Sorry, you need to enable JavaScript to visit this website.

സഭയെ അടുപ്പിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾക്കിടെ മണിപ്പൂരിൽ ബി.ജെ.പി സർക്കാർ മൂന്ന് ചർച്ചുകൾ പൊളിച്ചുനീക്കി

ഇംഫാൽ - തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാജ്യത്ത് ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ അരമനകൾ കേന്ദ്രീകരിച്ചും മറ്റും ബി.ജെ.പി നീക്കം സജീവമായിരിക്കെ, മണിപ്പൂരിൽ ബി.ജെ.പി സർക്കാർ മൂന്ന് ചർച്ചുകൾ പൊളിച്ചുനീക്കി.
 അനധികൃത നിർമാണമെന്ന് ചൂണ്ടിക്കാട്ടി ഇംഫാലിലെ ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവൻഷൻ ചർച്ച്, ഇവാഞ്ചലിക്കൽ ലുതെറൻ ചർച്ച് മണിപ്പൂർ, കത്തോലിക് ഹോളി സ്പിരിറ്റ് ചർച്ച് എന്നിവയാണ് ബി.ജെ.പി സർക്കാർ പൊളിച്ചത്. 
 സർക്കാർ ഭൂമിയിലെ അനധികൃത നിർമാണമാണെന്നാരോപിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു ഗോത്രവർഗ കോളനിയിലെ ചർച്ച് കെട്ടിടങ്ങൾ പൊളിച്ചത്. നിയമ നടപടികൾ പൂർത്തീകരിച്ച ശേഷം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പൊളിക്കൽ നടന്നതെന്ന് സർക്കാർ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
 ചർച്ചുകൾ പൊളിക്കുമ്പോൾ പ്രദേശവാസികളായ നിരവധി ക്രിസ്ത്യാനികൾ തടിച്ചുകൂടുകയും അവശിഷ്ടങ്ങൾക്ക് ഇടയിലിരുന്ന് പ്രാർത്ഥന നടത്തുകയും ചെയ്തു. മണിപ്പൂരിലെ ജനസംഖ്യയിൽ 41 ശതമാനവും ക്രിസ്ത്യാനികളാണ്.
  ജനങ്ങളിൽ സ്‌നേഹവും ഐക്യവും വളർത്താനാണ് ചർച്ചുകൾ നിലകൊള്ളുന്നതെന്ന് ഒരു വൈദികൻ പറഞ്ഞു. ഞങ്ങൾ മോശമായൊന്നും പഠിപ്പിക്കുന്നില്ല. അതിനാൽത്തന്നെ ഹാമറുകളും മറ്റും ഉപയോഗിച്ച് തങ്ങളുടെ ആരാധനാലയങ്ങൾ ഇടിച്ചുനിരത്തുമ്പോൾ കടുത്ത വേദനയാണുണ്ടായത്. ചർച്ചുകൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും വൈദികൻ പ്രതികരിച്ചു. പള്ളികളെയും പള്ളിക്കാരെയും ആകർഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി മുന്നോട്ടു പോകവെയാണ് ചർച്ചുകൾ പൊളിച്ചത്. ഇത് രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
 

Latest News