Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കിരീടാവകാശിയായി മധുരാന്തകന്‍ എത്തുന്നു; പൊന്നിയിന്‍ സെല്‍വനിലെ ശിവോഹം ഗാനമെത്തി

ചെന്നൈ- പൊന്നിയിന്‍ സെല്‍വന്‍ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'പിഎസ്-2 'വിലെ ശിവോഹം, ശിവോഹം എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. ആദി ശങ്കരന്റെ ശിവോഹം എന്ന മന്ത്രം എ. ആര്‍. റഹ്മാന്റെ മാസ്മരിക സംഗീതത്തില്‍ ഭക്തി നിര്‍ഭരമായി ആലപിച്ചത് സത്യപ്രകാശ്, ഡോ. നാരായണന്‍, ശ്രീകാന്ത് ഹരിഹരന്‍, നിവാസ്, ശെന്‍ബകരാജ്, ടി. എസ്. അയ്യപ്പന്‍ എന്നിവരാണ്.

മണിരത്‌നത്തിന്റെ ഡ്രീം പ്രോജക്ടായ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗത്തിലെ ഈ ഗാന രംഗത്തില്‍ മധുരാന്തകന്‍ എന്ന മര്‍മ പ്രധാനമായ കഥാപാത്രമായി റഹ്മാന്‍ എത്തുന്നു. ചിത്രത്തിന്റെ കഥാഗതി നിയന്ത്രിക്കുന്ന കഥാപാത്രമാണ് മധുരാന്തകന്‍. ഈ കഥാപാത്രം രാജാവായി അവരോധിക്കപ്പെടുന്ന സൂചന നല്‍കുന്ന ഗാനരംഗമാണിത്.

പിതാവ് കണ്ഠരാദിത്യന്റെ കാലശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയും ചോള സാമ്രാജ്യത്തിന്റെ കിരീട അവകാശിയും മകന്‍ മധുരാന്തക ഉത്തമ ചോളനാണ്. കണ്ഠരാദിത്യന്റെ മരണ വേളയില്‍ മധുരാന്തകന്‍ ശിശുവായിരുന്നു. അതു കൊണ്ട് കണ്ഠരാദിത്യന്‍ സഹോദരന്‍ സുന്ദര ചോളനെ രാജാവായി വാഴിക്കുന്നു. സുന്ദര ചോളന്റെ മക്കളാണ് ആദിത്യ കരികാലന്‍, ഇളയ റാണി കുന്ദവൈ, അരുള്‍മൊഴി വര്‍മ്മന്‍ എന്ന പൊന്നിയിന്‍ സെല്‍വന്‍ എന്നിവര്‍. 

ശിവ ഭക്തനായ കണ്ഠരാദിത്യന്റെ അന്ത്യാഭിലാഷം തന്റെ പുത്രന്‍ ഒരിക്കലും അധികാര മോഹി ആവരുത് അവന്‍ തികഞ്ഞൊരു ശിവ ഭക്തനായി വളരണം എന്നതായിരുന്നു. പിതാവിന്റെ മരണ ശേഷം സെമ്പിയിന്‍ മാദേവിയുടെ വാക്ക് വേദ വാക്കായി സ്വീകരിച്ച് ശിവ യോഗിയായി ദേശാഠനതതിലായിരുന്നു. എന്നാല്‍ പഴുവൂര്‍ ഇളയ റാണി നന്ദിനിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം മധുരാന്തകന്റെ മനസ്സു മാറി. കിരീടത്തിനും ചെങ്കൊലിനും വേണ്ടിയുള്ള അവകാശവാദവുമായി മധുരാന്തകന്‍ തിരിച്ചെത്തുന്നു. ഇത് ചോള നാടിനെ പ്രതിസന്ധിയിലാക്കുന്നു. പിന്നീടുള്ള വൈകാരികവും സംഘര്‍ഷാത്മകവുമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പൊന്നിയിന്‍ സെല്‍വന്റെ കഥ പരിസമാപ്തിയിലെത്തുന്നത്.

സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ജനപ്രിയ ചരിത്ര നോവല്‍ 'പൊന്നിയിന്‍ സെല്‍വന്‍' ആധാരമാക്കിയാണ് മണിരത്‌നം അതേ പേരില്‍ തന്നെ രണ്ടു ഭാഗങ്ങളിലായി ദൃശ്യ സാക്ഷത്ക്കാരം നല്‍കിയിരിക്കുന്നത്.  

വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ കൃഷ്ണ, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര, റഹ്മാന്‍, ജയറാം, പ്രഭു, ശരത് കുമാര്‍, പാര്‍ത്ഥിപന്‍, വിക്രം പ്രഭു, ബാബു ആന്റണി, ലാല്‍, റിയാസ് ഖാന്‍, കിഷോര്‍ അശ്വിന്‍ കാകുമാനു, മോഹന്‍ റാം എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പിഎസ്2' ഏപ്രില്‍ 28-ന് ലോകമെമ്പാടും റിലീസ് ചെയ്യും. കെ സുബാസ്‌ക്കരന്റെ ലൈക്കാ പ്രൊഡക്ഷന്‍സും മണിരത്‌നത്തിന്റെ മെഡ്രാസ് ടാക്കീസും സംയുക്തമായി നിര്‍മ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'പൊന്നിയിന്‍ സെല്‍വന്‍-2' തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ ചിത്രം റിലീസ് ചെയ്യുന്നത്.

Latest News