Sorry, you need to enable JavaScript to visit this website.

പശുകശാപ്പ്; മുസ്ലിംകള്‍ക്കെതിരെ വ്യാജ പരാതി നല്‍കിയ നാല് സംഘികള്‍ അറസ്റ്റില്‍

ആഗ്ര- രാമനവമി ദിനത്തില്‍ പശുവിനെ കശാപ്പ് ചെയ്തതായി  നാല് മുസ്ലിം യുവാക്കള്‍ക്കെതിരെ വ്യാജ പരാതി നല്‍കിയ നാല് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഖില ഭാരത് ഹിന്ദു മഹാസഭ (എ.ബി.എച്ച്.എം) പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.
കള്ളക്കേസില്‍ കുടുക്കിയ നാല് യുവാക്കളുടെ എതിരാളികളുമായി എബിഎച്ച്എം അംഗങ്ങള്‍ ഗൂഢാലോചന നടത്തിയെന്നും പ്രതികാരം ചെയ്യാനാണ് മുഴുവന്‍ പദ്ധതിയും തയ്യാറാക്കിയതെന്നും പോലീസ് പറഞ്ഞു.
അറസ്റ്റിലായ എബിഎച്ച്എം പ്രവര്‍ത്തകരില്‍ സംഘടനയുടെ വക്താവ് എന്ന് അവകാശപ്പെടുന്ന സഞ്ജയ് ജാട്ടും ഉള്‍പ്പെടുന്നു. വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതിന് തീപ്പൊരി പ്രസ്താവനകള്‍ നടത്തി നേരത്തെ  വിവാദം സൃഷ്ടിച്ചയാളാണ് സഞ്ജയ് ജാട്ട്.
നാല് എബിഎച്ച്എം അംഗങ്ങള്‍ക്ക് പുറമേ, കള്ളക്കേസില്‍ കുടുക്കിയ നാല് നിരപരാധികളായ യുവാക്കളുടെ മൂന്ന് എതിരാളികളെയും അറസ്റ്റ് ചെയ്തതായി അഡീഷണല്‍ പോലീസ് കമ്മീഷണര്‍ (എസിപി) ആര്‍കെ സിംഗ് പറഞ്ഞു. കേസില്‍ ഇതുവരെ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും  ഒരാള്‍ സ്വയം കീഴടങ്ങിയതാണെന്നും എസിപി സിംഗ് പറഞ്ഞു.
മാര്‍ച്ച് 30 നാണ് എബിഎച്ച്എം ഭാരവാഹിയായ ജിതേന്ദ്ര കുശ് വാഹ ആഗ്രയിലെ ഇതിമാദുദൗല പോലീസ് സ്‌റ്റേഷനില്‍ നാല് മുസ്ലിം യുവാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. രാമനവമി ദിനത്തില്‍ പശുവിനെ കശാപ്പ് ചെയ്തുവെന്നും  താനും എബിഎച്ച്എം അംഗങ്ങളും സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും രക്ഷപ്പെട്ടു എന്നായിരുന്നു പരാതി.
ഗോവധക്കേസില്‍ പ്രതികളായ നാല് യുവാക്കള്‍ സിസിടിവി തെളിവുകള്‍ പ്രകാരം സംഭവ ദിവസം സ്ഥലത്തുണ്ടായിരുന്നില്ല. ഷാനു എന്ന ഇല്ലി , ഇമ്രാന്‍ ഖുറേഷി എന്നിവരാണ് നാല് എബിഎച്ച്എം അംഗങ്ങളമായി ചേര്‍ന്ന്  ഗൂഢാലോചന നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഷാനുവും ഇമ്രാനും ക്രിമിനല്‍ ചരിത്രമുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. പല കേസുകളിലായി അരഡസന്‍ കുറ്റങ്ങളാണ് ഇവര്‍ നേരിടുന്നത്. നേരത്തെ, ഷാനുവിനും ഇമ്രാനുമെതിരെ കള്ളക്കേസില്‍ കുടുക്കിയ നാല് യുവാക്കളില്‍ ഒരാളായ നക്കീം പരാതി നല്‍കിയിരുന്നു. ആഗ്ര നഗര്‍ നിഗം ജീവനക്കാരനായ നക്കീം നല്‍കിയ പരാതിയിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇതാണ് കള്ളക്കേസില്‍ കുടുക്കാന്‍ എ.ബി.എച്ച്.എം പ്രവര്‍ത്തകരുമായി ഗൂഢാലോചന നടത്താന്‍ പ്രേരിപ്പിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News