുന്നില്ല. പക്ഷേ അന്നുമുതല്‍ ഇന്നുവരെ അദ്ദേഹത്തോടൊപ്പം സിനിമ ചെയ്തില്ലെന്ന് അവസരം കിട്ടുമ്പോഴെല്ലാം സല്‍മാന്‍ പറയും. നമ്മള്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും അനേകം സ്റ്റേജ് ഷോകള്‍ ചെയ്തിട്ടുണ്ട്'- നടി വ്യക്തമാക്കി.സല്‍മാന്‍ ഖാനും ജൂഹി ചൗളയും 1988ലാണ് സിനിമയിലെത്തുന്നത്. എന്നാല്‍ ഒരു സിനിമയില്‍ പോലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. 

Latest News