വിലക്കുണ്ടായിട്ടും ഇന്ത്യക്കാര്‍ മോഡി വിരുദ്ധ ഡോക്യുമെന്ററി കാണുന്നുവെന്ന് കണക്ക്

ന്യൂദല്‍ഹി- ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററിക്ക് ഇപ്പോഴും ഡിമാന്റ്. രാജ്യവ്യാപകമായി വിലക്കുണ്ടെങ്കിലും ഇന്ത്യയിലെ പ്രേക്ഷകര്‍ അതിനെ മറികടന്നും ഡോക്യുമെന്ററി കാണുന്നുവെന്നാണ് ആഗോള അനാലിസിസ് സ്ഥാപനമായ പാരറ്റ് അനലിറ്റികസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കക്ക് പുറത്തുള്ള ടോപ് ടെന്‍ പട്ടികയില്‍ മാര്‍ച്ച് ആദ്യവാരത്തിലും ദ മോഡി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി ഇടം പിടിച്ചുവെന്നാണ് അനലിറ്റിക്‌സ് വ്യക്തമാക്കുന്നത്.
യുട്യൂബിലും മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ലഭിക്കുന്ന കാഴ്ചകള്‍ അടിസ്ഥാനമാക്കിയുള്ളതാണ് കണക്ക്. ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതായതിനാല്‍ ഈ ഡോക്യുമെന്ററിയുടെ കണക്ക് പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് പാരറ്റ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ വേഡ് പേയ്‌സണ്‍ ഡെന്നി പറഞ്ഞു. നിരോധമുണ്ടായിട്ടും ഇന്ത്യക്കാര്‍ അതിനു പിന്നാലെ ആണെന്നാണ് ആഗോള ഡിമാന്റ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബിബിസിയുടെ ഐപ്ലേയറിലാണ് ദ മോഡി ക്വസ്റ്റിയന്‍ ഡോക്യുമെന്ററിയുടെ പൂര്‍ണ പതിപ്പുള്ളത്. ഇതിന്റെ ക്ലിപ്പുകള്‍ക്ക് ഇന്ത്യയില്‍ സോഷ്യല്‍ മീഡിയകളിലും യുട്യൂബുകളിലും നിരോധമുണ്ട്. 2002 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കലാപം നിയന്ത്രിക്കുന്നതിന് മോഡി സ്വീകരിച്ച നടപടികളാണ് ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നത്. കലാപം തടയുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് മോഡിക്കെതിരായ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ 2012 ല്‍ സുപ്രീം കോടതി തള്ളിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News